വിക്ടോറിയ പാര്‍ലമെന്റില്‍ ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥന നിര്‍ത്തുന്ന കാര്യം പരിഗണിക്കും

ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ പാര്‍ലമെന്റില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഒരു പതിവാണ് സെക്ഷന്‍ തുടങ്ങുന്നതിനു മുന്‍പ് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി തുടങ്ങുന്നത്. ഇത് നിര്‍ത്തലാക്കണം എന്ന ആവശ്യം ഉയരുന്നതിനെത്തുടര്‍ന്നാണ് ഈ കാര്യം പരിഗണിക്കുന്നത്.

ഒരു നൂറ്റാണ്ടിലധികമായി ഒരു ദിനചര്യ പോലെ തുടര്‍ന്നുവന്നിരുന്ന ഒന്നായിരുന്നു ഈ പ്രാര്‍ത്ഥന ചൊല്ലിയുള്ള തുടക്കം. അപ്പര്‍ഹൗസില്‍ ഈ പ്രാര്‍ത്ഥന നിര്‍ത്തലാക്കുന്ന കാര്യം ഉടന്‍ ചര്‍ച്ചചെയ്യും. തുടര്‍ന്ന് നിയമനിര്‍മ്മാണ സഭയുടെയും ലേബര്‍ പാര്‍ട്ടിയുടെ പ്രത്യേക മന്ത്രിയുടെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന നിര്‍ത്തലാക്കുവാന്‍ സാധിക്കുകയുള്ളു.

ഓസ്ട്രേലിയയിലെ ഫെഡറല്‍ പാര്‍ലമെന്റിലും എല്ലാ സംസ്ഥാനങ്ങളിലെ പാര്‍ലമെന്‍റുകളിലും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നത് ഇന്നും തുടരുന്ന ഒരു പതിവാണ്. 1918 മുതല്‍ ആരംഭിച്ച ഈ പതിവ് മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും തള്ളിക്കളയുകയായിരുന്നു. മറ്റ് മതങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലാനാണ് താല്‍പര്യമെങ്കില്‍ തടസ്സം നില്‍ക്കുകയില്ല എന്ന് വിക്ടോറിയന്‍ പാര്‍ലമെന്റ് അംഗവും കത്തോലിക്കനുമായ ഡാനിയേല്‍ അന്ദ്രൂസ് അറിയിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ഓസ്ട്രേലിയയില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. അതിന്റെ ബാക്കിപത്രമായാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നതെന്ന് കരുതപ്പെടുന്നു.