വി. കുർബാനയുടെ തിരുനാൾ ദിനത്തിൽ ബ്രസീലിൽ നിന്ന് കണ്ണ് നിറയ്ക്കുന്ന ദിവ്യകാരുണ്യ അനുഭവങ്ങൾ

കോവിഡ്-19 എന്ന മഹാമാരി കൊടുങ്കാറ്റുപോലെ വീശിയടിക്കുന്ന ബ്രസീലിൽ നിന്ന് വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനം ദിവ്യകാരുണ്യ മിഷനറി സഭാ വൈദീകരായ രണ്ടു വൈദികരുടെ അനുഭവം. അത് നിങ്ങളുടെ ഹൃദയങ്ങളെയും സ്പർശിക്കാതെ കടന്നുപോവുകയില്ല. ബാച്ചുകാരായ അവരുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് ഈ കുറിപ്പിനാധാരം.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാ​ജ്യം ലാറ്റിൻ അമേരിക്കൻ രാജ്യമായ  ബ്രസീൽ ആണ്. ഇതു കുറിക്കുന്ന ജൂൺ മാസം പന്ത്രണ്ടിന്   8,09,398 രോഗബാധിർ. മരണസംഖ്യ 41,162. ബ്രസീലിൽ തന്നെ എറ്റവും കൂടുതൽ കോവിഡ്-19 രോഗികൾ ഉള്ളത് സാവോ പൗളോ എന്ന സംസ്ഥാനത്താണ്. ആ സംസ്ഥാനത്തിൽ തന്നെ ഏറ്റവും വേഗത്തിൽ കോവിഡ് പടർന്നുപിടിക്കുന്ന നഗരങ്ങളിലൊന്നായ ബോരു നഗരത്തിൻ്റെ അതിർത്തിയിലുള്ള അവയീ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് ഒന്നാമത്തെ വിസ്മയക്കാഴ്ച…

കണ്ണീർത്തുള്ളികൾ സമ്മാനിച്ച കാഴ്ച

ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. ജോസഫ് പൊട്ടംപ്ലാക്കൽ MCBS ആണ് ഇടവക വികാരി. മൂന്ന് ഗോത്രസമൂഹങ്ങൾ ഉൾപ്പെടെ ഏഴു കമ്മ്യൂണിറ്റികളാണ് ബോരു രൂപതാധ്യക്ഷൻ ജോസഫച്ചനെ ഭരമേല്പിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തെക്കുറിച്ച് ജോസഫച്ചൻ പറഞ്ഞ കാര്യങ്ങൾ…

കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ ഉച്ച തിരിഞ്ഞ് മൂന്നു മണിക്കായിരുന്നു വിശുദ്ധ കുർബാന. കോവിഡ് കാലമായതിനാൽ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യവുമായി പ്രദിക്ഷണം നടത്തേണ്ട അലങ്കരിച്ച വാഹനം റെഡി ആയിരുന്നു. ദിവ്യകാരുണ്യ പ്രദിക്ഷണത്തെപ്പറ്റി നഗരപാലകരെ നേരെത്തെ അറിയിച്ചിരുന്നു. കൃത്യസമയത്തു തന്നെ പോലീസിൻ്റെ അകമ്പടിയോടെ അവർ എത്തിയിരുന്നു.

