ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പാപ്പാ നടത്തിയ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത് ലക്ഷങ്ങള്‍

ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടി നടന്ന ആഗോള ജപമാല പ്രാര്‍ത്ഥനയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കാളികളായത്. സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാപ്പയോടൊപ്പം ലൂര്‍ദ് മാതാ ഗ്രോട്ടോയുടെ മുന്നിലിരുന്ന് ജപമാല സമര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തത് ചുരുക്കം ആളുകളാണെങ്കിലും ലക്ഷകണക്കിന് വിശ്വാസികള്‍ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പങ്കുചേര്‍ന്നു.

ദൈവമാതാവായ പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ ഒരുമിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ തദവസരത്തില്‍ ആഹ്വാനം ചെയ്തു. ജപമാലയുടെ ഓരോ രഹസ്യവും പ്രത്യേക നിയോഗത്തോടൊപ്പം വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയവര്‍ സമര്‍പ്പിച്ചതും ശ്രദ്ധേയമായി. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യരംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കുവേണ്ടിയാണ് ആദ്യത്തെ രഹസ്യം സമര്‍പ്പിച്ചത്.

രണ്ടാമത്തെ രഹസ്യത്തിന് നേതൃത്വം നല്‍കിയത് കൊറോണയില്‍നിന്നും മോചിതരായവരും കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാഗങ്ങളുമാണ്. മൂന്നാമത്തെ രഹസ്യം ചൊല്ലിയത് ആശുപ്രതിയില്‍ ശുശ്രൂഷ ചെയ്യുന്ന ഒരു വൈദികന്റെയും നഴ്‌സായ ഒരു കന്യാസ്ത്രിയുടെയും നേതൃത്വത്തിലായിരുന്നു. നാലാമത്തെ രഹസ്യം നയിച്ചത് ഒരു ഫാര്‍മസിസ്റ്റും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണ്.

കൊറോണമൂലം മരണപ്പെട്ടവര്‍ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാഗങ്ങളെയുമാണ് ഈ രഹസ്യത്തില്‍ സമര്‍പ്പിച്ചത്. കൊറോണ കാലഘട്ടത്തില്‍ കുഞ്ഞിനു ജന്മം നല്‍കിയ യുവദമ്പതികളും സിവില്‍ ഉദ്യോഗസ്ഥന്റെ കുടുംബവും സംയുക്തമായാണ് അഞ്ചാമത്തെ രഹസ്യം ചൊല്ലിയത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും അതുമൂലം നഷ്ടമായ പ്രത്യാശ വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് അഞ്ചാം രഹസ്യം സമര്‍പ്പിച്ചത്.

‘ഡിവോട്ടട്ട് വിത്ത് വണ്‍ അക്കോര്‍ഡ് ടു പ്രയര്‍, ടുഗദര്‍ വിത്ത് മേരി’ എന്നതായിരുന്നു ആഗോള ജപമാല പ്രാര്‍ത്ഥനയുടെ പ്രമേയം. 2017 മുതല്‍ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് വിശേഷാല്‍ ജപാല സമര്‍പ്പണത്തിന് ചുക്കാന്‍ പിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.