ഫ്രാന്‍സിസ് പാപ്പാ ഇറ്റലിയിലെ കമറീനോ സന്ദര്‍ശിക്കും

കമറീനോ-സാന്‍ സെവറീനോ രൂപത കേന്ദ്രീകരിച്ചുള്ള മദ്ധ്യ ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ ജൂണ്‍ 16-ാο തീയതി ഞായറാഴ്ച പാപ്പാ സന്ദര്‍ശിക്കും. ശക്തമായ ഭൂമികുലുക്കങ്ങള്‍ക്ക് ആവര്‍ത്തിച്ച് വിധേയമായിട്ടുള്ള കമറീനോ-സാന്‍ സെവറീനോ രൂപത ഇറ്റലിയിലെ മാര്‍ക്കെ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ജൂണ്‍ 16, ഞായറാഴ്ച പ്രാദേശികസമയം രാവിലെ 8.45-ന് വത്തിക്കാന്‍ തോട്ടത്തില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കമറീനോയിലേയ്ക്കു പുറപ്പെടുന്ന പാപ്പാ ഉച്ചതിരിഞ്ഞ് 3 മണി വരെ ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി നേര്‍ക്കാഴ്ച നടത്തുകയും കെടുതിയുടെ വിവിധ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും ചെയ്യും. പ്രാദേശികസമയം രാവിലെ 10.30-ന് കൊര്‍ത്തീനോയിലെ കവൂര്‍ മുനിസിപ്പല്‍ ചത്വരത്തിലെ താല്‍ക്കാലിക വേദിയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

വൈകുന്നേരം 4.00-ന് വത്തിക്കാന്‍ തോട്ടത്തിലെ ഹെലിപ്പാഡില്‍ പാപ്പാ ഇറങ്ങുന്നതോടെയാണ് ഇറ്റലിയിലെ ഫ്രാന്‍സിസ് പാപ്പായുടെ ഇടയസന്ദര്‍ശനം സമാപിക്കുന്നത്. പാപ്പായുടെ 24-ാമത് ഇടയസന്ദര്‍ശനമാണിത്.