രണ്ടു-മൂന്ന് അൾത്താര ശുശ്രൂഷകൾക്കൊപ്പം ദിവ്യകാരുണ്യവുമായി ഏകദേശം  നാലു മണിക്കൂർ ഇടവകയുടെ നിരത്തിലൂടെ യാത്ര ചെയ്തു. ഞങ്ങളുടെ വാഹനത്തിനു പിറകിലായി നഗരപാലകരുടെ വാഹനം അനുഗമിച്ചിരുന്നു. തങ്ങളുടെ നഗരത്തിനും നിവാസികൾക്കും വിശുദ്ധ കുർബാനയുടെ ആശീർവ്വാദം ഈ സമയത്ത് വളരെ അത്യാന്താപേഷിതമാണന്ന രീതിയിലായിരുന്നു അവരുടെ സമീപനവും ഇടപെടലുകളും. ഓരോ ഭവനത്തിനു മുമ്പിലും ദിവ്യകാരുണ്യ ഈശോയെ അവരുടെ ഭവനങ്ങളിലേയ്ക്കു സ്വീകരിക്കാനായി കൊച്ചു അൾത്താരകൾ തയ്യാറാക്കിയിരുന്നു. അവയിൽ പൂക്കൾ കൊണ്ടലങ്കരിച്ച തിരുസ്വരൂപങ്ങളും വിശുദ്ധ ഗ്രന്ഥവും. പല അൾത്താരകളും ഒരു കൊച്ചുകപ്പേള്ളയുടെ പ്രതീതിയാണ് എനിക്കു സമ്മാനിച്ചത്. ജിവിതം ആഘോഷമാക്കുന്ന ബ്രസീലുകാർ ഈശോയെ സ്വീകരിക്കുന്നതും ആഘോഷമാക്കി.

രണ്ടു മാസങ്ങളായി വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയാത്ത അവരുടെ ഹൃദയനൊമ്പരം, വിശുദ്ധ കുർബാനയ്ക്കു നേരേ നിറകണ്ണുകളോടെ കൈകൾ നീട്ടുന്ന അവരുടെ ചേഷ്ടയിൽ നിന്നു ഞാൻ വായിച്ചെടുത്തു. എൺപതു കഴിഞ്ഞവർ പോലും ഈശോയുടെ ആശീർവ്വാദം സ്വീകരിക്കാനായി പൂഴിമണ്ണിൽ മുട്ടുകുത്തി നിൽക്കുന്ന കാഴ്ച എൻ്റെ കണ്ണിലും കണ്ണീർതുള്ളികൾ സമ്മാനിച്ചു. ഗോത്രവാസികൾ അധിവസിക്കുന്ന മൂന്നു കമ്മ്യൂണിറ്റികളിലേയ്ക്ക് കോവിഡ് കാലമായതിനാൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നതിനാൽ ദിവ്യകാരുണ്യവുമായി പോകാൻ കഴിഞ്ഞില്ല എന്നതാണ് ഈ കോര്‍പ്പൂസ് ക്രിസ്റ്റി തിരുനാൾ ദിനത്തിലെ എൻ്റെ ഏകദു:ഖം, ഒപ്പം വിശുദ്ധ കുർബാനയെ അനുദിനം കൈകളിലെടുക്കാൻ ഭാഗ്യം ലഭിച്ച ഞാൻ എത്രത്തോളം അതിൻ്റെ ആഴവും അർത്ഥവും മനസ്സിലാക്കണമെന്ന ഒരു  ഉൾബോധവും.”

പത്തു മണിക്കൂർ നീണ്ട ദിവ്യകാരുണ്യ പ്രദിക്ഷണം 

ദിവ്യകാരുണ്യ വിസ്മയത്തിൻ്റെ അടുത്ത സുന്ദരകാഴ്ച സമ്മാനിക്കുന്നത് ബ്രസീലിൽ തന്നെയുള്ള സെഹീനാ രൂപതയിലെ അവുത്തോഅലഗ്രി ഇടവകയാണ്. ബൈയ്യാ സംസ്ഥാനത്തുള്ള അവുത്തോഅലഗ്രി ഇടവകയുടെ വികാരി ദിവ്യകാരുണ്യ മിഷനറി സഭാംഗം തന്നെയായ ഫാ: നോബി പനച്ചിക്കാലയിൽ MCBS ആണ്. 12,000 ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഇടവകയിൽ അച്ചന് 18 കമ്മ്യൂണിറ്റികളാണ് അജപാലനശുശ്രൂഷയ്ക്കായി നൽകിയിരിക്കുന്നത്.

വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിൽ ഇതിൽ പതിനഞ്ച് കമ്മ്യൂണിറ്റികളിൽ ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താൻ സാധിച്ചതിൻ്റെ ചാരിതാർത്ഥ്യം ടെലിഫോൺ സംസാരത്തിൽ നോബി അച്ചൻ മറച്ചുവച്ചില്ല. രാവിലെ 8 മണി മുതൽ വൈകിട്ട് ആറര മണി വരെ  ദീർഘിച്ച വിശുദ്ധ കുർബാന പ്രദിക്ഷണത്തില്‍ അര മണിക്കൂർ ഭക്ഷണം കഴിക്കാനായി മാറ്റിവച്ചതല്ലാതെ 10 മണിക്കൂറും വിശുദ്ധ കുർബാന അടക്കം ചെയ്തിരുന്ന അരുളിക്ക നോബിയച്ചൻ്റെ കരങ്ങളിലായിരുന്നു. അത് പൗരോഹിത്യശുശ്രൂഷയിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കാൻ ഒരുങ്ങുന്ന നോബിയച്ചനു ലഭിച്ച ഒരു വലിയ സമ്മാനമായിരുന്നു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റികളിൽ വിശുദ്ധ കുർബാന സാധ്യമാകാത്തതിനാലാണ് അവിടേയ്ക്ക് ദിവ്യകാരുണ്യമായി കടന്നുചെല്ലുക എന്ന ആശയം നോബിയച്ചനു തോന്നിയത്.

നോബിയച്ചൻ്റെ വാക്കുകളിലേയ്ക്ക്… 

രാവിലെ 8 മണിക്കു തന്നെ ദിവ്യകാരുണ്യ പ്രദിക്ഷണത്തിനുള്ള വാഹനം തയ്യാറായിരുന്നു. അൾത്താര ശുശ്രൂഷകർക്കൊപ്പം ഈശോയെ കരങ്ങളിൽ വഹിച്ചുകൊണ്ട് തുറന്ന വാഹനത്തിൽ കയറുമ്പോൾ, പ്രത്യേകം എഴുതി തയ്യാറാക്കിയ പ്രാർത്ഥന മുഴങ്ങി. “രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഈശോ ഗലീലിയയിലൂടെ ചുറ്റിനടന്ന് രോഗികളെ സുഖപ്പെടുത്തിയതുപോലെ, നിങ്ങൾക്ക് ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം നൽകാൻ ജീവിക്കുന്ന ദൈവം ഇന്നു നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.”

ദിവ്യകാരുണ്യ ഈശോയ്ക്കു കടന്നുവരാൻ പൂക്കളമൊരിക്കിയിരുന്നു മിക്ക ഭവനങ്ങളിലും, പൂക്കളിൽ ചവിട്ടാതെ അരുളിക്കയുമായി നീങ്ങിയപ്പോൾ… അച്ചാ, ഈശോയെ ഞങ്ങളുടെ പൂക്കളത്തിനു മുകളിലൂടെ നടത്തിക്കൊണ്ടു വരണം എന്ന് എഴുപതു കഴിഞ്ഞ ഒരമ്മച്ചി വിളിച്ചുപറഞ്ഞു. പ്രദിക്ഷണമായി നിരത്തുകളിലുടെ നിങ്ങുമ്പോൾ കൊച്ചുകുട്ടികൾ പോലും അമ്മമാരോടൊപ്പം നിലത്ത് മുട്ടുകുത്തി, ഈശോയെ ഞങ്ങളെ കാക്കണമേ എന്ന പ്രാർത്ഥന ചെല്ലുന്നത് പലപ്പോഴും കേൾക്കാമായിരുന്നു.

വെള്ളത്തുണികൾ വിരിച്ച് മിക്ക ഭവനങ്ങളും അലങ്കരിച്ചിരുന്നു. സമയം നാലു മണിയായി കാണും. എനിക്കല്പം ക്ഷീണമുണ്ട്. പക്ഷേ, ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടു കുതിക്കാൻ ദൈവം ചില ‘മരുന്നുകൾ’ ഒരുക്കിവയ്ക്കാറുണ്ട്. ഇത്തവണയും അതു ഞാൻ അനുഭവിച്ചു. ദിവ്യകാരുണ്യവുമായി ഒരു വീടിൻ്റെ മുമ്പിലെത്തി ഉമ്മറത്തു നിന്ന മകൾക്ക് ആശീർവ്വാദം നൽകി മടങ്ങാനൊരുങ്ങുമ്പോൾ ‘പാദ്രേ നോബി’ എന്നൊരു വിളി. പ്രായമായ എൻ്റെ അപ്പനും അമ്മയ്ക്കും ഒരു ആശീർവ്വാദം നൽകാമോ? അവർ ഒത്തിരി അതിനായി ആഗ്രഹിക്കുന്നു.

