സമാധാനം കണ്ടെത്താൻ വി. മദർ തെരേസ നിർദ്ദേശിക്കുന്ന എളുപ്പവഴി

ഈ ക്രിസ്തുമസ് കാലത്ത് നാം ഏറെ കേൾക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വാക്കുകളാണ്, ക്രിസ്തു ജനിച്ചപ്പോൾ മാലാഖമാർ ആലപിച്ച ‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ഗാനം. ഈ വരികളിൽ മുഴങ്ങിക്കേൾക്കുന്ന ‘സമാധാനം’ എന്ന വാക്ക് നമ്മുടെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്കിടയിൽ സമാധാനം കണ്ടെത്തുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. ജീവിതത്തിൽ അസ്വാരസ്യമുണ്ടാക്കിയവരുമായി സമാധാനത്തിൽ കഴിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

‘സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു’ എന്ന് നമ്മെ ഓർമ്മിപ്പിച്ച മദർ തെരേസയുടെ സമയോചിതമായ ഉപദേശം ഈ അവസരത്തിൽ നമുക്ക് പ്രയോജനപ്പെടുത്താം. ഇത് പ്രാവർത്തികമാക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ളതായി നമുക്ക് തോന്നിയേക്കാം. എന്നാൽ മദർ തെരേസയുടെ ഈ ഉപദേശം നമുക്ക് എങ്ങനെ കൂടുതൽ സമാധാനം കണ്ടെത്താമെന്ന് കൃത്യമായി പറയുന്നു.

ചിലപ്പോൾ നിങ്ങൾക്ക് ദേഷ്യം അനുഭവപ്പെടുന്ന സമയങ്ങളിൽ ആരെങ്കിലും നിങ്ങളെ നോക്കി ഒരു പുഞ്ചിരി സമ്മാനിക്കുകയാണെങ്കിൽ, വളരെ വേഗത്തിൽ തന്നെ നിങ്ങളുടെ ഹൃദയത്തിൽ ഒരു സന്തോഷം അനുഭവപ്പെടും. മറ്റുള്ളവർ അകാരണമായി ശല്യപ്പെടുത്തുന്ന സമയങ്ങളിൽ മനസ് അസ്വസ്ഥമാകാം. ഒരു പുഞ്ചിരിയിലൂടെ ഹൃദയം ശാന്തമാവുകയും മനസ് സമാധാനം അനുഭവിക്കുകയും ചെയ്യും.

ഒരു പുഞ്ചിരി ലഭിക്കുമ്പോൾ നമുക്ക് സന്തോഷം തോന്നുന്നെങ്കിൽ, നമ്മുടെ ഒരു പുഞ്ചിരി കൊണ്ട് അനേകരെ നേടാനും നന്മയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. പുഞ്ചിരി സമാധാനം നൽകുന്നെങ്കിൽ ഒരുപക്ഷേ, ഈ ലളിതമായ പേശിചലനങ്ങൾ അസംഖ്യം പ്രശ്നങ്ങളെയും പരിഹരിച്ചേക്കാം. അതുകൊണ്ട് സമാധാനം നിറയാൻ പുഞ്ചിരി ജീവിതത്തിന്റെ ഭാഗമാക്കാം.

ഐശ്വര്യ സെബാസ്ററ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.