2021 -ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ട മിഷനറിമാരുടെ എണ്ണം വെളിപ്പെടുത്തി വത്തിക്കാൻ ഏജൻസി

2021 -ൽ ലോകമെമ്പാടുമായി 22 കത്തോലിക്കാ മിഷനറിമാർ കൊല്ലപ്പെട്ടതായി വത്തിക്കാൻ ഏജൻസി വെളിപ്പെടുത്തി. അവരിൽ പകുതിയും ആഫ്രിക്കയിലാണെന്ന് ഫിഡെസ് വാർത്താ ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

2021 -ൽ കൊല്ലപ്പെട്ട 22 മിഷനറിമാരിൽ 13 പേർ വൈദികരും രണ്ടു പേർ സന്യാസിനികളും ഒരാൾ സന്യാസവൈദികനും ആറ് അത്മായരും ആണെന്ന് കോൺഗ്രിഗേഷൻ ഫോർ ദി ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസിന്റെ വാർത്താ ഏജൻസിയായ ഫിഡെസ് റിപ്പോർട്ട് ചെയ്തു. ആകെ കൊല്ലപ്പെട്ടവരിൽ പകുതിയും ആഫ്രിക്കയിലാണ്. ആഫ്രിക്കയിൽ തന്നെ ഏഴ് പുരോഹിതന്മാർ, രണ്ട് സന്യാസിനിമാർ, രണ്ട് അത്മായ വിശ്വാസികൾ എന്നിവർ കൊല്ലപ്പെട്ടു.

തങ്ങളുടെ വാർഷിക പട്ടികയിൽ മിഷനറിമാരെ മാത്രമല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഏതെങ്കിലും വിധത്തിൽ അജപാലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ലാറ്റിനമേരിക്കയിൽ ഏഴ് മിഷനറിമാരും ഏഷ്യയിൽ മൂന്നു പേരും യൂറോപ്പിൽ ഒരാളും കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച്, ആഫ്രിക്കയും ലാറ്റിൻ അമേരിക്കയും റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് മാറിമാറി വന്നിട്ടുണ്ട്. 2000 മുതൽ 2020 വരെ, ലോകമെമ്പാടും 536 മിഷനറിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.