നല്ല കുമ്പസാരം നടത്താന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

നമ്മുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കാനും നല്ല ചിന്തകൾ കൊണ്ട് നിറയ്ക്കാനും കുമ്പസാരം അനിവാര്യമാണ്. പാപമോചനത്തോടൊപ്പം ആത്മീയസൗഖ്യത്തിന് ഉതകുന്ന ഏറ്റവും മികച്ച മാർഗ്ഗം കൂടിയാണ് കുമ്പസാരം. നോമ്പും പ്രാർത്ഥനയും വിശുദ്ധ ബലിയർപ്പണവും ആത്മീയജീവിതവും നാം പാലിക്കുന്നുണ്ടെങ്കിലും ഒരു നല്ല കുമ്പസാരം നടത്തേണ്ടത് എങ്ങനെയെന്ന് പലപ്പോഴും നമുക്ക് അറിയില്ല. അതിലേക്കായുള്ള ചില നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. നമ്മുടെ മനഃസാക്ഷിയെ പരിശോധിക്കുമ്പോൾ പാപങ്ങൾ നിറഞ്ഞ, കലങ്ങിയ  ഒരു ജലാശയമായി നമുക്ക് അനുഭവപ്പെടാം. പക്ഷേ, നാം കുമ്പസാരിക്കുമ്പോൾ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും ദയയുമാണ് നമുക്ക് അറിയാനും അനുഭവിക്കാനും സാധിക്കുക. അതിനാൽ തന്നെ അനുതപിച്ച് പാപമോചനം നേടുമ്പോൾ ഹൃദയമാകുന്ന ജലാശയം കൂടുതൽ തെളിമയുള്ളതായി മാറും. അതിലൂടെ മറ്റുള്ളവർക്കും തനിക്കു തന്നെയും നന്മയുടെ നീരുറവയായി വർത്തിക്കാന്‍ സാധിക്കും.

2. കുമ്പസാരിച്ചിട്ട് ഒരുപാട് നാളുകളായോ? തീർച്ചയായും അനുതാപശുശ്രൂഷയിൽ പുരോഹിതനോട്, എത്ര നാളുകൾക്ക് മുൻപാണ് കുമ്പസാരിച്ചതെന്നും നിങ്ങളുടെ ജീവിതസാഹചര്യങ്ങളും വ്യക്തമാക്കുക. എങ്കിൽ തീർച്ചയായും ദൈവത്തിന്റെ പ്രതിപുരുഷന് നിങ്ങൾക്ക് ആവശ്യമായ ജീവിതനിർദ്ദേശങ്ങൾ നൽകാൻ എളുപ്പമാകുകയും ഒരു നല്ല കുമ്പസാരം നടത്താൻ സാധിക്കുകയും ചെയ്യും.

3. നമ്മുടെ മോശം തിരഞ്ഞെടുപ്പുകളാണ് നമ്മുടെ പാപങ്ങൾ. അത് അസുഖകരമായ വികാരങ്ങളല്ല; വൈകാരിക അവസ്ഥകളുമല്ല. അതിനാൽ പാപങ്ങൾ മാത്രമാണ് ഏറ്റുപറയേണ്ടത്.

4. ചെയ്തുപോയ തെറ്റുകൾ ദൈവതിരുസന്നിധിയിൽ കുറ്റകരമാണ്. പക്ഷേ, അനുതാപപൂർവ്വം ഏറ്റുപറയുന്ന ഓരോ പാപവും ദൈവത്തിനുള്ള വാഴ്ത്തുകളാണ്. അതിനാൽ അനുരഞ്ജന കൂദാശയിൽ പുരോഹിതനോട് പാപങ്ങൾ ഏറ്റുപറയുമ്പോൾ ദൈവത്തിന്റെ മഹത്തായ കരുണക്കായി ദൈവത്തെ സ്തുതിക്കുക കൂടിയാണെന്ന് മനസിലാക്കുക.

