ജപമാല മധുരം: 2019 ഒക്ടോബർ 12 (മഹിമയുടെ രഹസ്യങ്ങൾ – 2)

“അവന്‍ അവരെ ബഥാനിയാ വരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കേ, അവന്‍ അവരില്‍ നിന്നു മറയുകയും സ്വര്‍ഗത്തിലേയ്ക്ക് സംവഹിക്കപ്പെടുകയും ചെയ്‌തു” (ലൂക്കാ 24:50-51).

പുലി പതുങ്ങുന്നത്..

ഫാ. അജോ രാമച്ചനാട്ട്

ഒരു നാൽപത് ദിവസത്തിന്റെ അകലമുണ്ട് ക്രിസ്തുവിന്റെ ജീവിതത്തിൽ പലയിടത്തും. കുഞ്ഞിനെ ദൈവാലയത്തിൽ മറിയം കാഴ്ച വയ്ക്കുന്നത് നാൽപതാം ദിനമാണ്. പരസ്യജീവിതത്തിന്റെ ഒരുക്കമായി മരുഭൂമിയിൽ അവൻ ഉപവസിച്ചതും നാൽപത് ദിവസം. ഉത്ഥിതൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതും നാൽപതാം ദിവസം..

എന്താണീ നാൽപത്? പഴയനിയമത്തിൽ നാൽപതിന്റെ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. “ലോകത്തിന്റെ നടുവിൽ ജീവിക്കുന്ന ഒരാൾക്ക് സ്വന്തം ശരീരത്തിന്റെ, വികാരങ്ങളുടെ, ഇച്ഛകളുടെ മേൽ നിയന്ത്രണം ലഭിക്കാൻ ഏറ്റവും കുറഞ്ഞത് നാൽപതു ദിവസങ്ങൾ വേണം” എന്ന് ഇന്ത്യൻ ഫിലോസഫി പഠനത്തിനിടയിൽ വായിച്ചത് ഓർക്കുന്നു. അപ്പോൾ നാല്പതിന്റെ കണക്ക് വെറുതെയല്ല. ഒരുക്കത്തിന്റേതാണ്; പ്രാർത്ഥനയുടേതാണ്. ചെയ്യാൻ പോകുന്ന കാര്യത്തിന്റെ മഹത്വം അറിഞ്ഞ് അതിനുവേണ്ടി സ്വയം സജ്ജമാകുകയാണ്.

‘പുലിമുരുകൻ’ എന്ന സിനിമയിൽ പുലിയെക്കുറിച്ച് പറയുമ്പോലെയാണ് – “പുലി പതുങ്ങുന്നത്‌ ഒളിക്കാനല്ല, കുതിക്കാനാണ്.” ഓരോ നാൽപതും ക്രിസ്തുവിന്റെ ഒരുക്കങ്ങളായിരുന്നുവെങ്കിൽ നാമൊക്കെ എത്രയോ ഒരുങ്ങാനുണ്ട്, എത്രയോ പ്രാർത്ഥിക്കാനുണ്ട് !

കുതിപ്പിന്, പലപ്പോഴും ജീവനില്ലാത്തതും ശക്തിയില്ലാത്തതും ഒന്ന് പതുങ്ങാനുള്ള എളിമയില്ലാത്തതു കൊണ്ടല്ലേ? ക്ഷമയില്ലാത്തതു കൊണ്ടല്ലേ?

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്