ആക്രമണങ്ങൾക്കു ഇടയിലും വിശ്വാസം മുറുകെ പിടിച്ച് ഹോണ്ടുറാസിലെ ക്രൈസ്തവർ

പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും മാഫിയ സംഘങ്ങളുടെ ആക്രമണങ്ങൾക്കുമിടയിൽ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുകയാണ് ഹോണ്ടുറാസിലെ ക്രൈസ്തവർ. പ്രതിസന്ധികൾക്ക് ഇടയിലും ശക്തമായി വിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്ന ഹോണ്ടുറാസിലെ ക്രൈസ്തവവരുടെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയാണ്.

മധ്യ അമേരിക്കയിലെ പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ പ്രോജക്ടുകളുടെ നേതൃത്വം വഹിക്കുന്ന വെറോണിക്ക കാറ്റ്‌സ് ഹോണ്ടുറാസിലെ ക്രൈസ്തവർക്കിടയിൽ താമസിച്ചുകൊണ്ടാണ് അവർ നേരിടുന്ന ദുരിതങ്ങളും വേദനകളും മനസിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും ഹോണ്ടുറാസിലെ ആളുകളെ ഞെരുക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളുടെ സജീവ സാന്നിധ്യവും ഇവർ നടത്തുന്ന ആക്രമണങ്ങളും ആണ് ഈ ജനത്തിനു കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നതെന്ന് കാറ്റ്‌സ് വെളിപ്പെടുത്തി.

ആക്രമണങ്ങളും പട്ടിണിയും തൊഴിലില്ലായ്മയും സമൂഹത്തിൽ കൊടികുത്തി വാഴുമ്പോൾ ഹോണ്ടുറാസിലെ അജപാലന ശുശ്രൂഷകൾ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുവാൻ വൈദികരും വിശ്വാസം കാത്തുസൂക്ഷിക്കുവാൻ ക്രൈസ്തവരും നന്നേ പാടുപെടുന്നുണ്ട്. സംഘർഷങ്ങൾ നിമിത്തം പല സ്ഥലങ്ങളിലും ദൈവാലയ ശുശ്രൂഷകൾക്ക് പോലും മുടക്കം വരുന്നു.

ഹോണ്ടുറാസിൽ, അനിയന്ത്രിതമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് സഭയുടെ പ്രവർത്തനം എന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്. അക്രമത്തിനൊപ്പം കാറ്റ്‌സിനെ സംബന്ധിച്ചിടത്തോളം പുരോഹിതരുടെ കുറവും ഹോണ്ടുറാസിലെ ക്രൈസ്തവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പുരോഹിതരുടെ അഭാവം മറ്റു പ്രൊട്ടസ്റ്റന്റ് വിശ്വാസം കൂടുതൽ വ്യാപിക്കുന്നതിനുകാരണമായി മാറുന്നുണ്ട്. എങ്കിലും കത്തോലിക്കാ വിശ്വാസം തങ്ങളാൽ കഴിയും വിധം മുന്നോട്ട് കൊടുപോകുവാൻ ഇവർ പരിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.