സീറോ മലങ്കര ഒക്ടോബർ 27 മത്തായി 25: 31-40 സ്വർഗരാജ്യത്തിലെ ധനവാന്മാർ

ധനികനും ശക്തനും പ്രമുഖസ്ഥാനം കൊടുക്കപ്പെടുന്നിടമാണ് ഈ ലോകം. നമ്മുടെ വീട്ടിൽ നല്ല വസ്ത്രങ്ങൾ ധരിച്ച്, വിലയേറിയ ആഭരണങ്ങൾ അണിഞ്ഞുവരുന്ന അപരിചതനെ നാം ഒരുപക്ഷേ, മാന്യമായി സ്വീകരിച്ചേക്കും. എന്നാൽ കീറിപ്പറിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ചവനെ നമ്മിലാരെങ്കിലും വീടിനുള്ളിൽ കയറാൻ സമ്മതിക്കുമോ? ഒരുപക്ഷേ, ആ ദരിദ്രൻ നമ്മുടെ തന്നെ ചോരയായിരിക്കാം. എന്നിരുന്നാലും ബലഹീനനും ദരിദ്രനും സ്ഥാനം പടിക്കു പുറത്താണ്.

ഇന്നത്തെ സുവിശേഷം ലോകത്തിന്റെ ചിന്താരീതികൾക്കു വിപരീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുകയാണ്. ലോകത്തിന്റെ ദൃഷ്ടിയിൽ ഏറ്റവും എളിയവനു ചെയ്തുകൊടുക്കുന്ന നന്മകളുടെ എണ്ണമാണ് സ്വർഗരാജ്യത്തിൽ നമ്മെ ധനവാന്മാരാക്കുന്നതും ദരിദ്രരാക്കുന്നതും. നിനക്ക് തിരിച്ചുതരാൻ സാധിക്കാത്തവന് കൊടുക്കുമ്പോഴും, നിന്നെ നിന്റെ ആവശ്യനേരത്ത് താങ്ങാൻ കെൽപില്ലാത്തവനെ നീ താങ്ങുമ്പോളും ദൈവസന്നിധിയിൽ നിന്റെ സമ്പാദ്യം ഇരട്ടിക്കുന്നു.

വിശക്കുന്നവനെയും രോഗികളെയും ആവശ്യക്കാരനെയും ദൈവീകസ്നേഹത്താൽ നിറഞ്ഞ് സഹായിക്കാനും പരിചരിക്കാനും നമുക്ക് പരിശ്രമിക്കാം. ലോകത്തിന്റെ മുമ്പിലെ എളിയവരെ ദൈവമക്കളായി കണ്ടുകൊണ്ട് അവരെ ശുശ്രൂഷിക്കാനും അവരിലൂടെ ദൈവത്തെ സേവിക്കാനുമുള്ള കൃപയ്ക്കായി ആത്മാർഥമായ പ്രാർഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.