ക്രൈസ്തവരുടെ പ്രതിഷേധം അവഗണിച്ചു: തുർക്കിയിലെ കോറ ക്രിസ്ത്യൻ ദൈവാലയം പൂർണ്ണമായും മോസ്‌ക് ആക്കി മാറ്റി

കോറ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇസ്‌താംബൂളിലെ പുരാതന ബൈസന്റൈൻ ദൈവാലയം പൂർണ്ണമായും മോസ്‌ക് ആക്കി മാറ്റി. തുർക്കിയിലെ പുരാതന ദൈവാലയങ്ങളിലൊന്നായ ഹോളി സേവ്യർ ദൈവാലയം ആദ്യം മ്യൂസിയമായും പിന്നീട് കരിയേ മസ്ജിദ് ആയും എർദോഗൻ ഭരണകൂടം മാറ്റിയിരുന്നു. ദൈവാലയം മസ്ജിദ് ആക്കി പരിവർത്തനം ചെയ്യാൻ പ്രസിഡന്റ് ഉത്തരവിട്ടതിനു നാലു വർഷങ്ങൾക്കുശേഷം ഈ തിങ്കളാഴ്ച, 2024 മെയ് ആറാം തീയതിയാണ് ഇവിടെ ഇസ്ലാമിക പ്രാർഥനകൾ നടത്തുന്നതിനായി പൂർണ്ണമായും തുറന്നുകൊടുത്തത്.

മ്യൂസിയമാക്കി മാറ്റിയ ഹോളി സേവ്യർ ദൈവാലയം മോസ്‌ക് ആക്കി മാറ്റാൻ 2020-ൽ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഉത്തരവിട്ടു. ഇതേ തുടർന്ന് 2020 ഒക്ടോബർ 30-ന് ഇവിടെ ഇസ്ലാംമത പ്രാർഥനകൾ നടത്തിയിരുന്നു. മ്യൂസിയത്തിൽ നിന്നും മസ്ജിദിലേക്കുള്ള പരിവർത്തനപദ്ധതി 2020-ൽ ആരംഭിച്ച് ആ വർഷം ഒക്ടോബറോടെ പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ പദ്ധതി വൈകിപ്പിച്ചു.

ഇപ്രകാരം മ്യൂസിയം മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ച നാൾമുതൽ ഓർത്തഡോക്‌സ്, കത്തോലിക്കാ സഭകളിലെ വൈദികരും വിശ്വാസികളും വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന രീതിയിലുള്ള നടപടികളുമായി എർദോഗൻ ഭരണകൂടം മുന്നോട്ടുപോവുകയായിരുന്നു. ദൈവാലയത്തിനുള്ളിലെ രൂപങ്ങളും ചിത്രങ്ങളും പൂർണ്ണമായും മറച്ചശേഷമാണ് ഇവിടെ ഇസ്ലാമിക പ്രാർഥനകൾ നടത്തിയത്. കൂടുതൽ യാഥാസ്ഥിതികരും ദേശീയവാദികളുമായ തന്റെ പിന്തുണക്കാരെ ശക്തിപ്പെടുത്താനുള്ള എർദോഗന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെ വിദഗ്ധർ വിലയിരുത്തുന്നത്.

ഗ്രീക്ക് ക്രൈസ്തവരുടെ ഇടയിൽ നോവായി കൊറേ പള്ളി 

കോറ പള്ളി എന്നുകൂടി അറിയപ്പെടുന്ന ഹോളി സേവ്യർ ദൈവാലയം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈൻ ദൈവാലയങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കൂടാതെ, നിരവധി അതുല്യമായ രൂപങ്ങളാലും പെയിന്റിംഗുകളാലും ചിത്രകലകളാലും ദൈവാലയം അലങ്കരിക്കപ്പെട്ടിരുന്നു.

ഇസ്താംബൂളിന്റെ വടക്കുകിഴക്കായുള്ള അഡ്രിയാനോപ്പിൾ ബൈസന്റൈൻ ഗേറ്റിനു സമീപം പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഹോളി സേവ്യർ ദൈവാലയം പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുനരുദ്ധരിച്ചിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ  കീഴടക്കിയതിനുശേഷം, ഓട്ടോമൻ അധികാരികൾ 1511-ൽ അത് ഒരു മോസ്‌ക്കായി മാറ്റുന്നതുവരെ കെട്ടിടം അതേപടി നിലനിർത്തി. ദൈവാലയത്തിനുള്ളിലെ രൂപങ്ങളും ചിത്രങ്ങളും പൂർണ്ണമായും പ്ലാസ്റ്റർ ചെയ്തു മറച്ചശേഷമാണ് അതൊരു മോസ്കാക്കിയത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ചുവരുകളിൽ വളരെക്കാലം മറഞ്ഞിരിക്കുന്ന മാസ്റ്റർ പീസുകൾ കണ്ടെത്തുകയും 1945-ൽ കെട്ടിടം ഒരു മ്യൂസിയമായി മാറ്റുകയും അതിനുള്ളിലെ മതപരമായ ആചാരങ്ങൾ നിരോധിക്കുകയും ചെയ്തു. എന്നാൽ 2020 ആഗസ്റ്റിൽ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, 1958-ലെ മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനം നീക്കി അതൊരു ഇസ്ലാമിക ആരാധനാലയമാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഹോളി സേവ്യർ ദൈവാലയം മോസ്കാക്കി മാറ്റുന്നതിനുള്ള എർദോഗന്റെ നടപടികളോട് ആദ്യം മുതൽത്തന്നെ ഗ്രീക്ക് ക്രൈസ്തവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ദൈവാലയം പൂർണ്ണമായും മോസ്‌ക്ക് ആക്കി മാറ്റിയ തീരുമാനത്തെ മാനവികതയ്ക്ക് ദോഷം ചെയ്യുന്ന പ്രവർത്തി എന്നാണ് ഗ്രീസിന്റെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.