കടല്‍ക്ഷോഭത്തില്‍ നിന്നും കപ്പലിനെ രക്ഷിച്ച ഉത്തരീയം: ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ അത്ഭുതം

    ഉത്തരീയത്തിന് വലിയ ഒരു സംരക്ഷണശക്തി ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് കത്തോലിക്കര്‍. ഒരുകാലത്ത് കത്തോലിക്കരുടെ കഴുത്തില്‍ ഒരു ആഭരണം കണക്കെ കിടന്നിരുന്ന ഈ ഉത്തരീയം, തങ്ങളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കും എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. ഉത്തരീയത്തിന്റെ അത്ഭുതകരമായ സംരക്ഷണത്തെ തെളിയിക്കുന്ന ഒരു അത്ഭുതം ഇതാ:

    1845-ലാണ് സംഭവം നടക്കുന്നത്. ഇംഗ്ലീഷ് കപ്പലായ കിംഗ് ഓഫ് ഓഷ്യന്‍, ഓസ്‌ട്രേലിയായിലേയ്ക്കു സഞ്ചരിക്കുകയാണ്. യാത്ര ലക്ഷ്യത്തോട് എടുക്കുന്നതിന്റെ ആഹ്ലാദം എല്ലാവരിലും നിറഞ്ഞുനിന്നു. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് തുറമുഖത്തേയ്ക്ക് കപ്പല്‍ അടുക്കാറായി. അപ്പോഴാണ് അപ്രതീക്ഷിതമായി കൊടുങ്കാറ്റ് വീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ ക്ഷോഭിച്ചു. ശക്തമായ കാറ്റിലും തിരമാലയിലും ദിശതെറ്റി കപ്പല്‍ ഏകദേശം തകരും എന്ന നിലയിലേയ്ക്ക് നീങ്ങി. യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോ നിമിഷം കഴിയുന്തോറും അവരിലെ പ്രതീക്ഷകള്‍ എല്ലാം നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. സന്തോഷത്താല്‍ നിറഞ്ഞിരുന്ന കപ്പല്‍ നിലവിളികള്‍ കൊണ്ട് നിറഞ്ഞു. ആ നിലവിളികള്‍ക്കിടയില്‍ നിന്ന് പ്രത്യാശയുടെ പതാകയുയര്‍ത്തി ആ മനുഷ്യന്‍ കയറിവന്നു.

    ജോണ് മാക് ആലിഫി എന്ന ഐറിഷുകാരന്‍. പെട്ടെന്ന് ഓടി കപ്പലിന്റെ ഡെക്കിലേയ്ക്ക് കയറി. ആഞ്ഞടിക്കുന്ന കാറ്റിനും തിരമാലകള്‍ക്കും അഭിമുഖമായി നിന്നു. എന്നിട്ട് അയാള്‍ തന്റെ ഷര്‍ട്ട് അഴിച്ചു. അലറിക്കരഞ്ഞ ആളുകള്‍ ഒരു നിമിഷത്തേയ്ക്ക് സ്തബ്ധരായി. ആ മനുഷ്യന്റെ കഴുത്തില്‍ ചാരനിറത്തിലുള്ള ഒരു ഉത്തരീയം കിടപ്പുണ്ടായിരുന്നു. അയാള്‍ അത് ഊരി കയ്യിലെടുത്തു. ആഞ്ഞടിക്കുന്ന തിരമാലയ്ക്കും കാറ്റിനും നേരെ നീട്ടിപ്പിടിച്ചു. ആ ഉത്തരീയം ഉപയോഗിച്ച് വായുവില്‍ കുരിശടയാളം വരച്ചതിനുശേഷം ആഞ്ഞടിക്കുന്ന തിരമാലകളിലേയ്ക്ക് അത് വലിച്ചെറിഞ്ഞു. അത്ഭുതം എന്ന് പറയട്ടെ! ആ നിമിഷം തന്നെ കാറ്റിന്റെ ശക്തി കുറഞ്ഞു. തിരമാലകള്‍ അടങ്ങി. കടല്‍ ശാന്തമായി. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ഒരു പെന്തക്കോസ്ത് പാസ്റ്റര്‍ പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മറ്റനേകരില്‍ മാതാവിനോടുള്ള ആഴമായ ഭക്തി വളരുന്നതിന് ഈ അത്ഭുതം കാരണമായി.