കെ.സി.വൈ.എം മണ്ണാര്‍ക്കാട് യൂണിറ്റ് യുവജനവര്‍ഷ സമാപന സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: കേരള കത്തോലിക്കാ സഭയുടെ യുവജനവര്‍ഷാചരണത്തിന്റെ പരിസമാപ്തിയുടെ ഭാഗമായി കെ.സി.വൈ.എം മണ്ണാര്‍ക്കാട് യൂണിറ്റ് യുവജനവര്‍ഷ സമാപന സമ്മേളനം നടത്തി. പാലക്കാട് രൂപതയില്‍ 2018 ഏപ്രില്‍ 14 മുതല്‍ 2019 ജൂലൈ 7 വരെയാണ് യുവജനവര്‍ഷമായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പ്രഖ്യാപിച്ചിരുന്നത്.

മനസ്സിലാക്കപ്പെടാത്തവരും ഉപയോഗിക്കപ്പെടാത്തവരുമായ നന്മയുടെ പ്രവാചകരാണ് യുവജനങ്ങളെന്ന് മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി പറഞ്ഞു. കെ.സി.വൈ.എം മണ്ണാര്‍ക്കാട് യൂണിറ്റിന്റെ യുവജനവര്‍ഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിലൂടെ ജീവിതപാഠങ്ങള്‍ പഠിക്കുന്നവരും അത് തിരുത്താന്‍ തയ്യാറുള്ളവരുമായി യുവജനങ്ങള്‍ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജിത്തു കിഴക്കയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ കാഞ്ഞിരത്തിങ്കല്‍ സംഘടനയുടെ പതാക ഉയര്‍ത്തി.

അസോസിയേറ്റ് വികാരി സേവ്യര്‍ തെക്കനാല്‍, യൂണിറ്റ് ആനിമേറ്റര്‍മാരായ വിന്‍സി ജോസ് മലമേല്‍, മനീഷ് അമ്പാട്ടുമാലിയില്‍, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, പോള്‍ പുതുപ്പറമ്പില്‍, കെ.സി.വൈ.എം മുന്‍ രൂപത പ്രസിഡന്റ് ജിതിന്‍ മോളത്ത്, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, കാറ്റിക്കിസം ഹെഡ്മാസ്റ്റര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍, ബിജു പൂതറമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ഷാന്റോ കാനാട്ട് സ്വാഗതവും നീതു അറയ്ക്കല്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.