പുരാതന ക്രൈസ്തവരെക്കുറിച്ച് സൂചന നൽകുന്ന ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തി

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തിയാതായി വെളിപ്പെടുത്തി സ്വിറ്റ്സര്‍ലണ്ടിലെ ബാസെല്‍ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസ്സറായ സബൈന്‍ ഹ്യൂബ്നെർ. റോമന്‍ സാമ്രാജ്യത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ കയ്യെഴുത്ത് പ്രതി എഡി 230-ല്‍ എഴുതപ്പെട്ടതാണെന്ന് സബൈന്‍ ഹ്യൂബ്നെർ വെളിപ്പെടുത്തുന്നു.

ഏറ്റവും പഴക്കമേറിയത് എന്നു കരുതപ്പെടുന്ന ഈ രേഖ ബാസെല്‍ യൂണിവേഴ്സിറ്റിയുടെ പുരാതനരേഖകളുടെ ശേഖരത്തില്‍ നിന്നുമാണ് ലഭിച്ചത്. അറിയാനൂസ് എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തി, തന്റെ സഹോദരനെഴുതിയ കത്താണിത്. കർത്താവിൽ സുഖമായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഈ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അക്കാലത്തെ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാക്യമാണിതെന്നും അതിനാൽ തന്നെ അറിയാനൂസും, അവന്റെ കുടുംബവും ക്രിസ്ത്യാനികളായിരുന്നുവെന്നുമുള്ള നിഗമനത്തിലാണ് സബൈന്‍ ഹ്യൂബ്നെർ. കഴിഞ്ഞ 100 വര്‍ഷമായി യാതൊരുവിധ പഠനങ്ങള്‍ക്കോ, ഗവേഷണത്തിനോ വിധേയമാകാതെ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു ഈ അമൂല്യരേഖ.