വിശുദ്ധ നാട്ടില്‍ സേവനത്തിന്റെ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പൊന്തിഫിക്കല്‍ മിഷന്‍

വിശുദ്ധ നാട്ടിലെ സേവനത്തിന്റെ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് പൊന്തിഫിക്കല്‍ മിഷന്‍. 1949-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പാ ആണ് പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപിച്ചത്.

വിശുദ്ധ നാട്ടിലെ പ്രത്യേകിച്ച് ഇസ്രായേലിലെയും പാലസ്തീനിലെയും അഭയാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനയ്ക്ക് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ രൂപം നല്‍കിയത്. ഇസ്രയേല്‍ രൂപീകൃതമായതിനു ശേഷം നിരവധി പ്രതിസന്ധികളാണ് വിശുദ്ധ നാടിനു അഭിമുഖീകരിക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ യുജീന്‍ ടിസ്സറാന്റ് ആണ് പൊന്തിഫിക്കല്‍ മിഷന്‍ വിശുദ്ധ നാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

ആദ്യം ഇസ്രായേല്‍ രൂപീകരണത്തിലൂടെ പാലായനം ചെയ്യേണ്ടിവന്ന ആളുകളെയും അഭയാര്‍ത്ഥികളേയും സഹായിച്ചിരുന്ന ഈ സംഘടന പിന്നീട് യു എന്നിനോട് ചേര്‍ന്ന് ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.