

ഏറ്റവും പുരാതനമായ തൊഴില്‍ (The most ancient profession) എന്ന അഭിധാനമാണ് ലൈംഗിക തൊഴിലിന്റെ ചരിത്രപരമായ പൗരാണികത്വത്തിനുള്ള സാക്ഷ്യപത്രം. ഇതിന്റെ ചരിത്രം, മതപരമായ കാഴ്ചപ്പാട്, ധാർമ്മികത തുടങ്ങിയ വശങ്ങൾ വെളിവാക്കുന്ന ലേഖനത്തിന്റെ ആദ്യഭാഗം. ഡോ. ജോയ് ഫ്രാൻസിസ് എഴുതുന്നു.
ആമുഖം
19 -ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രചാരം ലഭിച്ചു തുടങ്ങിയെങ്കിലും ‘സ്ത്രീസമത്വവാദം’ (Feminism) ഊര്ജ്ജസ്വസമായത് 1990 മുതലാണ്. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്തനങ്ങള് പ്രത്യേകിച്ച്, അവര്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പുരുഷാധിപത്യ പ്രവണതകളില്‍ നിന്ന് മോചനം നേടുക എന്നതാണ് ഫെമിനിസത്തിന്റെ പ്രഖ്യാപിതലക്ഷ്യം. പല രാജ്യങ്ങളും വേശ്യാ, വേശ്യാവൃത്തി തുടങ്ങിയ പദങ്ങള്‍ക്കു പകരമായി, ലൈംഗിക തൊഴിലാളി, ലൈംഗിക തൊഴിൽ (Sex Work, Sex Worker) എന്നീ പദങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്.
ഈ ലേഖനത്തില്‍ വ്യഭിചാരം, വേശ്യ, വേശ്യാവൃത്തി തുടങ്ങിയ പദങ്ങള്‍ ആക്ഷേപകരമായ (derogatory) അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ആശയവ്യക്തതക്കു വേണ്ടിയും സന്ദര്‍ഭോചിതമായി അവ ഉപയോഗിച്ചിട്ടുണ്ടുതാനും.
വ്യഭിചാരം: നിര്‍വചനം
തത്സമയം തന്നെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയോ പിന്നീട് ലഭ്യമായേക്കാവുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്കു വേണ്ടിയോ തന്റെ ജീവിതപങ്കാളിയല്ലാത്ത വ്യക്തികളുമായി പങ്കുവയ്ക്കുന്ന ലൈംഗികവൃത്തികളാണ് വ്യഭിചാരം എന്ന് അറിയപ്പെടുന്നത്. ചരിത്രപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള അവിഹിതബന്ധങ്ങളെയാണ് വ്യഭിചാരം എന്ന് വിവക്ഷിക്കുന്നതെങ്കിലും സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും ട്രാന്‍സ് ജെന്‍ഡര്‍/ ഭിന്നലിംഗ വിഭാഗത്തിലുള്ളവരുമായും ഏര്‍പ്പെടുന്ന ലൈംഗികവൃത്തികളും വ്യഭിചാരത്തിന്റെ നിര്‍വചനത്തിന് കീഴില്‍ വരും.
വ്യഭിചാരം Vs വേശ്യാവൃത്തി (Adultery Vs Prostitution)
നാമരൂപത്തില്‍ ഉപയോഗിക്കുമ്പോള്‍ വ്യഭിചാരവും വേശ്യാവൃത്തിയും ഫലത്തില്‍ ഒന്നുതന്നെയെങ്കിലും അര്ത്ഥകല്പനയില് വ്യത്യാസമുണ്ട്. വ്യഭിചാരം ഒരു അതിജീവന ഉപാധിയാകണമെന്നില്ല. എന്നാല്‍ വേശ്യാവൃത്തി പലപ്പോഴും ഒരു വരുമാനസ്രോതസ്സാണ്; വരുമാനങ്ങളിലും ജീവിതശൈലികളിലും വലുപ്പച്ചെറുപ്പങ്ങള്‍ ഉണ്ടാവാമെങ്കിലും.
വ്യഭിചാരം: ചരിത്രപശ്ചാത്തലം
ഏറ്റവും പുരാതനമായ തൊഴില്‍ (The most ancient profession) എന്ന അഭിധാനമാണ് ലൈംഗികതൊഴിലിന്റെ ചരിത്രപരമായ പൗരാണികത്വത്തിനുള്ള സാക്ഷ്യപത്രം. ഈ തൊഴിലിന്റെ സാര്‍വ്വലൗകികതക്കു നിരക്കാത്ത വിധത്തിലാണ് ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവരോട് കാണിക്കുന്ന ലിംഗവിവേചനം (Gender Discrimination). അപരാധി നിര്‍ണ്ണയത്തില്‍ ഗണികയോട് കാണിക്കുന്ന കുറ്റാരോപണൗത്സുക്യം, അവളുടെ ശരീരത്തിന് വിലപേശി കിടപ്പറ പങ്കിട്ട പുരുഷനോട് കാണിക്കാറില്ല. പലപ്പോഴും പുരുഷന് നീതിപീഠത്തില്‍ നിന്നു പോലും മൃദുസമീപനമാണ് ലഭിക്കാറ്, ബൈബിള്‍ കാലഘട്ടത്തിലും ഇന്നും അങ്ങനെ തന്നെ.
