പുതുവർഷം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർക്കായി ചില നിർദ്ദേശങ്ങൾ

പുതിയ ഒരു വർഷം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ള ജീവിതത്തിൽ നിന്ന് ഒരു മാറ്റം പലരും ആഗ്രഹിക്കുന്ന സമയമാണ് പുതുവർഷ സമയം. പലർക്കും നന്നാവണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ എവിടെ നിന്ന് തുടങ്ങണം എന്ന് അറിയില്ല. ഇത്തരം ആളുകൾക്കായി ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്.

സ്വയം നന്നാവണം എന്ന ചിന്ത ഓരോ വ്യക്തിയിലും ഉണ്ടാകുമ്പോഴേ ഉറപ്പുള്ള തീരുമാനങ്ങളും മാറ്റങ്ങളും ഉണ്ടാകു. അതിനായി ആദ്യം ചെയ്യേണ്ട കാര്യം ആത്മശോധന ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ്. തന്റെ ജീവിതത്തിലെ പാളിച്ചകൾ, പിഴവുകൾ ഇവ കണ്ടുപിടിക്കണം. എങ്കിലേ മാറ്റങ്ങൾ വരുത്തുവാൻ കഴിയുകയുള്ളു. പിന്നെ ഒരു കാര്യം, മാറ്റങ്ങൾ ഉണ്ടാവുക എന്നത് ഒരു ദിവസം കൊണ്ട് നടക്കുന്നതല്ല. അതിന് നാളുകൾ വേണം. സ്വയം നന്നാവാൻ ഒരു തീരുമാനം എടുത്തു, പക്ഷെ ഇടയ്ക്കു എപ്പോഴെങ്കിലും സ്വയം തോറ്റുപോയി എന്ന തോന്നലുകൾ ഉണ്ടാകാം. അത് സ്വാഭാവികമാണെന്ന് കരുതി മുന്നോട്ട് പോവുക. കുറവുകൾ തിരുത്തി മുന്നോട്ട് പോകുവാൻ ഉറച്ച തീരുമാനം എടുക്കുന്നവർക്കാണ് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയുക. അതിനു സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ:

1. താൻ എവിടെ നിൽക്കുന്നു എന്ന് കണ്ടെത്തുക 

ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ആദ്യത്തെ കാര്യമാണ് ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് കണ്ടെത്തുക. തന്റെ ഇപ്പോഴത്തെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉത്തമബോധ്യം ഉള്ളവർക്കേ അവിടെയൊക്കെ മാറ്റം വരുത്തുവാൻ കഴിയൂ. അതിനാൽ ആദ്യം നാം എന്താണ്, എങ്ങനെയാണ് എന്ന് കണ്ടെത്തുക.

ഓരോ ദിവസവും ഞാൻ ഇന്ന് എങ്ങനെയാണു എന്റെ ജീവിതം ചിലവഴിച്ചത് എന്ന് സ്വയം ചോദിക്കുവാനും അന്നത്തെ ദിവസത്തെ വിലയിരുത്തുവാനും കഴിയണം. അപ്പോൾ തെറ്റുകൾ കണ്ടെത്തുവാനും അത് ഒഴിവാക്കി ജീവിക്കുവാനും ഉള്ള പ്രേരണയിലേയ്ക്ക് നയിക്കും.

2. സ്വയം അംഗീകരിക്കുക 

മാറ്റങ്ങൾ വരുത്തണം എന്ന് ആഗ്രഹം ഉള്ളവർ ചെയ്യേണ്ട അടുത്ത കാര്യം സ്വയം അംഗീകരിക്കുക എന്നതാണ്. എന്റെ പ്രശ്‌നങ്ങൾ ഇതാണ്, ഞാൻ എങ്ങനെയൊക്കെയാണ് പെരുമാറുന്നത് എന്ന സത്യം അംഗീകരിക്കാം. അതിലേയ്ക്ക് നമ്മെ നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാം, അംഗീകരിക്കാം. നമ്മുടെ പരിധികൾ തിരിച്ചറിയാം. അതിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരാം.

3. മറ്റുള്ളവരിൽ നിന്ന് നന്മകളും നല്ലതും മാത്രം സ്വീകരിക്കാം 

മറ്റുള്ളവരിൽ കാണുന്ന നല്ല ഗുണങ്ങൾ അംഗീകരിക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യാം. അവരിൽ നിന്ന് നന്മ സ്വീകരിക്കാം. ഒരിക്കലും അവരെ അനുകരിക്കാൻ ശ്രമിക്കരുത്. അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ കൊണ്ടെത്തിക്കുകയേ ഉള്ളു.

4. വിശകലനം ചെയ്യാം 

നമ്മുടെ പ്രവർത്തികളെ കുറിച്ച് ചിലപ്പോൾ നമുക്ക് നല്ലതു മാത്രമേ പറയാൻ ഉണ്ടാവൂ. ഒരു പ്രവർത്തിയെ ശരിയാണെന്ന് സ്ഥാപിക്കുവാനായി പല ന്യായങ്ങളും കണ്ടെത്താം. ഇത്തരം അവസരത്തിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നാം ചെയ്തത് ശരിയാണോ എന്ന് ചിന്തിക്കാം. ഞാൻ ഇങ്ങനെ ജീവിക്കുമ്പോൾ അത് എന്റെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന ചിന്ത, അത് അവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചാണോ ഞാൻ ജീവിക്കുന്നത് എന്ന ചിന്ത കൂടുതൽ നന്മകളിലേയ്ക്ക് നമ്മെ നയിക്കും.

5. നമ്മിലെ നന്മയുടെ വശം കണ്ടെത്താം

മാറ്റങ്ങൾ വരുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം ജീവിതത്തിലെ തെറ്റുകളെക്കുറിച്ച് മാത്രം അവബോധം ഉണ്ടായാൽ പോരാ. നന്മകളെക്കുറിച്ചും അവബോധം ഉണ്ടാകണം. ആ നന്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആ നല്ല കാര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണം.

6. ആലോചിക്കാം രണ്ടു പ്രാവശ്യം  

നന്മ ചെയ്യുവാനുള്ള ഒരാളുടെ ആഗ്രഹം അത് നന്മയിലേക്ക് മാത്രമേ ഒരാളെ നയിക്കൂ. എന്തുകാര്യം ചെയ്യുന്നതിന് മുൻപ് രണ്ടു പ്രാവശ്യം ചിന്തിക്കണം എന്ന് മുതിർന്നവർ പറയും. അതിന്റെ അർഥം ആദ്യത്തേതിൽ നാം നമ്മുടെ ഭാഗത്തു നിന്ന് മാത്രമേ ചിന്തിക്കൂ. രണ്ടാമത്തെ ചിന്ത കൂടുതൽ വിശദമായ ചിന്തയിലേക്ക് നമ്മെ നയിക്കും. ഇവിടെ മറ്റുള്ളവരുടെ വികാരവിചാരങ്ങൾക്കു കൂടി സ്ഥാനം ഉണ്ടാകും. ഒപ്പം നമ്മുടെ നന്മയിലേക്കുള്ള വഴിയും ആവും അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.