യുവജനങ്ങൾ ക്രിസ്തുവിൽ സന്തോഷം കണ്ടെത്തട്ടെ: മൗറീഷ്യസ് ജനതയോട് ഫ്രാൻസിസ് പാപ്പാ

യുവജനങ്ങൾ ക്രിസ്തുവിൽ സന്തോഷം കണ്ടെത്തുന്നവരും ഒപ്പം സഭയുടെ ശക്തമായ മിഷനറിമാരുമാകാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ആഫ്രിക്കൻ ദ്വീപസമൂഹമായ മൗറീഷ്യസിൽ സന്ദർശനം നടത്തുന്നതിനിടെ യുവജന സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യുവജനങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ഭാഷ മനസിലാക്കാൻ ശ്രമിക്കണം. അവരെ നാം ശ്രവിക്കുകയും അവരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ അവരിൽ, തങ്ങൾ പ്രധാനപ്പെട്ടവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരുമാണെന്ന ചിന്ത വളർന്നു വരികയുള്ളു” – മാർപാപ്പ കൂട്ടിച്ചേർത്തു. ഒപ്പം തന്നെ സഭയെ അറിയാനും വളർത്താനുമുള്ള ആഗ്രഹം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുവാൻ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

“മൗറീഷ്യസിന്റെ അപ്പസ്തോലൻ” എന്നറിയപ്പെടുന്ന ഫ്രഞ്ച് മിഷനറി, വാഴ്ത്തപ്പെട്ട ജാക്വസ് ഡിസൈർ ലാവലിനെ മാർപാപ്പ പ്രത്യേകമായി അനുസ്മരിച്ചു. മൗറീഷ്യസിന്റെ അടിമത്വകാലത്ത് മിഷൻ പ്രവർത്തനങ്ങൾക്കായി കടന്നുവന്ന ഫാ. ലാവൽ, പാവപ്പെട്ടവർക്കും രോഗികൾക്കും അടിമകളായവർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. സെപ്റ്റംബർ ഒൻപതാം തീയതിയാണ് സഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

ഫാ. ലാവലിന്റെ ജീവിതം ഇന്ന് വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാനും അവർക്കു വേണ്ടി പ്രവർത്തിക്കുവാനും അദ്ദേഹത്തിന്റെ ജീവിതം ഏറെ പ്രചോദനാത്മകമാണ്‌ – മാർപാപ്പ പറഞ്ഞു.