എന്തുകൊണ്ട് നാം പ്രതികരിക്കണം?

ദുരാരോപണങ്ങള്‍ പതിവായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും തക്കതായ മറുപടി നല്‍കുകയും, അവര്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനരാഹിത്യം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വിജിലന്റ് കാത്തലിക് എന്ന ഈ കൂട്ടായ്മ രൂപം കൊണ്ടത്‌. എന്നാല്‍, പണ്ടും ഇപ്പോഴും നമുക്കിടയിലുള്ള ഒരു വിഭാഗത്തിന്റെ നിലപാട്, നമുക്കെതിരെയുള്ള ബാലിശമായ കുറ്റാരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയവും അധ്വാനവും പാഴാക്കേണ്ടതില്ല എന്നാണ്. ശരിയാണ്, നമുക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരില്‍ പലരും ഒരു മറുപടിപോലും അര്‍ഹിക്കാത്തവരാണ്. ഒരുപക്ഷെ അവരെ പറഞ്ഞു തിരുത്തുക സാധ്യവുമല്ല. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രത്യേക സാഹചര്യങ്ങള്‍ ഈ പൊതുസമൂഹത്തില്‍ രൂപപ്പെട്ടിരിക്കുന്നത് നാം പരിഗണിക്കേണ്ടതുണ്ട്.

പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുവാന്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചില ഗ്രൂപ്പുകള്‍ നമുക്കിടയില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ചിലയിടങ്ങളില്‍ അവരുടെ മുഖം ചില മാധ്യമങ്ങളുടെതാണ്, മറ്റ് ചിലപ്പോള്‍ മതമൌലികവാദികളുടെതാണ്, വേറെ ചിലപ്പോള്‍ ബിസിനസ്സ് കാരുടെതും. എന്നാല്‍, ഏറെക്കുറെ ശൈലികള്‍ ഒന്ന് തന്നെ. തങ്ങളുടെ ഇടപെടലുകള്‍ വഴിയായി അവര്‍ പതിവായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് പുരാതനവും മഹത്തരവും ദൈവികവുമായ ചില ആശയങ്ങളെയും ബിംബങ്ങളെയും തച്ചുതകര്‍ക്കുവാനും, ബദലായൊന്ന് സൃഷ്ടിക്കുവാനുമാണ്. ഇത്തരത്തില്‍ നിഗൂഡലക്ഷ്യങ്ങളുടെ വക്താക്കളായി കാണപ്പെടുന്ന ഒരു വലിയ സമൂഹത്തിലെ എല്ലാ പോരാളികളും ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് വാദിക്കാന്‍ നമുക്കാവില്ല. എന്നാല്‍, അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചില നൂലിഴകള്‍ നമുക്കിടയിലൂടെയും സഞ്ചരിക്കുന്നു.

ക്രൈസ്തവവിശ്വാസത്തിന്റെ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന ആത്മീയ കാഴ്ചപ്പാടുകള്‍ മുതല്‍ വിവിധ സഭാസമൂഹങ്ങള്‍ കാലങ്ങളായി ഏര്‍പ്പെട്ടിരിക്കുന്ന വിപുലമായ സാമൂഹിക പ്രവര്‍ത്തനശൃംഖലകള്‍ വരെ അവരുടെ ആയുധങ്ങള്‍ ലക്‌ഷ്യം വച്ചിരിക്കുന്നു. നമ്മിലൂടെ തുടര്‍ന്നുപോന്നിരുന്ന ഒരു മഹത്തായ സംസ്കാരത്തിന്റെയും, പാരമ്പര്യങ്ങളുടെയും അന്ത്യമാവാം അവര്‍ സ്വപ്നം കാണുന്നത്. അന്തിമവിജയം നന്മയുടെതാണെന്ന് നിശ്ചയം. പക്ഷെ, ഇവിടെയും ഒരു ചെറുത്തുനില്‍പ്പിന്റെ തലമുണ്ട്‌. ഏതോ അജ്ഞാതശക്തികള്‍ മനുഷ്യാത്മാക്കളെ വേര്‍തിരിച്ച് തങ്ങള്‍ക്കുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ സങ്കീര്‍ണ്ണ ഘട്ടത്തില്‍ നമ്മോടൊപ്പമുള്ളവര്‍ക്കൊന്നും സ്വന്തം വഴിയില്‍ സന്ദേഹം തോന്നാന്‍ ഇടയാവരുത്. തെറ്റിധാരണാജനകമായി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശങ്ങളില്‍ അവര്‍ക്കനുകൂലമായി പ്രതികരിക്കുന്ന വലിയൊരു സമൂഹം ക്രൈസ്തവരെ തന്നെ ഈ നാളുകളില്‍ നാം കാണുന്നുണ്ട്. വിശ്വാസവും, ആത്മീയ കാഴ്ചപ്പാടുകളും പൊതുനിരത്തുകളില്‍ കീറിമുറിക്കപ്പെടുമ്പോള്‍ അവിടെ മുറിവേല്‍ക്കപ്പെടുന്നതും, പരസ്പരം പോരാടുന്നതും പലപ്പോഴും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

