ഗാന്ധിജയന്തി ആഘോഷം വത്തിക്കാനിലും

ഒക്ടോബര്‍ രണ്ടാം തീയതി ബുധനാഴ്ച ഭാരതമക്കള്‍ ആചരിച്ച ഗാന്ധിജയന്തി വത്തിക്കാന്റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള കൗണ്‍സില്‍ സംഘടിപ്പിച്ച ഏകദിന സമാധാന സംഗമത്തിലാണ് പ്രത്യേകമായി അനുസ്മരിക്കപ്പെട്ടത്. സാമൂഹികനീതിക്കും സമാധാനത്തിനുമായി അഹിംസയുടെ മാര്‍ഗ്ഗത്തില്‍ പോരാടിയ ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ വത്തിക്കാനിലെ സംഗമം നിറസദസ്സോടെ ആദരിച്ചു. ഇന്ത്യയുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍ സിബി ജോര്‍ജ്ജ് സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

‘ലോക സമാധാനത്തിന് അഹിംസയും സഹോദര സ്‌നേഹവും’ എന്ന പ്രമേയവുമായി ചേര്‍ന്ന സമ്മേളനത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ്, നിയുക്ത കര്‍ദ്ദിനാള്‍ ആര്‍ച്ചുബിഷപ്പ് മനിഗുവേല്‍ എയ്ഞ്ചല്‍ ഗ്വിക്‌സോട്ട് അദ്ധ്യക്ഷത വഹിച്ചു.

മഹാത്മാഗാന്ധിയുടെ പ്രബോധനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി സിബി ജോര്‍ജ്ജ് പ്രസ്താവിച്ചു. ഗാന്ധിജിയുടെ ജന്മനാളില്‍ യുഎന്‍ ആചരിക്കുന്ന ആഗോള അഹിംസാദിനം അദ്ദേഹത്തിന്റെ വിശ്വശാന്തിയുടെ പ്രബോധനങ്ങള്‍ക്ക് സാക്ഷ്യമാണ്. അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതിക്കും എതിരെ ഇന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രോബോധിപ്പിക്കുന്ന കാരുണ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ചിന്തകളില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളുടെ അലയടി മുഴങ്ങി കേള്‍ക്കാമെന്നും, ലോകത്ത് സാഹോദര്യവും സമാധാനവും വളര്‍ത്തുന്നതില്‍ ഇന്നും ജനതകള്‍ക്ക് മഹാത്മ പ്രചോദനമാണെന്നും സിബി ജോര്‍ജ്ജ് തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.