വി. ചാൾസ് ലുവാംഗയും വി. മതിയ മുലുംബയും: പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ട് ഉഗാണ്ടൻ രക്തസാക്ഷികൾ

തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെട്ട രണ്ട് ഉഗാണ്ടൻ രക്തസാക്ഷികളാണ് വി. ചാൾസ് ലുവാംഗയും വി. മതിയ മുലുംബയും. ഈ രണ്ടു രക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടങ്ങൾ ഒരു നൂറ്റാണ്ടിലേറെ റോമിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ഈ ഭൗതികാവശിഷ്ടങ്ങൾ ഉഗാണ്ടയിലേക്കു തിരിച്ചെത്തിക്കുകയാണ്. ഇരുവരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചാണ് വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങൾ ഉഗാണ്ടയിലേക്ക് എത്തിക്കുന്നത്.

ക്രിസ്തുമതത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചു ഭയപ്പെട്ട രാജാവ് അതിനാൽത്തന്നെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമാണ് ഉഗാണ്ട. വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ രാജ്യത്ത് എത്തുന്നതോടെ വിശ്വാസത്തിലും പ്രത്യാശയിലും ആളുകൾ കൂടുതൽ വളരുമെന്നാണ് പ്രതീക്ഷ.

മരണക്കിടക്കയിൽ വച്ച് രഹസ്യമായി സ്നാനമേറ്റ ഉഗാണ്ടയിലെ മുതേസ രാജാവ് തന്റെ രാജ്യത്തിലേക്ക് മറ്റു മതങ്ങൾ കടന്നുവരുന്നതിൽ തടസ്സം നിന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മ്വാംഗ രാജാവ് അങ്ങനെയായിരുന്നില്ല. കത്തോലിക്കാ വിശ്വാസത്തെ അദ്ദേഹം ശക്തിയുക്തം എതിർത്തു.

1885-ൽ, ഒരു ആംഗ്ലിക്കൻ ബിഷപ്പിനെയും നിരവധി മിഷനറിമാരെയും വധിക്കാൻ രാജാവ് ഉത്തരവിട്ടു, മ്വാംഗ രാജാവിന്റെ കൊട്ടാരത്തിലെ ജോലിക്കാരനും ക്രിസ്ത്യാനിയുമായിരുന്ന വി. ജോസഫ് മുകാസ അതിനു തടസ്സം നിന്നു. രാജാവിന്റെ രോഷത്തിൽ നിന്നും പീഡനത്തിൽ നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ മുകസ വളരെക്കാലമായി പ്രവർത്തിച്ചിരുന്നു. അങ്ങനെ മുകസയെ വധിക്കാൻ രാജാവ് ഉത്തരവിട്ടു. എന്നാൽ പെട്ടെന്നുതന്നെ മുകാസയുടെ വധശിക്ഷ റദ്ദാക്കാൻ രാജാവ് തീരുമാനിച്ചു. പക്ഷേ, ശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് വന്നത്.

മുകാസയുടെ മരണത്തിനു സാക്ഷിയായ ചാൾസ് ലുവാംഗ എന്ന യുവാവ് മുകസയുടെ വധശിക്ഷ നടപ്പാക്കിയ അതേ രാത്രിയിൽ സ്നാനമേറ്റു. എന്നാൽ മുകസയുടെ മരണത്തിന് ഏകദേശം ആറു മാസത്തിനുശേഷം, രാജാവ് ചാൾസ് ലുവാംഗയെയും വധിച്ചു. ഉഗാണ്ടയിലെ വിശ്വാസികൾ ഓരോരുത്തരായി വധിക്കപ്പെട്ടു; അവരിൽ ഭൂരിഭാഗവും ജീവനോടെ ചുട്ടെരിക്കപ്പെടുകയാണുണ്ടായത്. അവരുടെ അവശിഷ്ടങ്ങൾ ഉഗാണ്ടയിലെ എല്ലാ പ്രധാന ക്രോസ്റോഡുകളിലും കാണപ്പെട്ടു.

ക്രോസ്റോഡിൽ ബാക്കിയായ മൃതദേഹാവശിഷ്ടങ്ങൾ മൃഗങ്ങൾ ഭക്ഷണമാക്കിയതിനാൽ അവ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ വി. ചാൾസ് ലുവാംഗയുടെയും വി. മതിയ മുലുംബയുടെയും ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനും റോമിലേക്ക് അയയ്ക്കാനും കഴിഞ്ഞു. അങ്ങനെ ഈ രണ്ട് ഉഗാണ്ടൻ രക്തസാക്ഷികളെ 1964 ഒക്ടോബറിൽ വി. പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.