5. കുമ്പസാരം, രോഗശാന്തി നൽകുന്ന ഒരു വലിയ ശുശ്രൂഷയാണ്. അതിനാൽ തന്നെ പതിവുകുമ്പസാരം നടത്തുന്നത് ആത്മാവിനു നല്ലതാണ്. ആഴത്തിലുള്ള മുറിവുകൾ സുഖപ്പെടാനുള്ള ഏറ്റവും വലിയ മരുന്നാണ് കുമ്പസാരം. പല തവണയായി ഒരേ പാപം ചെയ്താലും ഓരോ തവണയും അത് ഏറ്റുപറയേണ്ടതുണ്ട്. ഓരോ തവണയും വീഴ്ചകളുണ്ടായി മുറിവുകൾ മരുന്ന് വച്ചുകെട്ടുന്നതു പോലെയാണ് ആവർത്തിച്ചു ചെയ്യുന്ന പാപങ്ങൾ ഏറ്റുപറയുന്നതിന്റെ ആവശ്യകതയും.

6. പാപബോധം നല്ലതാണ്. എന്നാൽ ഒരു മനുഷ്യൻ എപ്പോഴും, താന്‍ പാപിയാണെന്നു ചിന്തിക്കുകയല്ല വേണ്ടത്. കുമ്പസാരമെന്ന കൂദാശ നിങ്ങൾ എത്ര മോശക്കാരാണെന്ന് തിട്ടപ്പെടുത്താനുള്ളതല്ല. ദൈവം എത്ര നല്ലവനും സ്നേഹവായ്പുള്ളവനുമാണെന്നു നമുക്ക് തിരിച്ചറിവ് നൽകുന്ന സ്നേഹത്തിന്റെ കൂദാശയാണത്.

7. പുരോഹിതൻ ഒരു വൈദ്യനെപ്പോലെയാണ്. നിങ്ങൾ ചികിത്സക്കായി ഡോക്ടറെ സമീപിക്കുമ്പോൾ നിങ്ങൾക്ക് എവിടെയാണ് യഥാർത്ഥത്തിൽ പ്രശ്നമെന്നും നിങ്ങളുടെ വേദനകളുടെ കൂടുതലോ, കുറവോ മുതലായ എല്ലാ വിശദാംശങ്ങളും നിങ്ങൾ പറയാറില്ലേ? നിങ്ങളെ എങ്ങനെ സുഖപ്പെടുത്തണമെന്ന് അദ്ദേഹത്തിനറിയാം. അതുപോലെ തന്നെയാണ് പുരോഹിതർ. നിങ്ങളുടെ പ്രയാസങ്ങൾ പറയുക.

ഓർക്കുക: ഒരേ ലക്ഷണങ്ങളുള്ള നിരവധി രോഗികളെ അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹത്തെ വിശ്വസിക്കുക, ഉപദേശം ശ്രദ്ധയോടെ കേൾക്കുക. നിങ്ങൾ ഉടൻ തന്നെ മെച്ചപ്പെടും.

8. ലളിതവും ചെറുതുമായ പാപങ്ങൾ ഏറ്റുപറയുന്നതിലും ദൈവത്തിന്റെ ക്ഷമ അവിടെ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ചെറിയ കാര്യങ്ങൾ പോലും തെറ്റാണെന്നു തിരിച്ചറിയപ്പെടുന്നവർ ഒരിക്കലും വലിയ തെറ്റുകളിലേക്ക് വഴുതിപ്പോകുകയില്ല. അവിടുത്തോട് ഏറ്റുപറയുമ്പോൾ ഏറ്റവും ചുരുക്കി വ്യക്തമായി പറയുക. ഓരോ നിമിഷവും കൂടെയുള്ള അവിടുത്തേക്ക് നിന്നെ നന്നായി അറിയാം. എങ്കിലും ഏറ്റുപറയുന്നതിലൂടെ ചെയ്തവയെക്കുറിച്ച് ബോധ്യം ഉണ്ടെന്നുള്ള തിരിച്ചറിവിലേക്കാണ് അവിടുന്ന് നമ്മെ നയിക്കുന്നത്.

9. ചെറുതോ, വലുതോ ആയിക്കൊള്ളട്ടെ; അവിടുത്തെ സ്നേഹം നമ്മുടെ പാപങ്ങളെക്കാൾ ശക്തമാണ്.

10. പാപങ്ങളിൽ നിന്നുള്ള മോചനത്തോടൊപ്പം തന്നെ ദൈവവുമായുള്ള വലിയ ബന്ധം നിലനിർത്തിക്കൊണ്ടു പോകുക എന്നുള്ളതാണ് കുമ്പസാരത്തിന്റെ വലിയൊരു ഉൾക്കാഴ്ച.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.