ദൈവനിഷേധത്തിൽ നിന്ന് ദൈവസ്നേഹത്തിലേയ്ക്ക് വളർന്ന പട്ടാളക്കാരൻ 

  ‘ക്രിസ്ത്യാനികളൊക്കെ ദൈവ-വിരോധികളാണ്. അതിനാൽ തന്നെ അവർ മരിക്കണം.’ നല്ല പ്രായം വരെ ഫർഹാദ് എന്ന ഇറാൻ പാട്ടാളക്കാരൻ ചിന്തിച്ചിരുന്നത് അങ്ങനെയാണ്. കാരണം, അദ്ദേഹം വളർന്നതും അദ്ദേത്തെ വളർത്തിയതും ക്രൈസ്തവ വിരോധികളായ ഒരുകൂട്ടം ആളുകളായിരുന്നു. എന്നാൽ, ദൈവസ്നേഹം അനുഭവിക്കാനിടയായ അദ്ദേഹം, താൻ അതുവരെ തള്ളിപ്പറഞ്ഞ ‘ക്രിസ്ത്യാനികളുടെ ദൈവത്തെ’ സ്നേഹിക്കുവാൻ തുടങ്ങി. ആ മാറ്റത്തിന്റെ ജീവിതകഥ ഇതാ…

  മുസ്ലിം തീവ്രവാദിയുടെ മകനായിട്ടായിരുന്നു ഫർഹാൻ ജനിക്കുന്നത്. പഠിച്ചതും വളർന്നതുമെല്ലാം താലിബാൻ സങ്കേതത്തിൽ. അവിടെയൊക്കെ അവന്റെയുള്ളിൽ വിതച്ചിരുന്നത് ക്രൈസ്തവ വിദ്വേഷത്തിന്റെ വിത്തുകൾ മാത്രമായിരുന്നു. ഇസ്ലാം മതം ക്രിസ്ത്യാനികളെ ദൈവ-വിരോധികളായിട്ടാണ് കാണുന്നതെന്നും അതിനാൽ തന്നെ അവർ മരിക്കേണ്ടവരാണെന്നും ആയിരുന്നു അവിടെ പഠിപ്പിച്ചത്. ഒപ്പം ആ മദ്രസകളിൽ നിന്നും അവനു ലഭിച്ചിരുന്നത്, പാപങ്ങൾക്ക് ശിക്ഷകൾ മാത്രം നൽകുന്ന ഒരു ദൈവത്തെ ആയിരുന്നു.

  മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി ശിക്ഷിക്കുന്ന ഒരു സമ്പ്രദായം അവരുടെയിടയിൽ ഉണ്ടായിരുന്നു. ആ ശിക്ഷണരീതികൾ കാണുന്നതിനായി നിരവധിയാളുകളാണ് സ്റ്റേഡിയത്തിൽ എത്തിക്കൊണ്ടിരുന്നത്. ചാട്ട കൊണ്ട് അടിയും, കല്ലെറിയാലും ഒക്കെയുള്ള പീഡനമുറകൾ അവിടെ അരങ്ങേറിയിരുന്നു. അങ്ങനെ ശിക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവ് മാത്രമായിരുന്നു അവനുണ്ടായിരുന്നത്.

  കാലം കടന്നുപോയി. ഫർഹാദ് വളർന്ന് ഇറാൻ പട്ടാളത്തിൽ ചേർന്നു. അങ്ങനെയിരിക്കെ 2004-ല്‍ അപ്രതീക്ഷിതമായിട്ടാണ് ഫർഹാദ് ഇറ്റലിയിൽ എത്തുന്നത്. തന്റെ രാജ്യത്തു നിന്നും ഏറെ വ്യത്യസ്തമായി സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന മനുഷ്യരെയാണ് ഫർഹാദ് അവിടെ കണ്ടത്. അതിനുള്ള കാരണം അന്വേഷിച്ചു നടന്ന അദ്ദേഹം ചെന്നുനിന്നത് ഒരു വലിയ ദേവാലയത്തിനു മുന്നിലും. അന്നുവരെ, ശിക്ഷിക്കുന്ന ദൈവത്തെ കണ്ടു മാത്രം പരിശീലിച്ച ഫർഹാദിന് മനുഷ്യവംശത്തിനു മുഴുവനും വേണ്ടി മൂന്നാണികളിന്മേൽ മരിച്ച ക്രിസ്തുവിന്റെ സ്നേഹം വേറിട്ട അനുഭവമായി മാറുകയായിരുന്നു. ‘സ്നേഹിക്കുന്ന ദൈവം’ അന്നുമുതൽ ക്രൈസ്തവരുടെ ദൈവത്തെ അദ്ദേഹം വിശേഷിപ്പിച്ചത് അങ്ങനെയാണ്.

  തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതം ക്രിസ്തുവിനായുള്ള ഒരു അന്വേഷണമായിരുന്നു. ആ അന്വേഷണത്തിന്റെ ഫലമായി അന്നുവരെ അദ്ദേഹത്തിനു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പലരും നഷ്ടപ്പെട്ടു. അതുവരെ താൻ നൽകിയ വ്യർത്ഥസാക്ഷ്യത്തെയോർത്ത് അദ്ദേഹം വേദനിച്ചു. അദ്ദേഹം തന്റെ പട്ടാളജോലി രാജി വച്ചു. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് ഒരു ഫത്‌വ പുറപ്പെടുവിച്ചു. എങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിയുവാൻ അദ്ദേഹം തയ്യാറായില്ല. സ്നേഹിക്കുന്ന  ദൈവം നൽകിയ സ്വാതന്ത്ര്യത്തിലേയ്ക്ക് അദ്ദേഹം നടക്കുകയായിരുന്നു.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