പ്രലോഭനങ്ങളില്‍ തളരാതിരിക്കാന്‍ വിശുദ്ധ പാദ്രെ പിയോ നല്‍കുന്ന നിര്‍ദ്ദേശം

പൈശാചികമായ ആക്രമണങ്ങളെ നിരന്തരം നേരിട്ടുകൊണ്ടിരുന്ന വിശുദ്ധനാണ് പാദ്രെ പിയോ. പൈശാചികമായ ഓരോ ആക്രമണങ്ങളെയും അതിജീവിക്കുമ്പോഴും ദൈവം ഓരോ ഉള്‍ക്കാഴ്ച്ച അദ്ദേഹത്തിന് നല്‍കിയിരുന്നു.

ഇന്ന് നിങ്ങള്‍ പ്രലോഭനങ്ങളാല്‍ വലയുകയാണോ? എങ്കില്‍ നിങ്ങള്‍ക്കായി വിശുദ്ധന്‍ ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

1916-ല്‍ വിശുദ്ധന്‍, വെണ്ട്രെല്ല സിസ്റ്റേഴ്സിന് ആശ്വാസം നല്‍കിക്കൊണ്ട് എഴുതിയ കത്തിലൂടെയാണ് പരീക്ഷണങ്ങളില്‍ തളരാതെയിരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പരീക്ഷണങ്ങളും പ്രലോഭനങ്ങളും വലയ്ക്കുമ്പോള്‍ ഓര്‍ക്കുക, പിശാച് നിങ്ങളുടെ ഉള്ളിലല്ല. അവന്‍ പുറമേ നിന്ന് നിങ്ങളുടെയുള്ളില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കുകയാണ്. സമാധാനവും മനുഷ്യന്റെ ആത്മാവുമായുള്ള ഐക്യം നഷ്ടപ്പെടുത്തുന്ന സാത്താനെക്കുറിച്ചുള്ള ഭയമാണ് അപ്പോള്‍ നമ്മെ കീഴടക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഭയപ്പെടാതെയും നിരാശരാവാതെയും ഇരിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. കഴിയുന്ന ദിവസങ്ങലെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും കുര്‍ബാന സ്വീകരിക്കുവാനും പരിശ്രമിക്കുക. അടുത്തടുത്തുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കും.

ദൈവം നമ്മില്‍ പ്രലോഭനങ്ങള്‍ അനുവദിക്കുന്നത് അവിടുത്തെ കാരുണ്യം കൂടുതലായി നമ്മില്‍ ചൊരിയുവാനാണ് എന്നത് നാം പ്രത്യേകം മനസിലാക്കേണ്ടതുണ്ട്. ജീവിതത്തിലെ ‘വരണ്ട മരുഭൂമി’ അവസ്ഥകളിലും ദൈവം അവിടുത്തെ മഹത്വം നിന്നിലേയ്ക്ക് കൂടുതല്‍ ചൊരിയുവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ദൈവത്തിന്റെ കരുണയ്ക്കായി കൂടുതല്‍ ആഗ്രഹിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. അത് പ്രലോഭനങ്ങളെ അതിജീവിച്ച് ദൈവവുമായി കൂടുതല്‍ അടുക്കുവാന്‍ നിങ്ങളെ സഹായിക്കും. വിശുദ്ധ പദ്രെ പിയോ പഠിപ്പിക്കുന്നു.