അനേകരുടെ കണ്ണീരൊപ്പാനായി കണ്ണീരോടെ ലോകത്തിലേയ്ക്ക് വന്ന വ്യക്തി – കുറ്റിക്കലച്ചൻ  

ദൈവത്തിനു ഓരോ കുഞ്ഞിനേയും കുറിച്ച് ഓരോ പദ്ധതിയുണ്ട്. ലോകത്തിലേയ്ക്ക് ഓരോ മക്കളെ അയക്കുമ്പോഴും ദൈവം അവരുടെ പേര് തന്റെ ഉള്ളം കൈയ്യില്‍ സൂക്ഷിക്കും. ദൈവം തന്റെ പദ്ധതി വെളിപ്പെടുത്തുന്നതിനായി കുറ്റിക്കലച്ചന്റെ ജീവിതത്തില്‍ അനുവദിച്ച ഒരു സംഭവത്തെ കുറിച്ച് ഒരിക്കല്‍ അച്ചൻ പറയുകയുണ്ടായി.  നീ അമ്മയുടെ ഉദരത്തില്‍ രൂപപ്പെട്ടത് മുതല്‍ നിന്നെ ഞാന്‍ നിന്നെ ഞാന്‍ സ്നേഹിച്ചു എന്ന വാക്കുകള്‍ അച്ചന്റെ ജീവിതത്തില്‍ നിറവേറിയത് പ്രത്യേകമായ വിധത്തിലാണ്.

കുറ്റിക്കാട്ടില്‍ ജോസഫ്  ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായി ആണ് കുറ്റിക്കലച്ചന്‍ ജനിക്കുന്നത്. മക്കളുണ്ടാകുമ്പോള്‍ ലോകം സന്തോഷത്തോടെയാണ് സ്വീകരിക്കുക. എന്നാല്‍ അച്ചനെ ആദ്യം കണ്ട ഇളയമ്മ നിലവിളിച്ചു കരയുകയായിരുന്നു. അതിനു കാരണമായ സംഭവം ഇങ്ങനെ. അച്ചനെ അമ്മ ഉദരത്തില്‍ വഹിച്ചിരുന്ന സമയം. വളരെ വികൃതിയായ ചേട്ടന്‍ ഓടിയപ്പോള്‍ പിന്നാലെ ഓടിയതാണ് അമ്മ. ആ ഓട്ടത്തിനിടയില്‍ കാല്‍ തെന്നി അമ്മ വീണു. ഈ സമയം ഉദരത്തിലായിരുന്ന കുഞ്ഞിനു പരിക്ക് പറ്റിയത് അമ്മയോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. ഒടുവില്‍ കുഞ്ഞു ജനിച്ചപ്പോള്‍ ആദ്യമായി കണ്ട അമ്മയുടെ അനിയത്തി കുഞ്ഞിനു ‘കണ്ണില്ലായെ’ എന്ന് ഒറ്റ നിലവിളിയായിരുന്നു. അങ്ങനെ വലിയൊരു കരച്ചിലിന്റെ അകമ്പടിയോടെ ആണ് അച്ചനെ ലോകം സ്വീകരിക്കുന്നത്.

പിന്നീട് അമ്മയെ പരിചരിച്ച ആളാണ് കുഞ്ഞിനു കണ്ണുണ്ട് എന്നും നീര് മാറിക്കഴിഞ്ഞു എല്ലാം ശരിയാകും എന്നും പറഞ്ഞു ബോധ്യപ്പെടുത്തിയത്. അനേകരുടെ കണ്ണീരോപ്പാവാനായി ലോകത്തിലേയ്ക്ക് വന്ന വ്യക്തിയെ ലോകം കണ്ണീരോടെ തന്നെ സ്വീകരിച്ചു. പിന്നീട് അങ്ങോട്ടുള്ള ജീവിതത്തില്‍ അനേകരുടെ കണ്ണീരൊപ്പാനായി അച്ചൻ ഇറങ്ങി തിരിക്കുമ്പോഴും അച്ചന്റെ മനസ്സിൽ താൻ കേട്ടറിഞ്ഞ ഈ സംഭവങ്ങൾ തെളിഞ്ഞു നിന്നിരുന്നു. അതിനാൽ തന്നെ അദേഹം ഗർഭിണികളെയും  ഗർഭസ്ഥ ശിശുക്കളെയും സംരക്ഷിക്കുന്നതിൽ പ്രത്യേക താൽപര്യം കാട്ടിയിരുന്നു. ഉറ്റവരും ഉടയവരും പുറംതള്ളിയ മാതാപിതാക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും അവരിലേക്ക്‌ അവാച്യമായ സ്നേഹം ഒഴുക്കുന്നതിനും ബാല്യകാലത്തെ ഈ സംഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.