മോണ്ട്സെ ഗ്രേസസ് എന്ന കൗമാരക്കാരി; ലളിതമായി ജീവിച്ച് വിശുദ്ധി സ്വന്തമാക്കിയ ഹീറോയിന്‍

മോണ്ട്സെ എന്നറിയപ്പെടുന്ന മരിയ മോണ്ട്സെറാത്ത് ഗ്രേസ് ഗാർസിയ എന്ന കൗമാരക്കാരി, പതിനേഴ് വയസുവരെ മാത്രമേ ജീവിച്ചുള്ളു. താൻ ജീവിച്ച കാലഘട്ടം മുഴുവൻ ആയിരുന്ന വീട്ടിലും കൂട്ടുകാർക്കിടയിലും സമാധാനം പകർന്നു കൊടുത്തുകൊണ്ട് കടന്നുപോയ ഒരു വിശുദ്ധയാണ്. ആ ജീവിതം നമുക്ക് വായിച്ചറിയാം.

മോണ്ട്സെ 1941 ജൂലൈ 10-ന് ബാഴ്‌സലോണയിൽ ജനിച്ചു. ഒൻപതു മക്കളിൽ രണ്ടാമത്തവളാണ് ഈ കൗമാരക്കാരി. ദൈവത്തെ സ്നേഹിക്കാനും ദൈവത്തിൽ വിശ്വസിക്കാനും മാതാപിതാക്കൾ അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചു. സ്വതസിദ്ധമായ സ്നേഹവും കാരുണ്യവും അവൾ ജീവിതത്തിൽ പുലർത്തി. ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ മോണ്ട്സെയ്ക്ക് ബ്രോങ്കൈറ്റിസും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. അന്ന് അതിന് ചികിത്സ ഇല്ലാത്തതിനാൽ നിരന്തരമായ പരിചരണം ആവശ്യമായിരുന്നു. മൂന്ന് വയസ്സായപ്പോൾ അവളുടെ അസുഖം കുറെ ഭേദപ്പെട്ടു. അങ്ങനെ സ്‌കൂളിൽ പോകുവാനുള്ള ആരോഗ്യം അവൾ വീണ്ടെടുത്തു.

മോണ്ട്സെയ്ക്ക് ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. സ്പോർട്സ്, നൃത്തം, സംഗീതം, അഭിനയം എന്നിവയിലെല്ലാം അവൾ മുന്നിട്ടുനിന്നു. തന്നെ കണ്ടുമുട്ടിയവർക്കെല്ലാം അവൾ സ്‌നേഹപൂർവ്വമായ പുഞ്ചിരി സമ്മാനിച്ചു. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന മീറ്റിംഗുകളിലും ചടങ്ങുകളിലും അവൾ പങ്കെടുക്കാൻ തുടങ്ങി. 1951-ൽ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള സ്‌കൂളിൽ മോണ്ട്സെ, ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. ദരിദ്രരായ കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുവാനും അവൾ സന്നദ്ധയായി. സാധിക്കുമ്പോഴൊക്കെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ആത്മീയമായ വളർച്ച പ്രാപിക്കുകയും ചെയ്തു.

പതിനഞ്ചു വയസുള്ളപ്പോൾ വീണ് കാലിന് പരിക്കേറ്റു. അതിന്റെ വേദനയെല്ലാം ശുദ്ധീകരണാത്മാക്കൾക്കായി സമർപ്പിച്ചുകൊണ്ട് അവൾ ഇപ്രകാരം പ്രാർത്ഥിച്ചു: “ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുമ്പോൾ, ഞാൻ നിന്നെ ആവേശത്തോടെ സ്നേഹിച്ചു. മരണശേഷവും ഞാൻ നിന്നെ സ്നേഹിക്കുന്നത് തുടരും. ആത്മാവുമായി ഞാൻ നിന്നെ സ്നേഹിക്കുന്നു; ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.”

മരിയ മോണ്ട്സെറാത്ത് ഗ്രേസ് ഗാർസിയ 1959 മാർച്ച് 26-ന് അന്തരിച്ചു. മരിക്കുമ്പോൾ വെറും 17 വയസു മാത്രമേ അവള്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. അവളുടെ എളിയവും വീരോചിതവും മാതൃകാപരവുമായ ജീവിതം നിരവധി ആളുകൾ സാക്ഷ്യപ്പെടുത്തി. ഈ കൗമാരക്കാരിയുടെ പ്രശസ്തി ഇന്നും വളരുന്നു. 2016 ഏപ്രിൽ 19-ന് ഫ്രാൻസിസ് മാർപാപ്പ, മോണ്ട്സെ വീരോചിതമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെന്നും ധന്യ എന്ന പദവിക്ക് യോഗ്യയാണെന്നും സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.