ക്രി.മു. 2400 -നോടടുത്ത് രചിച്ചത് എന്നു കരുതപ്പെടുന്ന സുമേരിയന്‍ രേഖകളില്‍ ദൈവാലയങ്ങളോട് അനുബന്ധിച്ച് നടന്നിരുന്ന അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഒരു ദേവപ്രീതികരമായ ‘തൊഴില്‍’ ആയി വ്യഭിചാരവും വേശ്യാവൃത്തിയും രേഖപ്പെടുത്തിക്കാണുന്നു (Gerda Lerner, The Origin of Prostitution in Ancient Mesopotomia Signs, Winter 1986).
ക്രി.മു. 1780 -ല്‍ ക്രോഡീകരിച്ച ഹമുറാബിയുടെ ധര്‍മ്മസംഹിതയില്‍ (Code of Hammurabi) ഗണികകളുടെയും അവരുടെ സന്താനങ്ങളുടെയും അവകാശങ്ങളും അവര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളും അക്കമിട്ട് വിവരിക്കുന്നു (Codes 178-180; 187,192,193) (Geonars William King “The Code of Hammurabi” 1910).
ക്രി.മു. 700 മുതല്‍ ക്രി.മു. അവസാന നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ വരെ ചൈനാ വന്‍കരയിലെ പ്രമുഖ പട്ടണങ്ങളിലും പുരാതന ഗ്രീസിലും റോമാ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയമപരിരക്ഷയോടെ വേശ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഗണികകളില്‍ നിന്നും ഗണികാലയ നടത്തിപ്പുകാരില്‍ നിന്നും കരം പിരിവും ലൈസന്‍സ് ഫീസ് ഈടാക്കലും പ്രവിശ്യകളുടെ ഒരു പ്രധാനപ്പെട്ട ധനാഗമ മാര്‍ഗ്ഗമായിരുന്നു പോലും. ഇത്തരം സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് (State Sponsored) വേശ്യാലയങ്ങളെപ്പറ്റി അഥിനിയല് കവിയും നിയമജ്ഞനുമായ സോളോണിന്റെ ചരിത്രരേഖകളില്‍ കാണുന്നുണ്ട് (Paul Valley “A Brief History of Brothers.” London Independent, Jan. 21, 2006).
ബി.സി -യില്‍ നിന്ന് എ.ഡി -യിലേക്ക് കടക്കുമ്പോള്‍ ഗണികകളോടും ഗണികവൃത്തിയോടുമുള്ള സമീപനങ്ങള്‍ക്ക് മാറ്റം വന്നുതുടങ്ങുന്നു. മാതാപിതാക്കള്‍ക്ക് സ്വന്തം പെണ്മക്കളെയും യജമാനന്മാര്ക്ക് അടിമപ്പെണ്ണുങ്ങളെയും വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിച്ച് അയക്കാനുള്ള അധികാരം നിരാകരിക്കപ്പെട്ടു. അതോടൊപ്പം ലൈംഗിക തൊഴിലിന് നിലവിലുണ്ടായിരുന്ന കരം പിരിവും നിര്‍ത്തലാക്കി. ബൈസന്റിയന് ക്രിസ്ത്യന്‍ ചക്രവര്‍ത്തിയായിരുന്ന തിയോഡോഷ്യാനുസ് (എ.ഡി. 438) നടപ്പിലാക്കിയ ഈ നിയമം മൂലം ഈ പിരിവുകളിലൂടെ ലഭിച്ചിരുന്ന റവന്യൂ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി പോലും.
എ.ഡി. 534 -ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന മഹാനായ ജസ്റ്റീനിയന്റെ നിയമം മൂലം അടിമപ്പെണ്‍കുട്ടികള്‍ക്ക് വേശ്യാവൃത്തിയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. പൊതുസ്ഥലങ്ങളില്‍ സാധാരണമായിരുന്ന ലൈംഗികതൊഴില്‍ സൗകര്യങ്ങള്‍ നിരോധിച്ചു (Nile Johan Ringdal, “Love for Sale;” “ A World History of Prostitution, ” 2004).
