അർദ്ധരാത്രിയിലെ ശബ്ദകോലാഹലം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അന്ന് എല്ലാവരും നന്നായി മടുത്തിരുന്നു. പ്രാർത്ഥനയും അത്താഴവും കഴിഞ്ഞ് കിടന്നതേ ഉറങ്ങിപ്പോയി. ഏകദേശം പന്ത്രണ്ടു മണി ആയിക്കാണും, കോഴികൾ ഉറക്കെ കരയുന്ന ശബ്ദം. പെട്ടന്നു തന്നെ എഴുന്നേറ്റ് ലൈറ്റ് തെളിച്ചു. കൂടിനരികിൽ എന്തോ ബഹളം. നോക്കുമ്പോൾ കൂടിനരികിലായി വലിയൊരു കാട്ടുപൂച്ച. ആളനക്കം കേട്ടപാടെ അത് എവിടേയ്ക്കോ ഓടിമറഞ്ഞു. തിരിച്ചുവന്ന് കിടന്നപ്പോൾ ഉറക്കം വന്നില്ല. ഒരു കാപ്പി കുടിച്ച് അല്പനേരം ബൈബിൾ വായിക്കാമെന്നു കരുതി. അന്നത്തെ വായനയിൽ മനസിൽ പതിഞ്ഞ വചനഭാഗം ഇന്നും വായിക്കാനിടയായി; പിശാചുബാധയിൽ നിന്നും മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ക്രിസ്തുവിന്റെ കാൽക്കൽ വീണ് കരയുന്ന കാനാൻകാരി.

അത്ര നല്ല രീതിയിലല്ല ക്രിസ്തു അവളോട് സംസാരിക്കുന്നത്. എന്നിട്ടുപോലും വിശ്വാസം കൈവിടാതെ അവൾ അപേക്ഷിച്ചുകൊണ്ടേയിരുന്നു. അവളെ നോക്കി ക്രിസ്തു പറഞ്ഞു: “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി” (മത്തായി 15:28). അന്നു രാത്രി, ക്ഷീണിച്ചു കിടന്നപ്പോൾ എന്തുവന്നാലും എഴുന്നേൽക്കുകില്ല എന്നായിരുന്നു ഞാൻ തീരുമാനിച്ചത്. എന്നാൽ കോഴികളുടെ നിരന്തരവിലാപം ഞങ്ങളെ ഉണർത്തി എന്നുവേണം പറയാൻ.

നമ്മുടെ പ്രാർത്ഥനാജീവിതത്തിലും ഇങ്ങനെയൊരു തീക്ഷ്ണതയാണ് വേണ്ടത്. ചോദിക്കുന്നതു പലതും ലഭിക്കാതിരിക്കുമ്പോൾ യജമാനൻ ഉണരുന്നത്ര തീക്ഷ്ണതയിൽ നിലവിളിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? നിലവിളിയിലെ ആത്മാർത്ഥതയാണ് ഉത്തരത്തിന് വേഗത കൂട്ടുക.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.