പ്രിയ മാതാപിതാക്കളേ മക്കള്‍ ഈശോയോടൊപ്പം പഠിക്കട്ടെ…

സ്കൂള്‍ തുറന്നു. മഴക്കാലം വരവായി. രണ്ടു മാസത്തോളം നീണ്ടു നിന്ന അവധിക്കാലത്തോട് വിടപറഞ്ഞു കുട്ടികള്‍ സ്കൂളിലേയ്ക്ക് യാത്ര തുടങ്ങി.പഠന കാര്യത്തില്‍ കുഞ്ഞുങ്ങളെക്കാള്‍ ആധിയാണ് ഇന്നു പല മാതാപിതാക്കള്‍ക്കും. അവരെ കണ്ടു പഠിക്ക് , ഇങ്ങനെ പഠിക്ക്, ട്യൂഷന് പോകെടാ… തുടങ്ങിയ ശകാരങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ഇടയില്‍ എത്ര മാതാപിതാക്കള്‍ ‘ഈശോയെ കൂട്ട് പിടിച്ച് പഠിക്ക്’ എന്ന് പറയുന്നുണ്ട്. എണ്ണം എടുക്കാന്‍ ശ്രമിച്ചാല്‍ നിരാശയാകും ഫലം.

കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ എല്ലാം നല്‍കുവാനുള്ള തിരക്കിനും അലച്ചിലുകള്‍ക്കും ഇടയില്‍ പലപ്പോഴും പരമ പ്രധാനമായത് നല്‍കുവാന്‍ മാതാപിതാക്കള്‍ മറക്കുന്നു. എല്ലാ അനുഗ്രഹവും കൃപകളും നല്‍കുന്ന ദൈവത്തെെ, ആ ദൈവത്തിലുള്ള വിശ്വാസത്തെ.  ആ ദൈവത്തെ നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ അവര്‍ക്ക് ആവശ്യമായത് എല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും. അതിനു നിങ്ങളെ സഹായിക്കുന്ന ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ഇതാ :

1 . കഴിയുന്നിടത്തോളം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിക്കാം 

വിശുദ്ധ കുര്‍ബാന നമ്മുടെ ആത്മീയ ഭക്ഷണമാണ്. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെ ആത്മീയ ജീവിതത്തില്‍ വളരുവാനും ദൈവത്തോട് ചേര്‍ന്ന് വളരുവാനും ഉള്ള ശക്തി ലഭിക്കുന്നു. ഒപ്പം തന്നെ പഠനത്തിന്റെതായ സമ്മര്‍ദ്ദങ്ങളെ ഈശോയ്ക്കു കൊടുത്ത് കൊണ്ട് പ്രതീക്ഷയോടെയും സമാധാനത്തോടെയും പഠനത്തില്‍ മുന്നേറുവാന്‍ ഈ ശീലം സഹായിക്കും. അതിനാല്‍ കഴിയുന്ന ദിവസങ്ങളില്‍ എല്ലാം കുട്ടികളെ വിശുദ്ധ കുര്‍ബാനയ്ക്ക് പറഞ്ഞയയ്ക്കുക.

2 . സന്ധ്യാ പ്രാര്‍ത്ഥന മുടക്കാതിരിക്കാം

പഠനത്തിന്റെ പേരില്‍ കുട്ടികളെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ നിന്നും മാറ്റി നിര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ മറ്റെല്ലാം കഴിഞ്ഞു ചെയ്യേണ്ട ഒന്നാണ് സന്ധ്യാ പ്രാര്‍ത്ഥന എന്ന ചിന്ത കുട്ടികളില്‍ ഉളവാകുകയും അവരുടെ ആത്മീയ ജീവിതത്തെ അത് തകര്‍ക്കുകയും ചെയ്യും.

3 . പഠനത്തിന്റെ പേരില്‍ കുട്ടികളെ പള്ളിയില്‍ നിന്ന് അകറ്റരുത്

പഠനത്തിന്റെ പേരില്‍ കുട്ടികളെ ദേവാലയത്തില്‍ നിന്നും ദേവാലയ കാര്യങ്ങളില്‍ നിന്നും വിലക്കുന്ന പ്രവണത ഇന്ന് വര്‍ധിച്ചു വരുകയാണ്. ഞായറാഴ്ചകളില്‍ പോലും കോച്ചിങ്ങും മറ്റും. എന്നാല്‍ ആത്മീയ കാര്യങ്ങളില്‍ നിന്ന് അകന്നുള്ള ജീവിതം കുട്ടികളുടെ ഭാവിയെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളു എന്ന് തിരിച്ചറിയുക. ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയാലും ജീവിതത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ ലഭ്യമായില്ലെങ്കില്‍ അവര്‍ പഠിച്ചതൊക്കെ വെറുതെയാകും.

4. കുഞ്ഞുങ്ങള്‍ക്ക്‌ കൂട്ടുകാരനായ ഈശോയെ പകരാം 

കുട്ടികളുടെ ജീവിതത്തില്‍ സുഹൃത്തിന് പ്രധാന ഒരു റോള്‍ ഉണ്ട്. ആ റോള്‍ ഈശോ ഏറ്റെടുക്കട്ടെ. നല്ല ഒരു സുഹൃത്തായി ഈശോയെ പരിചയപ്പെടുത്തുവാന്‍ മാതാപിതാക്കളും ശ്രമിക്കണം. പഠന ശേഷം ഈശോയുമായി സംവദിക്കുന്ന ഒരു ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം . കണ്ണുകള്‍ അടച്ച് ഉറങ്ങുന്നതിനു മുന്‍പ് ഈശോയുമായി  സംസാരിക്കുവാന്‍, പ്രാര്‍ത്ഥിക്കുവാന്‍ കുട്ടികളെ ശീലിപ്പിക്കണം. അത് കുട്ടികളില്‍ ഈശോയുമായി ആഴമായ ഒരു ബന്ധം സൃഷ്ടിക്കുവാന്‍ കാരണമാകും.

5 . ബൈബിള്‍ വായനയോടെ പഠനം തുടങ്ങാം

കുട്ടികള്‍ക്ക് സ്വന്തമായി ഒരു ബൈബിള്‍ ഉണ്ടായിരിക്കട്ടെ. അത് ദിവസവും ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കണം. വിശുദ്ധ ഗ്രന്ഥം വായിച്ചു കൊണ്ട് പഠിക്കാന്‍ ആരംഭിക്കട്ടെ. അത് അവരില്‍ ആത്മീയമായ ഒരു ഉണര്‍വിനും ശ്രദ്ധയോടെയുള്ള പഠനത്തിനും കാരണമാകും. ഒപ്പം തന്നെ ജപമാല പ്രാര്‍ത്ഥന ചൊല്ലുവാനും പരിശുദ്ധ അമ്മയിലൂടെ ഈശോയിലെയ്ക്ക് നമ്മുടെ പ്രയാസങ്ങളെ സമര്‍പ്പിക്കുവാനും പഠിപ്പിക്കാം.