പാവങ്ങളെ സൗജന്യമായി ചികിത്സിച്ച് ക്രിസ്തുസ്നേഹം പകർന്ന വെനിസ്വേലൻ ഡോക്ടർ

ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്. പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ലാറ്റിനമേരിയ്ക്കയിലെ ഒരു ഫിസിഷ്യൻ. മരുന്ന് വാങ്ങാൻ പണമില്ലാതിരുന്ന പാവങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകിയിരുന്ന ഈ ഡോക്ടറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തുവാനുള്ള അനുമതി ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം നൽകിയിരുന്നു. രണ്ടു പ്രാവശ്യം ആരോഗ്യപ്രശ്നങ്ങൾ മൂലം തിരിച്ച് വീട്ടിലേയ്ക്ക് പോകേണ്ടിവന്ന ഈ സെമിനാരിക്കാരനായി ദൈവം കാത്തുവച്ചത് അനേകർക്ക്‌ താങ്ങാകുവാനുള്ള വലിയ നിയോഗമായിരുന്നു. വായിക്കാം ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ ജീവിതം.

ആൻഡീസ് പർവ്വതത്തിലെ ഒരു വിദൂരപട്ടണത്തിലാണ് ഹെർണാണ്ടസ് ജനിച്ചത്. ആശുപത്രികളും മറ്റും വിരലിലെണ്ണാവുന്നവ മാത്രമുള്ള ആ സമയത്തും അദ്ദേഹം തലസ്ഥാന നഗരിയിൽ പോയി വൈദ്യശാസ്ത്രം അഭ്യസിച്ചു. 1888-ൽ മെഡിക്കൽ ബിരുദം നേടിയതിനുശേഷം, ഹെർണാണ്ടസിന് പാരീസിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. ബാക്ടീരിയോളജി, പാത്തോളജിക്കൽ അനാട്ടമി എന്നിവയിൽ പഠനം നടത്തിയ അദ്ദേഹം, തിരികെ വെനിസ്വേലയിൽ എത്തിയശേഷം ഒരു യൂണിവേഴ്സിറ്റി അധ്യാപകനായി. കൂടാതെ, രാജ്യത്തെ ആദ്യ ബാക്ടീരിയോളജി ലാബ് സ്ഥാപിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.

തിരക്കുകൾ ഏറെയുണ്ടെങ്കിലും പാവപ്പെട്ട ആളുകളോട് കരുണയുള്ള ഈ ഡോക്ടർ ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ വീട്ടിൽ പോയി ശുശ്രൂഷിക്കുമായിരുന്നു. അവരിൽ നിന്നും ഫീസ് വാങ്ങാതെ സൗജന്യമായി ചികിത്സിച്ച ഡോക്ടർ, അവർക്ക് ആവശ്യമായ മരുന്നുകളും വാങ്ങിനൽകിയിരുന്നു. അങ്ങനെ പാവങ്ങളുടെ ഇടയിൽ അദ്ദേഹം ഏറെ പ്രിയപ്പെട്ട ഡോക്ടറായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെനിസ്വേലയിൽ പൊതുജനാരോഗ്യ സംരക്ഷണം പരിമിതമായിരുന്നു. ഈ അവസ്ഥയിലും മരണത്തിന്റെ വക്കിൽ നിന്നും നൂറുകണക്കിന് രോഗികളെ രക്ഷപെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ അനേകരുടെ ബഹുമാനവും പ്രശംസയും ഈ കാലയളവിൽ അദ്ദേഹം നേടിയിരുന്നു. ആഴമായ വിശ്വാസമുണ്ടായിരുന്ന ഹെർണാണ്ടസ്, വൈദികനാകുവാൻ അതിയായി ആഗ്രഹിക്കുകയും 1909-ലും 1913-ലും സെമിനാരിയിൽ ചേരുകയും ചെയ്തു. എന്നാൽ അനാരോഗ്യം മൂലം അദ്ദേഹത്തിന് രണ്ടു തവണയും തിരികെപ്പോരേണ്ടിവന്നു. 1918-ലെ സ്പാനിഷ് ഇൻഫ്ലുവൻസയിൽ വലഞ്ഞ സാധാരണക്കാർക്ക് ചികിത്സയും മറ്റും നൽകുന്നതിൽ ഈ ഡോക്ടറും കൈമെയ് മറന്നു പരിശ്രമിച്ചിരുന്നു.

1919-ൽ കാരക്കാസിൽ വച്ച് ഒരു അപകടത്തിൽ ഹെർണാണ്ടസ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം ധാരാളമാളുകൾ രോഗസൗഖ്യത്തിനായി അദ്ദേഹത്തിന്റെ ശവകുടീരത്തിൽ വന്നു പ്രാർത്ഥിക്കുവാൻ തുടങ്ങി. 1975-ൽ കാരക്കാസ് അതിരൂപത അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സെമിത്തേരിയിൽ നിന്ന് നീക്കം ചെയ്യുകയും നഗരമധ്യത്തിലുള്ള ഒരു പള്ളിയിൽ സൂക്ഷിക്കുകയും ചെയ്തു. ഇതിനോടകം തന്നെ പ്രശസ്തനായ അദ്ദേഹത്തിന്റെ ഭൗതികശരീരം സൂക്ഷിക്കുന്ന സ്ഥലത്ത് പ്രാർത്ഥിക്കുവാൻ നിരവധി ആളുകൾ എത്തിയിരുന്നു. വൈകാതെ, തലച്ചോറിലെ കോശങ്ങൾ നശിച്ചതുമൂലം, നടക്കുകയും സംസാരിക്കുകയും ചെയ്യുകയില്ല എന്ന് ഡോക്ടർമാർ പറഞ്ഞ പെൺകുട്ടിയിൽ സംഭവിച്ച അത്ഭുതം വഴിയായി അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിക്കുകയായിരുന്നു. ഈ വർഷം ജൂൺ മാസമാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള അംഗീകാരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.