കുമ്പസാരത്തെക്കുറിച്ച് ആശങ്കയുണ്ടോ? എങ്കിൽ ഈ പ്രാർത്ഥന നിങ്ങളെ ധൈര്യപ്പെടുത്തും

ദൈവകരുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കുമ്പസാരക്കൂട്. എങ്കിൽ കുമ്പസാരക്കൂട്ടിലേയ്ക്കുള്ള യാത്ര പലരെയും സംബന്ധിച്ചിടത്തോളം അൽപം ഭയത്തോടെയാണ്. കുമ്പസാരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടല്ല. മറിച്ച്, നമ്മുടെ ഉള്ളിലെ ലജ്ജ കൊണ്ടാണ്. ഇത് പിശാചിന്റെ സൃഷ്ടിയാണ്. പാപങ്ങൾ തുറന്നു പറഞ്ഞാൽ അവൻ/ അവൾ രക്ഷപെടും. ദൈവത്തിന്റെ മകനും മകളുമായി മാറും. അതുണ്ടാകാതിരിക്കാൻ സാത്താൻ മനഃപൂർവ്വം സൃഷ്ടിക്കുന്ന ഒരു തന്ത്രമാണ് അത്.

വിശുദ്ധരുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ വി. ഫൗസ്റ്റീന കുമ്പസാരിക്കുന്നതിനായി ഒരുങ്ങുകയായിരുന്നു. ഈ സമയം, ഞാൻ ഈ പാപം പറഞ്ഞാൽ കുമ്പസാരക്കാരൻ എന്തു വിചാരിക്കും എന്ന തോന്നൽ വിശുദ്ധയുടെ ഉള്ളിൽ ശക്തമായി. എന്നാൽ, പെട്ടന്നു തന്നെ അത് സാത്താന്റെ പരീക്ഷണമാണ് എന്ന് തിരിച്ചറിയുവാൻ വിശുദ്ധയ്ക്ക് കഴിഞ്ഞു. ഈയൊരു സന്ദർഭത്തിൽ കുമ്പസാരിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞ പ്രലോഭനത്തെ അതിജീവിക്കുന്നതിനായി ഒരു പ്രാർത്ഥന വിശുദ്ധ തയ്യാറാക്കി. ആ പ്രാർത്ഥന ചുവടെ ചേർക്കുകയാണ്…

‘എന്റെ പ്രിയ ഈശോയേ, കുമ്പസാരക്കൂട്ടിൽ അങ്ങും അങ്ങയുടെ പുരോഹിതനും ഒന്നായി മാറുകയാണല്ലോ. ഞാൻ കുമ്പസാരത്തിനായി കുമ്പസാരക്കൂട്ടിലേയ്ക്ക് അണയുമ്പോൾ വൈദികനെ- ഒരു മനുഷ്യനെ അല്ല, അങ്ങയെ ദർശിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ആമ്മേൻ.’

വളരെ നിസാരം എന്നു തോന്നിക്കുന്ന ഒരു ചെറിയ പ്രാർത്ഥന. എന്നാൽ, കുമ്പസാരത്തിൽ പുരോഹിതനല്ല, ഈശോ തന്നെയാണ് സന്നിഹിതനായിരിക്കുന്നത് എന്ന വലിയ ബോധ്യത്തിലേയ്ക്ക് ഈ പ്രാർത്ഥന നമ്മെ നയിക്കുന്നു. അതിനാൽ കുമ്പസാരത്തിന് അണയുമ്പോള്‍ ഈ പ്രാർത്ഥന ചൊല്ലി നമുക്ക് ഒരുങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.