മെയ് 09: വിശുദ്ധ പക്കോമിയസ്

പക്കോമിയസ്, ഈജിപ്റ്റിലെ തേബായിഡില്‍ 292-നോടടുത്ത് അക്രൈസ്തവ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ ചേര്‍ന്നു. ഒരിക്കല്‍ സൈന്യവ്യൂഹം നൈല്‍ നദീതടത്തിലായിരിക്കെ, കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രാതികൂല്യം നിമിത്തം നന്നേ വിഷമിച്ചു. അന്ന് അവിടത്തെ ക്രിസ്ത്യാനികളാണ് അവര്‍ക്ക് ഉദാരസഹായം നല്കിയത്. ആ ക്രിസ്ത്യാനികളുടെ മനുഷ്യസ്‌നേഹവും സേവനൗത്സുക്യവും പക്കോമിയസിന്റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചു.

സൈന്യസേവനം കഴിഞ്ഞ് മടങ്ങിയെത്തിയ പക്കോമിയസ്, ആദ്യമായി പോയത് നാട്ടിലെ ക്രൈസ്തവ ദൈവാലയത്തിലേക്കാണ്. അവിടെ നിന്നും അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു. ക്രിസ്ത്യാനികളുടെ കരങ്ങള്‍ വഴി സര്‍വശക്തന്‍ തനിക്കു നല്കിയ സവിശേഷാനുഗ്രഹങ്ങള്‍ക്ക് എങ്ങനെ പ്രതിസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ടൂ എന്നു ചിന്തിച്ചുകൊണ്ടിരിക്കെ, മരുഭൂമിയില്‍ പാര്‍ത്തിരുന്ന പാലേമോണ്‍ എന്ന മഹാതാപസനെക്കുറിച്ച് കേട്ടറിഞ്ഞു. ഉടന്‍തന്നെ പക്കോമിയസ് അദ്ദേഹത്തെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു.

കഠിനമായ തപശ്ചര്യകളാണ് അവര്‍ അനുഷ്ഠിച്ചിരുന്നത്. ഒരുദിവസം പക്കോമിയസ് നൈല്‍ നദീതടത്തില്‍ വിശാലസുന്ദരമായ ഒരു പ്രദേശം കണ്ടു. ലൗകികസുഖഭോഗങ്ങള്‍ വെടിഞ്ഞ് ഈശ്വരനെ ധ്യാനിക്കാന്‍ ആ സ്ഥലം അനുയോജ്യമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു ദിവ്യനിര്‍ദേശം ലഭിക്കുന്നതായി അദ്ദേഹത്തിനു തോന്നി. പക്കോമിയസ് അവിടെ ഒരു ആശ്രമം പണിതു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുയായികളുടെ എണ്ണം നൂറ് കവിഞ്ഞു. പക്കോമിയസിന്റെ ചൈതന്യവത്തായ ജീവിതം തന്നെയായിരുന്നു ആശ്രമാംഗങ്ങളുടെ നിയമഗ്രന്ഥം.

സന്യാസവ്രതം സ്വീകരിച്ചതിനുശേഷം അദ്ദേഹം പതിനഞ്ചു വര്‍ഷത്തോളം രാത്രിയില്‍ ഒരുദിവസം പോലും കിടന്നുറങ്ങിയിട്ടില്ല. ശിലയില്‍ ചാരിയിരുന്നു വിശ്രമിക്കുകയേ ചെയ്തിട്ടുള്ളൂ. ഒരിക്കലും മൃഷ്ടാന്നം ഭക്ഷിച്ചിട്ടില്ല. ആശ്രമാംഗങ്ങളുടെമേല്‍ കര്‍ക്കശമായ നിയമങ്ങളൊന്നും അടിച്ചേല്പിച്ചില്ല. അനുഷ്ഠാനങ്ങള്‍ ഓരോ വ്യക്തിയുടെയും കഴിവിനു വിട്ടുകൊടുക്കുകയാണു ചെയ്തത്.

സന്യാസികളുടെ എണ്ണം വര്‍ധിച്ചതോടുകൂടി പക്കോമിയസ് അവിടെ ആറ് ആശ്രമങ്ങള്‍ കൂടി സ്ഥാപിച്ചു. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് ഒരു ദൈവാലയവും നൈല്‍ നദിയുടെ മറുകരയില്‍ തന്റെ സഹോദരി ഉള്‍പ്പെടെ ഏതാനും സന്യാസിനിമാര്‍ക്കുവേണ്ടി ഒരു മഠവും സ്ഥാപിച്ചു. പക്കോമിയസിനെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം ആളുകള്‍ അനുദിനം അവിടെ എത്തിക്കൊണ്ടിരുന്നതായും അര്‍ഥികള്‍ക്ക് അദ്ദേഹത്തിന്റെ പ്രാര്‍ഥനയാല്‍ രോഗശാന്തിയുള്‍പ്പെടെ ഒട്ടേറെ അനുഗ്രഹങ്ങള്‍ സിദ്ധിച്ചിരുന്നതായും കാണുന്നു.

348 മെയ് 15-ാം തീയതി വിശുദ്ധന്‍ മരണമടഞ്ഞു. അപ്പോള്‍ ഒമ്പത് ആശ്രമങ്ങളിലായി അദ്ദേഹത്തിന് മൂവായിരത്തോളം അനുയായികളുണ്ടായിരുന്നു.

വിചിന്തനം: ”കര്‍ത്താവ് എത്ര മാധുര്യവാനാണെന്നു രുചിച്ചറിയണമെങ്കില്‍, നിന്റെ ഹൃദയം ശുദ്ധമായി കാത്ത് ദൈവത്തിന്റെ മുമ്പില്‍ അതിനെ തുറന്നുവയ്ക്കുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.