തെറ്റിദ്ധരിപ്പിക്കപ്പെടലുകള്‍ക്കിടയിലും നമ്മുടെ ഇടപെടലുകള്‍ ആവശ്യം വരുന്നത് ഇവിടെയാണ്‌. ചിലര്‍ വിരിക്കുന്ന വലയില്‍ നിഷ്കളങ്കതകൊണ്ട് അകപ്പെടുന്നവരെ കണ്ടില്ലെന്ന് നടിക്കുവാനും, നമ്മുടെ തന്നെ വിശാസം പതിവായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുവാനും നമുക്കാവില്ല, അഥവാ അത് പാടില്ല. സഭാവിരുദ്ധ പ്രചരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കുറച്ചുകാലമായി ലഭിച്ചുവരുന്ന വിപുലമായ സ്വീകാര്യത അനേകം മഞ്ഞപ്പത്രങ്ങളെ, സഭയ്ക്കെതിരെയുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പ്രചോദിപ്പിക്കുന്നുണ്ട്. ഇല്ലാത്തത് സൃഷ്ടിച്ചും, ഉള്ളതിലേറെ പൊലിപ്പിച്ചും ആ വര്‍ഗ്ഗം സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതിന്റെ പിന്നിലും നമ്മുടെ യുക്തമായ പ്രതികരണങ്ങളുടെ അഭാവമാണ് പ്രധാന കാരണമായി നിലനില്‍ക്കുന്നത്. ഇനിയും നിശബ്ദത പാലിക്കുന്നത് ഇത്തരമൊരു പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായേക്കും.

കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ബാദ്ധ്യതയും, പതിവിലും മികച്ച സുതാര്യത സാമൂഹിക ഇടപെടലുകളില്‍ കാത്തുസൂക്ഷിക്കാനുള്ള ആര്‍ജ്ജവവും ഒപ്പം അവശ്യഘട്ടങ്ങളില്‍ സ്വയം പ്രഘോഷിക്കുന്നതിനുള്ള സന്നദ്ധതയുമാണ്‌ ഈ കാലഘട്ടം നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത്. ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഇത്തരമൊരു വലിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് കേരളസഭയിലെ മൂന്ന് റീത്തിൽ നിന്നുമുള്ള പ്രഗല്‍ഭരും, പ്രശസ്തരുമായ ഏതാനും വൈദികര്‍ തന്നെയാണ്. സഭാസ്നേഹികളായ ഏതാനും അല്‍മായര്‍ അവര്‍ക്ക് ശക്തിപകരുന്നു. അടിയന്തിരശ്രദ്ധ ആവശ്യമുള്ള കാര്യങ്ങള്‍ “the Vigilant Catholic” എന്ന ഫേസ്ബുക്ക് പേജ് വഴി ആര്‍ക്കും അറിയിക്കാവുന്നതാണ്. മതവിദ്വേഷത്തിനും, ജാതിചിന്തകള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു നല്ല നാളെയ്ക്കായി നമുക്ക് കരം കോര്‍ക്കാം.

https://www.facebook.com/vigilantcatholic/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.