പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം: രണ്ടാം ബാച്ചിന് നാളെ തുടക്കം

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് 2019 – 2020 വർഷത്തെ ബാച്ചിന്റെ ഉദ്‌ഘാടനവും 2018 – 2019 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും നാളെ (29 -6 -2019) ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് കടുവക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടും. ഉജ്ജയിൻ രൂപതാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ വടവാതൂർ  പൗരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, എം സി ബി എസ് എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട് എന്നിവർ സന്നിഹിതരാക്കും.

എം.സി.ബി.എസ് എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് കടുവാക്കുളം, എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. എല്ലാ മാസവും രണ്ട്, നാല് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞു 1 : 30 മുതൽ അഞ്ചു മണി വരെയാണ് ക്ലാസുകൾ നടക്കുക.

ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും കേന്ദ്രവുമായ വിശുദ്ധ കുർബാനയെ അടുത്തറിയുവാനും ആഴമായ ബോധ്യങ്ങൾ സ്വന്തമാക്കുവാനും ദൈവജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കോഴ്സിന്റെ കഴിഞ്ഞ ബാച്ചിൽ അൻപതോളം പേർ സംബന്ധിച്ചിരുന്നു. വൈദികർക്കും സന്യസ്തർക്കും  അല്മായർക്കും മതാധ്യാപകർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.