ഫാ. വര്‍ഗീസ്‌ പയ്യപ്പള്ളിയെ ധന്യനായി പ്രഖ്യാപിച്ചു

കൃതജ്ഞതകളും പ്രാര്‍ത്ഥനകളും ആയി എത്തിയ ആയിരക്കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ഫാ. വര്‍ഗീസ്‌ പയ്യപ്പള്ളിയെ ധന്യനായി പ്രഖ്യാപിച്ചു. ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സിന്റെ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നടന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.

“ഫാ. പയ്യപ്പിള്ളിയുടെ വീരോചിതമായ പുണ്യങ്ങളില്‍ കരുണ സുപ്രധാനമായിരുന്നു. ആന്തരികമായ മനുഷ്യന്റെ വളര്‍ച്ചയ്ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഫാ. പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനി സമൂഹത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനശൈലിയിലും സഭയൊന്നാകെ അഭിമാനിക്കുന്നു. ധന്യനെപ്പോലെ സ്‌നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ” എന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍,എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്തു. ധന്യന്റെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്റ്രി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ പതിനാലാം തീയതിയാണ് ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യനായി ഉയര്‍ത്താനുള്ള ഔദ്യോഗികരേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.