പൂർണ്ണമനസ്സോടെ അല്ലെങ്കിലും ഞാൻ വീടിൻ്റെ അകത്തു കയറി 

എൺപതു വയസ്സു കഴിഞ്ഞ വൃദ്ധദമ്പതികൾ, വിശുദ്ധ കുർബാനയുമായി മുറിയില്‍ കടന്നതേ അവർ കട്ടിലിൽ എണീറ്റിരുന്നു. അരുളിക്ക വണങ്ങി പ്രാർത്ഥിക്കാൻ തുടങ്ങി. ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് കൈകൾ നീട്ടി ലോകം മുഴുവനുവേണ്ടിയും പ്രത്യേകിച്ചു, ബ്രസീലുകാർക്കു വേണ്ടിയും അവർ പ്രാര്‍ത്ഥിച്ചു. ഇറങ്ങാന്‍നേരം, ഈശോയെ ഞങ്ങളൊടൊപ്പം വസിക്കണമേ.. ഞങ്ങളെ വിട്ടിട്ടു പോകല്ലേ എന്ന് എൺപതു കഴിഞ്ഞവർ നിലവിളിച്ചപ്പോൾ വർഷങ്ങൾക്കിപ്പുറം ദൈവശാസ്ത്ര പഠനകാലത്ത് “നാഥാ ഞങ്ങളൊടുത്തു വസിക്കണമേ” എന്ന ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുവെഴുത്ത് അധ്യാപകൻ പഠിപ്പിച്ചതിൻ്റെ അർത്ഥം എനിക്കു പൂർണ്ണമായും മനസ്സിലായി. പിന്നീടുള്ള പ്രദിക്ഷണത്തിൽ എൻ്റെ അധരങ്ങൾ ഞാനറിയാതെ തന്നെ പലതവണ മന്ത്രിച്ചു “നാഥാ, ഞങ്ങളൊടുത്ത് വസിക്കണമേ…” ആരാധന ശേഷം ഞാൻ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഈശോ കൂടെ വസിക്കുന്ന അനുഭവമാണ് എനിക്കു സമ്മാനിച്ചത്.

കോവിഡ് മഹാമാരിയാൽ വലയുന്ന ബ്രസീലിയൻ ജനതയ്ക്കുള്ള ആശ്വസതൈലമായിരുന്നു കോർപ്പൂസ് ക്രിസ്റ്റി തിരുനാളിനോടനുബന്ധിച്ച്ചുച് ഇടവകകളിൽ നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ. അമർത്യതയുടെ ഔഷധമായ വിശുദ്ധ കുർബാന നൽകുന്ന ശക്തിയിൽ ഈ കോറോണയും കടന്നുപോകും എന്നാണ് 2008 വൈദീകരായ ഈ ബാച്ചുകാരുടെ ഉറച്ച വിശ്വസം.

പ്രിയ ജോസഫച്ചാ, നോബിയച്ചാ… നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. മിഷനറി ജീവിതത്തിന് തുടർഭാവുകങ്ങൾ. ഇനിയും ദിവ്യമായ വിസ്മയക്കാഴ്ചകൾ നിങ്ങളുടെ പ്രേഷിതയാത്രയിൽ മഴവിൽ വിരിക്കട്ടെ.

ഫാ. ജെയ്സൺ കുന്നേൽ MCBS

1 COMMENT

  1. പ്രിയ അച്ചന്മാരെ നിങ്ങളുടെ പ്രേഷിത ശുശ്രൂഷകൾക്കു പ്രാർത്ഥനാശംസകൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.