ജപമാല മധുരം 2019 ഒക്ടോബർ 13 (മഹിമയുടെ രഹസ്യങ്ങൾ – 3)

“അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു”
(അപ്പ. 2:3-4).

ഊട്ടുശാല

ഫാ. അജോ രാമച്ചനാട്ട്

അറിയാമോ, ഓരോ ഊട്ടുമേശയിലും വിളമ്പി നൽകപ്പെടുന്നത് സ്നേഹം തന്നെയാണ്. അതുകൊണ്ടാണ് പ്രിയപ്പെട്ടവരുടെ ഒപ്പമുള്ള വിരുന്നുകൾക്ക്‌ വല്ലാതെ രുചി തോന്നുന്നത്. ചില വിരുന്നുമേശകളോട് നമുക്ക് പഥ്യം തോന്നാത്തതും..

സ്വന്തം എൻജിനീയറിങ്ങിൽ അപ്പൻ നിർമ്മിച്ച ഒരു ഊട്ടുമേശ ഉണ്ടായിരുന്നു പഴയ വീട്ടിൽ. കറികൾക്ക് എണ്ണമില്ലെങ്കിലും കറന്റില്ലെങ്കിലും രുചിയ്ക്ക്‌ ഒരു കുറവും ഉണ്ടാക്കാത്ത ഞങ്ങളുടെ magical ഊട്ടുമേശ! എന്തുമാത്രം ഓർമ്മകളാണ് ആ മേശയ്ക്ക് ചുറ്റും..

സെഹിയോൻ ശാലയിൽ, മകന്റെ പിണങ്ങിപ്പോയ കൂട്ടുകാരെയൊക്കെ വിളിച്ച് അപ്പം വിളമ്പുന്ന, സ്വന്തം മക്കൾക്ക് എന്ന പോലെ സ്നേഹം വിളമ്പുന്ന, ഒരേ മനസ്സോടെ അവരെക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന മറിയം. പരിശുദ്ധാത്മാവിന്റെ രുചിയുള്ള സാന്നിധ്യം ഓരോ നാവിലും.. ഊട്ടുമേശകൾ അങ്ങനെയാണ്. ഒരുമിച്ച് ഭക്ഷണം പങ്കുവയ്ക്കുന്നവർക്കിടയിൽ സ്വർഗം വന്നു തൊടുന്നുണ്ട്. ഭാഷകളുടെ അതിർവരമ്പുകൾ ഇല്ലാതെ ചിരിക്കാനാകുന്നുണ്ട്, തമാശകൾ പറയാനാവുന്നുണ്ട്. ഹൃദയങ്ങളെ കുറച്ച് നേരത്തേക്കെങ്കിലും ഒന്നാക്കുന്നുണ്ട്‌.

എൻ്റെ സുഹൃത്തേ, ഓടിച്ചെല്ലാനൊരു ഊട്ടുമേശയുണ്ടാവുക, പരിധിയില്ലാതെ സ്നേഹം വിളമ്പാൻ ആരെങ്കിലും ഉണ്ടാകുക, അതിജീവനത്തിന്റെ ഊർജ്ജവുമായി വീണ്ടും തിരിച്ചിറങ്ങി ജീവിതത്തിലേയ്ക്ക്.. അതല്ലേ പുതിയ പന്തക്കുസ്ത?

ദൈവം അനുഗ്രഹിക്കട്ടെ..  സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.