ഞങ്ങളെ നോക്കി നിന്ന ഞങ്ങളുടെ വിശുദ്ധ അല്‍ഫോന്‍സാമ്മ

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയെ നേരിട്ടുകാണാനും പരിചയപ്പെടാനും പല പ്രാവശ്യം സംസാരിക്കാനും സാധിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എന്റെ ഓര്‍മ്മയിലുള്ള ചില കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു. 1938 -ല്‍ എന്റെ ജേഷ്ഠസഹോദരി സി. മേരി മേഴ്‌സി ഭരണങ്ങാനം ക്ലാരമഠത്തില്‍ ചേര്‍ന്നു. അന്നെനിക്ക് അഞ്ച് വയസ്സായിരുന്നു. അക്കാലം മുതല്‍ മിക്കപ്പോഴും മഠത്തില്‍ കൊച്ചമ്മയെ കാണാന്‍ (ചേച്ചിയെ ഞങ്ങള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്) പോകുമായിരുന്നു.

അന്നൊന്നും അല്‍ഫോന്‍സാമ്മയെക്കുറിച്ച് അറിയില്ലായിരുന്നു. 1942-ല്‍ ഞാന്‍ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നു. അന്ന് സി. മേഴ്‌സി മലയാളം സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഒരു കാലമായിരുന്നു മഠത്തിന്. അതുകൊണ്ട് ആര്‍ക്കും പ്രത്യേക പരിഗണനയൊന്നും കൊടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന ദിവസങ്ങളിലെല്ലാം ഓരോ കുപ്പി പാല്‍ കൊച്ചമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കുമായിരുന്നു. വി. അല്‍ഫോന്‍സാമ്മയുടെ മുറിയുടെ തൊട്ടിപ്പുറത്തെ മുറിയുടെ ജനാലപ്പടിയിലാണ് പാല്‍ കൊണ്ടുപോയി വച്ചിരുന്നത്.

മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ ജനാലയ്ക്കരുകില്‍ വി. അല്‍ഫോന്‍സാമ്മ, ഞങ്ങളെ നോക്കി നില്‍പ്പുണ്ടായിരിക്കും. കൈയ്യില്‍, ഒരു ചാമ്പങ്ങയോ, ഒരു കാശുരൂപമോ, ഒരു കുഞ്ഞുമാങ്ങയോ എന്തെങ്കിലും ഉണ്ടായിരിക്കും. അത് എനിക്ക് തരും. എന്നിട്ടു ചോദിക്കും, ”കൊച്ചമ്മയോട് എന്തെങ്കിലും പറയാനുണ്ടോ..? വീട്ടില്‍ എന്നാ ഉണ്ട് വിശേഷം..?” ആ മുഖത്തിന്റെ ശോഭയും ചൈതന്യവും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അക്കാലത്ത് രോഗികള്‍ മാത്രമേ വെള്ളയുടുപ്പ് ധരിക്കാറുള്ളൂ. ഞാന്‍, അല്‍ഫോന്‍സാമ്മയെ വെള്ളയുടുപ്പ് ഇട്ടുമാത്രമേ കണ്ടിട്ടുള്ളൂ. സദാ പുഞ്ചിരിക്കുന്ന മുഖം. ഒരു നിത്യരോഗിയുടെ ഭാവമൊന്നും ആ മുഖത്ത് കണ്ടിട്ടില്ല. നല്ല മാലാഖ പോലിരിക്കുന്നു എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അറ്റാച്ച്ട് ബാത്തുറൂം ഒന്നുമുല്ലാതിരുന്ന അക്കാലത്ത് ആരുടെയെങ്കിലും കൈയ്യില്‍ പിടിച്ച്, ഞങ്ങളുടെ സ്‌കൂളിനു താഴെയായി സിസ്റ്റേഴ്‌സിന്റെ പൊതു കക്കൂസിലേയ്ക്ക് നടന്നുവരുന്നത് കുട്ടികള്‍ നോക്കിനില്‍ക്കുമായിരുന്നു. ”ദേ, പുണ്യവതിയമ്മ പോകുന്നു” എന്ന് ഞങ്ങള്‍ പറയും.

1942-ല്‍ എന്റെ അപ്പന് ന്യുമോണിയ ബാധിച്ച് അസുഖം കലശലായി. മഠത്തില്‍ പ്രത്യേക ആരാധനയും നൊവേനയും പ്രാര്‍ത്ഥനയും ഒക്കെ നടത്തുന്നുണ്ടായിരുന്നു. അന്ന് ജൂനിയര്‍ സിസ്റ്ററായിരുന്ന എന്റെ കൊച്ചമ്മയ്ക്ക് വീട്ടില്‍ വരാനോ, അപ്പനെ കാണാനോ അനുവാദം ഇല്ലായിരുന്നു. അസുഖം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അന്നത്തെ മദര്‍ ഉര്‍സുലാമ്മ, അല്‍ഫോന്‍സാമ്മയോട്, ”മേഴ്‌സിയുടെ അപ്പനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചേ, കൊച്ചുകുട്ടികളൊക്കെ ഉള്ള ആളാണല്ലോ” എന്നു പറഞ്ഞപ്പോള്‍ അല്‍ഫോന്‍സാമ്മ പറഞ്ഞു. ”അമ്മേ ഞാന്‍ നാളെ പറയാം” എന്ന്. പിറ്റേദിവസം രാവിലെ അല്‍ഫോന്‍സാമ്മ മദറിനെ വിളിച്ചുപറഞ്ഞു. ”എന്റെ അമ്മേ, ആ മനുഷ്യന്‍ മരിക്കണമെന്നാണ് ദൈവതിരുമനസ്സ്” എന്ന്. മൂന്നാം ദിവസം അപ്പന്‍ മരിക്കുകയും ചെയ്തു. കരഞ്ഞുതളര്‍ന്ന ഞങ്ങളുടെ കൊച്ചമ്മയെ ആശ്വസിപ്പിച്ച് സമാധാനിപ്പിച്ചത് അല്‍ഫോന്‍സാമ്മ ആയിരുന്നു.

