പകര്‍ച്ചവ്യാധിയുടെ ദൈവശാസ്ത്രം – 6

(പകർച്ചവ്യാധിയെയും പകർച്ചവ്യാധി വരുത്തിവച്ച ദുരിതങ്ങളെയും ദൈവവിശ്വാസത്തിന്റെയും ദൈവദർശനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതുമാണ് പകർച്ചവ്യാധിയുടെ ദൈവശാസ്‌ത്രം. ഈ ലേഖനപരമ്പരയിലെ ആറാം ഭാഗം. ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ https://www.lifeday.in/lifeday-theology-of-epidemic-01/ https://www.lifeday.in/lifeday-theology-of-epidemic-02/ ക്ലിക്ക് ചെയ്യുക).    

22. “ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്.”

ഭയവും മാനസിക സംഘർഷവും മനുഷ്യനെ തകർക്കും. പല ആത്മഹത്യകൾക്കും കാരണം ഭയവും മാനസിക സംഘർഷവുമാണ്. ക്രൈസ്തവദർശനത്തിന്റേയും ക്രൈസ്തവസന്ദേശത്തിനെയും ഒരു പ്രധാനഘടകം ദൈവാശ്രയബോധത്തിലും സഹജരുടെ സഹവർത്തിത്വത്തിലും വിശ്വസിച്ചുകൊണ്ടുള്ള ഭയമില്ലായ്മയാണ്. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും ഭയമില്ലാതെ അഭിമുഖീകരിക്കാനും അതിജീവിക്കുവാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. “ഭയപ്പെടേണ്ട” എന്ന ക്രിസ്തുവിന്റെ വാക്കുകൾ പലവുരു ആവർത്തിച്ചുകൊണ്ട് വി. ജോൺപോൾ മാർപ്പാപ്പ, ക്രൈസ്തവര്‍ ഒരിക്കലും ഒരു സാഹചര്യത്തിലും ഭയപ്പെടരുതെന്ന് ഉദ്ബോധിപ്പിച്ചിട്ടുണ്ട്‌.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ, താൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്കകം ക്രൈസ്തവരോട് സംസാരിച്ചപ്പോഴാണ് “ഭയപ്പെടേണ്ട” എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ജീവിതത്തിൽ ധീരതയോടെ മുന്നേറുവാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. പിന്നീട് ലോകമെമ്പാടുമുള്ള ബിഷപ്പുമാരും വൈദികരും പലവുരു പല സന്ദർഭങ്ങളിൽ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഈ വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി.

ജോൺപോള്‍ രണ്ടാമൻ പാപ്പയുടെ വിഖ്യാതമായ BBC-ഫിലിമിന്റെ പേരും “ഭയപ്പെടേണ്ട” എന്നാണ്. പിന്നീട് പലപ്പോഴും ബനഡിക്ട് പതിനാറാമൻ പാപ്പയും പ്രത്യേകിച്ച്, പരിശുദ്ധ മാതാവിന്റെ തീർത്ഥാടന സ്ഥലമായ മെഡ്ജുഗോറി സന്ദർശിച്ചപ്പോഴും “ഭയപ്പെടേണ്ട” എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിശ്വാസികളെ ധൈര്യപ്പെടുത്തി. ഭയമില്ലാതിരുന്നതുകൊണ്ടാണ് ക്രൈസ്തവസമൂഹം പീഡനങ്ങളെ അതിജീവിച്ചതും ഭൂതകാല പകർച്ചവ്യാധികളുടെ കാലഘട്ടങ്ങളിൽ അതിജീവനകല അഭ്യസിക്കുന്നതിൽ ക്രൈസ്തവർ മാതൃകകളും പഠനകളരികളുമായതും.

