കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

മാറുന്ന കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രേഷിതവര്യനായ വിശുദ്ധ തോമാശ്ലീഹായുടെ വഴികളെ പുതിയ കാലഘട്ടത്തില്‍ ഫലപ്രദമായി അടയാളപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടു കൂടുതല്‍ സ്‌നേഹവും കരുണയും നമുക്കുണ്ടാകണം. സഭയുടെ തലങ്ങളില്‍ നിന്നു സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കു പ്രേഷിത ചൈതന്യം വ്യാപിക്കണം. സഭ ഇന്നു നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും നാം മുന്നോട്ടുപോക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ഛാന്ദാ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം പതാക ഉയര്‍ത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് ആശയവിനിമയം നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ സത്‌ന രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വചനസന്ദേശം നല്‍കി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ച് ഡീക്കനായി.

ഉച്ചയ്ക്കുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.