പകർച്ചവ്യാധികൾക്കിടയിലും സ്വയം മറന്ന് ശുശ്രൂഷിച്ച് മരണമടഞ്ഞ മിഷനറി

ഫ്രഞ്ച് മിഷനറിയായ ഫാ. ഗബ്രിയേൽ റിച്ചാർഡ്, അമേരിക്കയിലെ മിഷിഗണിലെ വിശ്വാസ വളർച്ചയ്ക്ക് നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മിഷിഗൺ സർവ്വകലാശാല സ്ഥാപിക്കുകയും സാംക്രമികരോഗങ്ങൾ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുകയും ചെയ്ത വ്യക്തി. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച സമയത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെയാണ് അദ്ദേഹം മരണമടഞ്ഞത്. ഈ കോവിഡ് മഹാമാരിക്കിടെ അദ്ദേഹത്തിന്റെ ജീവിതമാതൃക നമുക്ക് വായിച്ചറിയാം.

1767 ഒക്ടോബർ 15-ന് ഫ്രാൻസിലെ ലാ വില്ലെ ഡി സെയിന്റസിൽ റിച്ചാർഡ് ജനിച്ചു. വൈദികനായതിനുഷം 1798-ൽ ഒരു മിഷനറിയായി അമേരിക്കയിൽ അദ്ദേഹം തന്റെ സേവനം ആരംഭിച്ചു. 1817-ൽ മിഷിഗൺ സർവ്വകലാശാലയ്ക്ക് ആരംഭം കുറിച്ച അദ്ദേഹം, അതിന്റെ ആദ്യത്തെ പ്രൊഫസർമാരിൽ ഒരാളായിരുന്നു. ഫാ. റിച്ചാർഡ്, തദ്ദേശവാസികളായ അമേരിക്കക്കാർക്കിടയിൽ കൂടുതൽ സമയം ചെലവഴിക്കുകയും കത്തോലിക്കാ കുടിയേറ്റക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. പാവപ്പെട്ടവർക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിത്തീർന്നു.

1812-ലെ യുദ്ധത്തിൽ, ഡെട്രോയിറ്റിനെ ബ്രിട്ടീഷ് സേന പിടിച്ചെടുത്തു. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ, “ഞാൻ അമേരിക്കൻ ഭരണഘടനയെ പിന്തുണയ്ക്കും; മറ്റൊന്നും എനിക്കാവില്ല. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക” എന്നായിരുന്നു നിർഭയം അദ്ദേഹത്തിന്റെ മറുപടി. ഡെട്രോയിറ്റിൽ സാംക്രമികരോഗം പടർന്നുപിടിച്ചപ്പോൾ ഫാ. റിച്ചാർഡ് രോഗികൾക്കായി അശ്രാന്തം പ്രവർത്തിച്ചു.

1832-ൽ പടർന്നുപിടിച്ച കോളറ രാജ്യത്താകെ വ്യാപിച്ചു. അത് ഡെട്രോയിറ്റിലെ പകുതിയിലധികം ആളുകളെയും സാരമായി ബാധിച്ചു. പ്ലേഗ് ബാധയുടെ സമയത്തും ഈ വൈദികൻ തന്റെ അജഗണങ്ങളോടൊപ്പം നിന്നു. ആയിരക്കണക്കിന് ആളുകൾ രോഗഭയത്താൽ ഓടിപ്പോയപ്പോഴും ഫാ. റിച്ചാർഡ്, രോഗികളെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പം ആയിരുന്നു. മരിക്കാറായ രോഗികളെ അദ്ദേഹം നല്ല മരണത്തിനായി ഒരുക്കി.  മരിച്ചവരെ സംസ്കരിക്കുകയും ചെയ്തു. സുരക്ഷിതസ്ഥലം തേടുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല.

എന്നാൽ, അവസാനം അദ്ദേഹം രോഗബാധിതനായി. മൂന്ന് മാസത്തോളം ഈ രോഗത്താൽ അദ്ദേഹം വളരെ ക്ലേശിച്ചു. എങ്കിലും രോഗികളെ ശുശ്രൂഷിക്കുന്നതിൽ നിന്നും ഈ വൈദികൻ പിന്മാറിയില്ല. അവസാനം സ്വയം എഴുന്നേറ്റുനില്‍ക്കാൻ കഴിയാത്തതുപോലെ ദുർബലനായപ്പോൾ മാത്രമാണ് അദ്ദേഹം വിശ്രമത്തിലേയ്ക്ക് മാറിയത്. എന്നാൽ, അധികം താമസിയാതെ ദൈവത്തിന്റെ പക്കലേയ്ക്ക് നിത്യസമ്മാനത്തിനായി ഈ വൈദികൻ വിളിക്കപ്പെട്ടു.

1832 സെപ്റ്റംബർ 13-ന് ഫാ. റിച്ചാർഡ് അന്തരിച്ചു. സഭയും മിഷിഗൺ സംസ്ഥാനവും അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വീരോചിതമായ മാതൃക ഇന്ന് ഏറെ പ്രസക്തമാണ്. ഒരു പകർച്ചവ്യാധിയുടെ ദുരിതത്തിലൂടെയാണ് നാമും കടന്നുപോകുന്നത്. സ്വന്തം ജീവിതം പോലും അനേകർക്കായി മാറ്റിവച്ചു ശുശ്രൂഷിച്ച ഫാ. ഗബ്രിയേൽ റിച്ചാർഡ് നമ്മുടെ പ്രവർത്തനമണ്ഡലങ്ങളിലും നമ്മെ പ്രചോദിപ്പിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.