എന്റെ അനുജത്തി കുട്ടിയമ്മ – ഇന്ന് സി. സിസിലിയാ, മഠത്തില്‍ ചെല്ലുമ്പോഴെല്ലാം അല്‍ഫോന്‍സാമ്മയുടെ മുറിയിലേക്ക് ഓടിച്ചെല്ലും. ആ കട്ടിലില്‍ അമ്മയോടു ചേര്‍ന്നുനിന്ന് എന്തൊക്കയോ സംസാരിച്ചുകൊണ്ടിരിക്കും രണ്ടുപേരും കൂടി. മറ്റ് സിസ്റ്റേഴ്‌സ് അവളോട് ചോദിക്കും, ”ഇതില്‍ ഏതാണ് നിന്റെ കൊച്ചമ്മ” എന്ന്. ഉടനെ അല്‍ഫോന്‍സാമ്മയെ കെട്ടിപ്പിടിച്ച്, ”ഇതാ എന്റെ കൊച്ചമ്മ” എന്ന് പറയുമായിരുന്നു.

അമ്മയ്ക്കും ഞങ്ങളോട് പ്രത്യേക വാത്സല്യമായിരുന്നു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പബ്‌ളിക് പരീക്ഷയായിരുന്നു. ഹോള്‍ ടിക്കറ്റും വാങ്ങി എല്ലാവരും കൂടി അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ എല്ലാവരും ജയിക്കും. ഞാന്‍ പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞു. അതുപോലെ എല്ലാവരും പാസ്സാവുകയും ചെയ്തു. പിറ്റേ വര്‍ഷം പാലാ സെന്റ് മേരീസില്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു.

പിന്നീട് എന്റെ സഹോദരന്‍ (ഇന്ന് ഫാ. ആന്റണി മുക്കന്‍തോട്ടം) ആയിരുന്നു പാല്‍ കൊണ്ടുപോയി കൊടുത്തിരുന്നത്. ഒരു ദിവസം പാലുമായി ചെന്നപ്പോള്‍ കൊച്ചമ്മ വന്നു പറഞ്ഞു, അല്‍ഫോന്‍സാമ്മ മരിച്ചു എന്ന്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് അധികംപേരും അറിഞ്ഞിരുന്നില്ല മരണവിവരം. ഞാന്‍ സ്‌കൂളിലേയ്ക്ക് നടക്കുമ്പോള്‍, പാലാ ടൗണ്‍ അടുക്കാറായപ്പോള്‍, ബഹു. മദര്‍ ഉര്‍സുലാമ്മ നടന്നുവരുന്നു. ഉര്‍സുലാമ്മ അന്ന് കൊഴുവനാലായിരുന്നു. എന്നെ കണ്ടതേ മദര്‍ പറഞ്ഞു. ”അച്ചാമ്മേ, നമ്മുടെ അല്‍ഫോന്‍സാമ്മ മരിച്ചു” എന്ന്. ഇന്ന് അടക്കാണെന്നും.

തിരിച്ചുപോയി സംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള ബുദ്ധിയൊന്നും അന്ന് തോന്നിയില്ല. അതിനുള്ള യോഗ്യത എനിക്കില്ലായിരുന്നിരിക്കാം. അമ്മ ജീവിച്ചിരുന്ന കാലത്ത് ഞങ്ങളുടെ വീട്ടില്‍ ജനിച്ച കുട്ടികളെ മഠത്തില്‍ കൊണ്ടുചെല്ലുമ്പോള്‍ അമ്മ വന്ന് തൊട്ടുതലോടിയിട്ട് പറയുമായിരുന്നു, നല്ല മിടുക്കനായി/ മിടുക്കിയായി വരും എന്നൊക്കെ. അമ്മയുടെ അനുഗ്രഹം പോലെ അവരൊക്കെ നല്ല നിലയിലെത്തി.

അമ്മയുടെ മരണശേഷം ധാരാളം അനുഗ്രഹങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം മഠത്തില്‍ ചേരാന്‍ സാധിക്കാതിരുന്ന എന്റെ രണ്ടാമത്തെ ചേച്ചി മറിയാമ്മ, അല്‍ഫോന്‍സാമ്മയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 35-ാം വയസ്സില്‍ തൃശ്ശൂര്‍ തിരുക്കുടുംബ മഠത്തില്‍ ചേരുകയും പിന്നീട് പഠിച്ച് സാഹിത്യ വിശാരദ് പാസ്സായി അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ടീച്ചറായി ജോലി നോക്കുകയും ചെയ്തു – സി. ജൂലിയാന എന്ന പേരില്‍.

വി. അല്‍ഫോന്‍സാമ്മയെ ഓര്‍ക്കുമ്പോള്‍, സദാ പുഞ്ചിരിക്കുന്ന മുഖം, എന്തോ ഒരു ദൈവികതേജസ് കളിയാടിയിരുന്ന ആ മുഖം, എത്ര ക്ഷീണിതയാണെങ്കിലും ആ മുഖത്തെ ചൈതന്യം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

അച്ചാമ്മ കുമ്പളാങ്കൽ

കടപ്പാട്: ഗോതമ്പുമണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.