വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെ വത്തിക്കാനിലെ ക്രിസ്തുമസ് പരിപാടികള്‍ തത്സമയം ദൂരദര്‍ശനില്‍

വത്തിക്കാനില്‍ ക്രിസ്തുമസ് ദിനത്തില്‍ നടക്കുന്ന പാതിരാ കുര്‍ബാനയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും ഉള്‍പ്പെടെയുള്ള പരിപാടികളും ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഡിസംബര്‍ 24-ന് ഇറ്റാലിയന്‍ സമയം രാത്രി എട്ട് ഇരുപത്തിയഞ്ചു മുതല്‍ പത്തര വരെയാണ് പാതിരാ കുര്‍ബാന നടക്കുന്നത്. ഇത് ഇന്ത്യന്‍ സമയം 25-ാം തീയതി പുലര്‍ച്ചെ 1.55 മുതല്‍ നാലുമണി വരെയാണ്.

25-ന് വൈകിട്ട് 4.30 മുതല്‍ 5 മണി വരെയാണ് പാപ്പായുടെ സന്ദേശം. രണ്ടു ചടങ്ങുകളും ഡിഡി നാഷണല്‍ ചാനലിലാണ് തത്സമയം ഉണ്ടാകുക. ദൂരദര്‍ശന്റെ മറ്റു പ്രാദേശിക ചാനലുകളില്‍ പാതിരാ കുര്‍ബാന 25-ന് പുലര്‍ച്ചെയും പാപ്പായുടെ സന്ദേശം വൈകുന്നേരവും സംപ്രേഷണം ചെയ്യും. ഇതിനു പുറമെ ദൂരദര്‍ശന്റെ വെബ് സ്ട്രീമിങ്, യൂടൂബ് എന്നിവയിലും ചടങ്ങുകള്‍ തത്സമയം ലഭ്യമാകുമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.