കോറോണ എന്ന പകർച്ചവ്യാധി ഇറ്റലിയെ കീഴടക്കിയെന്ന് പലരും പ്രഖ്യാപിച്ച, ഈ വർഷത്തെ ഉയിർപ്പു തിരുനാളിന്റെ രാത്രികർമ്മത്തിൽ ഫ്രാൻസിസ് പാപ്പയും പറഞ്ഞത് “ഭയപ്പെടേണ്ട” എന്ന ക്രിസ്തുവിന്റെ സന്ദേശമാണ്. ക്രിസ്തു മരിച്ചപ്പോൾ ക്രിസ്തുവിന്റെ അനുയായികൾ ഭയചകിതരും നിരാശരുമായതുപോലെ കോറോണ എന്ന പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ മനുഷ്യർ ഭയചകിതരും പ്രതീക്ഷ നശിച്ചവരുമാകാൻ സാധ്യതയുണ്ടെന്നും എന്നാൽ “ഭയപ്പെടെരുതെന്നും” ക്രിസ്തു ഉയിർത്ത് ശിഷ്യരെ ധൈര്യപ്പെടുത്തിയതുപോലെ കോറോണയുടെ അതിജീവനം സാധ്യമാണെന്നും എല്ലാം ഭംഗിയായി ഭവിക്കുമെന്നും അന്ന് മാർപ്പാപ്പ പറഞ്ഞു.

പ്രതീക്ഷ നമ്മുടെ അവകാശമാണെന്നും ഒരിക്കലും ഈ അവകാശം ഉപേക്ഷിക്കേണ്ടതില്ലെന്നും ഇത്  ഓരോ വ്യക്തിക്കുമുള്ള ദൈവത്തിന്റെ ദാനമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മാർപ്പാപ്പ അന്ന് പറഞ്ഞതുപോലെ, ഇറ്റലിയിൽ ഏതാനും ആഴ്ചകൾക്കകം കൊറോണ നിയന്ത്രണവിധേയമായി. അതുകൊണ്ട് കോറോണ എന്ന പകർച്ചവ്യാധികളുടെ നാളുകളിൽ ക്രൈസ്തവനേതൃത്വവും ക്രൈസ്തവസമൂഹവും മുറുകെപ്പിടിക്കേണ്ടതും ഉറക്കെ ഉദ്ഘോഷിക്കേണ്ടതുമായ സന്ദേശമിതാണ് “ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്.” – ക്രിസ്തുവിന്റെ വാക്കുകളാണിത്. ഓരോ ക്രൈസ്തവനും തന്റെ സഹജീവികളോട്, അവൻ ആരായാലും പറയേണ്ടുന്ന വാക്കുകളും ഇതുതന്നെ.

അജപാലകരും ദൈവശാസ്ത്രജ്ഞരും മതനേതൃത്വവും നൽകേണ്ട സന്ദേശമിതാണ്: “അമിതമായ ഭയമരുത്.” ഭയമാണ് പല പരാജയങ്ങൾക്കും പല അന്ധവിശ്വാസങ്ങൾക്കും അടിസ്ഥാനം. അതുകൊണ്ട് കോറോണ എന്ന പകർച്ചവ്യാധിയുടെ ഉറവിടങ്ങളും ഉന്മൂലനമാർഗ്ഗങ്ങളും ഇനിയും കൃത്യമായി കണ്ടുപിടിച്ചിട്ടില്ലെങ്കിലും അമിതമായി ഭയപ്പെടാൻ മാത്രമുള്ള കാരണങ്ങൾ ശാസ്ത്രീയമായി വ്യക്തമാക്കപ്പെട്ടിട്ടില്ലായെന്നതിനാൽ നിശ്ചയമായും ഭയമില്ലാതെ, പ്രതീക്ഷയോടെ, ശുഭാപ്‌തിവിശ്വാസത്തോടെ, പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ സംസാരിക്കുവാനും പ്രവർത്തിക്കുവാനും നമുക്ക് കഴിയണം. ഒരു സാധാരണ ഫ്ലൂ പോലെ കോറോണയെ കാണാവുന്നതേയുള്ളുവെന്നും ഒരു സാധാരണ ഫ്ലൂ മൂലം മനുഷ്യർ മരിക്കുന്നതുപോലെ കോറോണ വന്നാലും മരിക്കുന്നവർ രോഗനാളുകളിൽ അശ്രദ്ധരായി ജീവിക്കുന്നവരും മറ്റു രോഗമുള്ളവരും വൃദ്ധരുമാണെന്നുള്ള പുതിയ നിഗമനങ്ങളും ഈ അവസരത്തിൽ പരിഗണിക്കണം.

