എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്

ജോബിഷ് പള്ളിത്തോട്‌
ജോബിഷ് പള്ളിത്തോട്‌

ക്ലോഡിയൻ ചക്രവർത്തിയുടെ മതപീഡനക്കാലത്ത് ക്രിസ്ത്യാനികളെ സഹായിച്ചുപോന്ന ഒരു വിശുദ്ധനായിരുന്നു വാലെന്‍ന്റൈൻ. ക്രിസ്തുവിന് തന്നോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു മനുഷ്യരോടും പ്രത്യേകിച്ച്, യുവതീയുവാക്കന്മാരോടും അദ്ദേഹം കാണിച്ച സേവന മനോഭാവം.

ഫെബ്രുവരി 14 വാലന്‍ന്‍റൈസ് ദിനം അല്ലെങ്കിൽ പ്രണയിക്കുന്നവരുടെ ദിനമായി നാം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർ തമ്മിൽ പരസ്പരം കണ്ടുമുട്ടാനും, സമ്മാനങ്ങൾ കൈമാറാനും, ഒരുമിച്ചു യാത്ര ചെയ്യാനും, ഒരുമിച്ച് സമയം ചെലവഴിക്കാനുമൊക്കെയുള്ള ദിവസം… പ്രണയം പൊതുവെ മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്നു. എന്നാൽ, പ്രണയശൈലികൾക്ക് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഒടുവിൽ നിരാശയുടെയും കുറ്റബോധത്തിന്റയും ചെളിക്കണങ്ങൾ ഉണങ്ങി നമ്മെ വരിഞ്ഞുമുറുക്കുന്നു.

നമ്മൾ ആരെയെങ്കിലുമൊക്കെ പ്രണയിച്ചിട്ടുണ്ടാവാം. ചിലപ്പോൾ ആരുടെയൊക്കെയോ പ്രണയാഭ്യർത്ഥന നിരസിച്ചവരുമായിരിക്കാം. എന്തുമാകട്ടെ, നമ്മെ മാറ്റമില്ലാതെ പ്രണയിച്ച ഒരാളുണ്ട്. നമ്മുടെ കുറവുകളെ പ്രണയിച്ചവൻ,
നമ്മുടെ ബലഹീനതകൾ അറിഞ്ഞ് പ്രണയിച്ചവനെ നാം തിരിച്ചു പ്രണയിച്ചിട്ടുണ്ടോ?
അവന്റെ പ്രണയത്തിന്റെ മാധൂര്യം തിരിച്ചറിഞ്ഞിട്ടുണ്ടോ?

ദൈവത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് സ്നേഹമാണ്. ആ ദിവ്യസ്നേഹത്തിന്റെ മാധൂര്യം ബാല്യകാലം മുതലേ തിരിച്ചറിഞ്ഞവരാണ് വിശുദ്ധർ. ആ ദിവ്യസ്നേഹത്തെ രഹസ്യമായി ഹൃദയത്തിൽ കാത്തുസൂക്ഷിച്ച വ്യക്തികളായിരുന്നു ഇവർ.

പ്രണയിക്കുന്നവരിൽ പ്രണയത്തിന്റെ തീവ്രത ഊർജ്ജപ്പെടുത്തുന്ന ഒന്നാണ് പരസ്പരമുള്ള ആശയവിനിമയം. ‘നീ എന്റേതാണ്’, ‘ഞാൻ നിന്നെ ഒരിക്കലും മറക്കില്ല’, ‘നീ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞുകേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിൽ മനസിൽ ഒരുതരം ആനന്ദം അനുഭവപ്പെടുന്നു. എന്നാൽ, ദൈവവചനത്തിൽ ഏശയ്യ പ്രവചകനിലൂടെ ദൈവം വ്യക്തിപരമായി നമ്മോട് ഓരോരുത്തരോടും ദൈവം ഒരു പ്രണയാഭ്യത്ഥന പറയുന്നുണ്ട് – “നീ എന്റേതാണ്… ”

ഈ ലോകത്തിൽ നമ്മെ വ്യക്തിപരമായി സ്നേഹിക്കുകയും (ഏശയ്യ 43:1) തനിക്കുള്ളതെല്ലാം താൻ സ്നേഹിക്കുന്ന നമുക്കോരോരുത്തരക്കും നൽകുന്ന, നമ്മെ പ്രണയിക്കുന്നവനാണ് നമ്മുടെ ദൈവം.

നാലു രീതികളിലാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്.

1. വ്യക്തിപരമായി നമ്മെ സ്നേഹിക്കുന്നു (ഏശയ്യ 43:1).
2. വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു (1 യോഹ. 4:8).
3. എനിക്ക് ഏറ്റവും നല്ലത് സംഭവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു (ജെറ. 29:11).
4. ലോകസ്ഥാപനത്തിനു മുമ്പേ നിന്നെ തെരഞ്ഞെടുത്തു പ്രണയിച്ചവൻ (1 യോഹ. 4:10).

ഈ നാലു രീതികളിൽ ദൈവം വ്യക്തിപരമായി നമ്മെ സ്നേഹിക്കുന്നു –
വ്യവസ്ഥകളില്ലാതെ നല്ലതുമാതം നൽകി. ലോകസ്ഥാപനത്തിനു മുമ്പേ നിന്നെ പ്രണയിച്ചവൻ അവന്റെ പേരാണ് ‘ഇമ്മാനുവേൽ’ (ദൈവം നമ്മോടു കൂടെ). നമ്മുടെ പിന്നാലെ നടക്കുന്നവനല്ല, കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം. ഈ രീതിയിൽ സ്നേഹിക്കാൻ നമ്മുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ അദ്ധ്യപകർക്കോ സുഹൃത്തുക്കൾക്കോ ലോകത്തിലാർക്കും തന്നെ സാധിക്കില്ല. എന്നാൽ, ലോകസ്ഥാപനത്തിനു മുമ്പേ നിന്നെ തെരഞ്ഞെടുത്ത ദൈവത്തിന്റെ പ്രണയം അചഞ്ചലമില്ലാതെ നിലനിൽക്കുന്നു. നിന്നോടുള്ള അതിയായ പ്രണയം മൂലം. നിന്റെ കാതുകളിൽ ഇന്നും മുഴങ്ങുന്ന ഒരു ശബ്ദമാണ്, “എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്” (ജെറ. 31:3).

ജോബിഷ് പള്ളിത്തോട്