നൃത്തച്ചുവടുകളോടെ പാപ്പായ്ക്ക് സ്വാഗതം അരുളി മൊസാംബിക് ജനത

തങ്ങളുടെ നാട് സന്ദർശിക്കുവാൻ പതിറ്റാണ്ടുകൾക്കു ശേഷം എത്തിയ പത്രോസിന്റെ പിൻഗാമിക്ക് ഊഷ്മള സ്വീകരണം ഒരുക്കി മൊസാബിക്. പരമ്പരാഗത നൃത്തച്ചുവടുകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് മൊസാബിക് ജനത പാപ്പായെ വരവേറ്റത്.

പ്രസിഡന്റ് ഫിലിപ്പ് നയൂസിയുടെ നേതൃത്വത്തിൽ ഭരണ-സഭാനേതൃത്വങ്ങൾ ചേർന്ന് പാപ്പായെ സ്വീകരിച്ചശേഷം വിമാനത്താവളത്തിൽ തന്നെ ക്രമീകരിച്ച വേദിയിലേയ്ക്ക് ആനയിച്ചു. തുടർന്ന് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ. അതേ തുടർന്നായിരുന്നു ഗോത്രവർഗ്ഗ വേഷഭൂഷാധികൾ അണിഞ്ഞ്, പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൃത്തസംഘങ്ങൾ പാപ്പയ്ക്ക് ആദരമർപ്പിച്ചത്.

തുടർന്ന്, തുറന്ന ‘പാപ്പാ മൊബീലിൽ’ വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് പാപ്പ യാത്ര തിരിച്ചു. യാത്രാമധ്യേ, പാപ്പയെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് റോഡിനിരുവശത്തുമായി ഇടംപിടിച്ചത്. ഗാനങ്ങളാലപിച്ചും ഹർഷാരവും മുഴക്കിയും പാപ്പയ്ക്ക് അവർ സ്വാഗതമോതിത് ശ്രദ്ധേയമായി.