കരുതൽ വേണ്ടായെന്നല്ല ഇതിനർത്ഥം. കരുതൽ ഉപകരിക്കുക തന്നെ ചെയ്യും. യഥാർത്ഥത്തിൽ കരുതലാണ് ആവശ്യം. ഒരു ഉദാഹരണം പറയാം, എല്ലാ വർഷവും മഞ്ഞുകാലത്ത് ജർമ്മനിയിൽ  ഇരുപത്തിനായിരം പേർ ഫ്ലൂ മൂലം മരിക്കാറുണ്ട്. ഈ വര്‍ഷം കോറോണ എന്ന പകർച്ചവ്യാധി പടർന്നതുകൊണ്ട് അതീവശ്രദ്ധയായിരുന്നു എല്ലാ മണ്ഡലങ്ങളിലും. അതുകൊണ്ട് കോറോണയുണ്ടായിരുന്നിട്ടും ഈ വര്‍ഷം മരണസംഖ്യ പകുതിയായിരുന്നു. കരുതൽ എത്രമാത്രം ഗുണം ചെയ്തുവെന്ന് വ്യക്തമാക്കാൻ മറ്റ് ഉദാഹരണങ്ങൾ ആവശ്യമില്ലല്ലോ.

ക്രിക്കറ്റ് മത്സരത്തിലെ സ്കോർ പറയുന്നതുപോലെ, എല്ലാ ദിവസവും ഭരണാധികളും മാധ്യമവും രോഗബാധിതരുടെ എണ്ണം ഏറ്റവും പ്രധാന വാർത്തയായി പറയുന്നതും ആയിരക്കണക്കിന് വാട്‍സ് ആപ്പ് ഗ്രൂപ്പുകൾ അത് ഏറ്റുപാടുന്നതും എന്നേ അവസാനിപ്പിക്കേണ്ടിയിരുന്നു. ആരംഭ ദിനങ്ങളിൽ അത് അംഗീകരിക്കാമായിരുന്നു. അനാവശ്യമായ ഭയവും ആശങ്കയും ഉണർത്തുന്ന വാക്കുകളും ചെയ്തികളും ഉപേക്ഷിക്കുന്നതാണ് ക്രൈസ്തവശൈലിയും ക്രൈസ്തവദർശനവും. അതുകൊണ്ട് പകർച്ചവ്യാധിയുടെ നാളുകളിൽ ധീരതയോടെ ക്രിസ്തുവിന്റെ വാക്കുകൾ പ്രഘോഷിക്കാന്‍ നമുക്കാകണം – “ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്.”

23. കൂദാശകളും കൂദാശാനുകരണങ്ങളും

ക്രൈസ്തവരുടെ വിശ്വാസജീവിതത്തിൽ ശക്തിയും ഉണർവും നൽകുന്നത് അവർ സ്വീകരിക്കുന്ന കൂദാശകളും കൂദാശാനുകരണങ്ങളുമാണ്. കൂദാശ എന്ന വാക്കിനെ പ്രതീകമെന്നും  കൂദാശാനുകരണങ്ങളെ ദൈവികമായ അടയാളങ്ങളെന്നും തർജ്ജിമ ചെയ്യാവുന്നതേയുള്ളൂ. കൈവയ്പ്പ്, തൈലം പൂശൽ, നെറ്റിയിൽ കുരിശുവരയ്ക്കൽ, സ്നാനം തുടങ്ങിയ, പകർച്ചവ്യാധിയുടെ നാളുകളിൽ പ്രായോഗികമല്ലാത്ത പല കർമ്മങ്ങളും കൂദാശസ്വീകരണത്തിന്റെയും കൂദാശകൾ നൽകുന്നതിന്റെയും ഭാഗമാണ്. മാമ്മോദീസ, കുമ്പസാരം, കുർബാന സ്വീകരണം, രോഗീലേപനം, സ്ഥൈര്യലേപനം, തിരുപ്പട്ടം, വിവാഹം എന്നീ ഏഴു കൂദാശകളുടെ സ്വീകരണത്തിലും വൈദികന്റെ കരസ്പർശനമോ, തൈലം പൂശലോ, ജലം തൊടലോ ഒക്കെയുണ്ട്. അതുകൊണ്ട് ഇതുവരെയുള്ള രീതിയിൽ കൂദാശകൾ നൽകുക എന്നത് പകർച്ചവ്യാധിയുടെ നാളുകളിൽ പ്രായോഗികമല്ല. അതുകൊണ്ട് പകർച്ചവ്യാധിയുടെ നാളുകളിൽ ഏതു വിധത്തിൽ കൂദാശകൾ നൽകാനും സ്വീകരിക്കാനുമാകുമെന്നു പഠിക്കുകയും അതിനുവേണ്ട മാർഗ്ഗരേഖകൾ രൂപപ്പെടുത്തുകയും അത് സഭ ഔദ്യോഗികമായി അംഗീകരിച്ച് വിശ്വാസികൾക്കു നൽകുകയും ചെയ്യേണ്ടതുണ്ട്. കാരണം, ഇനിയും പകർച്ചവ്യാധികളും അതുപോലുള്ള സാഹചര്യങ്ങളും ഉണ്ടാകാനിടയുണ്ട്.

കൂദാശാനുകരണങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് കാര്യം. വെഞ്ചരിപ്പ്, അടിമ വയ്ക്കൽ തുടങ്ങിയ കൂദാശാനുകരണങ്ങളും ഇതുവരെയുള്ള അനുഷ്ടാനരീതിയിൽ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നിർവ്വഹിക്കാനാകില്ല. എന്നാൽ, കൂദാശകളും കൂദാശാനുകരണങ്ങളും വിശ്വാസികൾക്ക് ഒരുപക്ഷേ, ഏറ്റവും ആവശ്യമായിരിക്കുന്നത് വേദനയുടെയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും നാളുകളിലായിരിക്കും. ക്ലേശനാളുകളിൽ ഏറ്റവുമധികം ദൈവത്തിൽ ആശ്രയിക്കുകയും ദൈവിക പരിരക്ഷ തേടുകയും ചെയ്യുന്ന വിശ്വാസിക്ക് കൂദാശകളും കൂദാശാനുകരണങ്ങളും നിഷിദ്ധമാകുന്ന സ്ഥിതിവിശേഷം നീതികരിക്കാവുന്നതല്ല. ആയതിനാൽ, പകർച്ചവ്യാധിയുടെ നാളുകളിൽ ശാസ്ത്രീയമായി നിർദ്ദേദേശിക്കപ്പെടുന്ന നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട്‌ കൂദാശകളും കൂദാശാനുകരണങ്ങളും നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സഭ നൽകുകയും കൂദാശകളും കൂദാശാനുകരങ്ങളും വിശ്വാസിക്ക് ലഭ്യമാക്കുകയും ചെയ്യണം.

(തുടരും…)

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
(ദൈവശാസ്ത്രത്തില്‍ ജർമ്മനിയിലെ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും,  തത്വശാസ്ത്രത്തില്‍ മ്യൂണിക് ജെസ്യുറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദങ്ങൾ നേടിയ MCBS വൈദികനാണ് ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍).  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.