എ.ഡി. 500 -കളുടെ അവസാനത്തോടെ സ്പെയിനിലെ വിസിഗോത്തുകളുടെ ഭരണകാലത്ത് പ്രത്യേകിച്ച്, റിക്കേയര്ഡ് (Recared) എന്ന കത്തോലിക്കാ രാജാവിന്റെ ഭരണകാലത്ത് കര്‍ക്കശമായ വിളംബരങ്ങളിലൂടെ വേശ്യാവൃത്തി നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് പട്ടണത്തില്‍ നിന്നുള്ള നിഷ്കാസനവും മൂന്നൂറ് അടിയുമായിരുന്നു ശിക്ഷ (Tamae Mizuta, Marie M. Roberts; Perspectives on the History of British Feminism 1994). 12 -ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക് ബാര്‍ബറോസ (1158) ‘അഴിഞ്ഞാട്ടക്കാരികളുടെ’ മൂക്ക് ഛേദിച്ച് വൈരൂപ്യം വരുത്തിയും സ്ത്രീലമ്പടന്മാരുടെ വിരലുകള്‍ മുറിച്ചും കണ്ണ് ചൂഴ്ന്നെടുത്തും കര്‍ശന ശിക്ഷകളിലൂടെ പരസ്ത്രീഗമനത്തിന് അറുതി വരുത്താന്‍ ശ്രമിച്ചു.
ചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. ക്രിസ്ത്വാബ്ദത്തിന്റെ ആരംഭ ദശകങ്ങളില്‍ തന്നെ ക്രിസ്തുമതവിശ്വാസം പാലസ്തീനായുടെയും റോമാ സാമ്രാജ്യത്തിന്റെയും അതിരുകള്‍ കടന്ന് ലോകവ്യാപകമായി പ്രചരിച്ചു. വ്യഭിചാരവും വേശ്യാവൃത്തിയും ദൈവം സ്വന്തം കൈപ്പടയില്‍ നല്കിയ പത്തു കല്പനകളിലെ ആറാം പ്രമാണത്തിന്റെ ഘനമായ ലംഘനവും നിത്യശിക്ഷാവിധിക്ക് നിദാനവുമാണ്. ഈ ബോധ്യം വേശ്യാവൃത്തിയെയും ജാരസംസര്ഗ്ഗത്തെയും ഒരു സന്മാര്‍ഗ്ഗഭ്രംശം എന്നതിനേക്കാള്‍ ഗൗരവമേറിയ തിന്മ എന്നു വിവക്ഷിക്കാനും നിയമത്തിന്കീഴ് നിരോധിക്കാനും ലോകരാഷ്ട്രങ്ങളിലെ ആത്മീയനേതൃത്വവും ഭരണാധികാരികളും മുന്‍കൈയ്യെടുത്തു. നാസി ഭരണാധികാരികള്‍ പോലും വേശ്യാവൃത്തി കര്‍ശനമായി നിരോധിച്ചു.
അഴിഞ്ഞാട്ടത്തിലൊളിച്ചിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍
വേശ്യാവൃത്തി വ്യാപകമാവുകയും പരസ്ത്രീഗമനം കേവലം ഒരു പിരിമുറുക്ക മോചനത്തിനുള്ള ഉപാധിയായി (Stress-buster) ഉപയോഗപ്പെടുത്തുകയും ചെയ്തു തുടങ്ങിയ കാലം മുതല്‍ തന്നെ വകതിരിവില്ലാത്ത ലൈംഗികബന്ധങ്ങള്‍ (Indiscriminate Sex) പലതരത്തിലുള്ള ലൈംഗികരോഗങ്ങള്‍ (Sexually Transmitted Diseases) പടര്ന്നുപിടിക്കാനിടയാക്കി. 1490 -കളില്‍ സിഫിലിസ് (Syphylis) എന്നും പറങ്കിപ്പുണ്ണ് എന്നും അറിയപ്പെടുന്ന ഗുഹ്യരോഗം യൂറോപ്പിലും അവിടെ നിന്ന് ‘കപ്പലു’കള്‍ വഴി മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനിടയായി.
16 -ാം നൂറ്റാണ്ടിലെ മതനവീകരണ ശ്രമങ്ങളും പറങ്കിപ്പുണ്ണ് പകര്‍ന്നാലോ എന്ന ഭയവും ‘കടിഞ്ഞാണില്ലാത്ത’ ലൈംഗികജീവിതത്തിന് ഒരു പരിധി വരെ ‘കടിയിരുമ്പായി’ ഭവിച്ചു.
സന്മാര്ഗ്ഗ തത്വങ്ങളിലധിഷ്ഠിതമായ ജീവിതചര്യകളിലൂടെ ലൈംഗിക രോഗപ്രതിരോധം എന്ന തത്വം ആസ്പദമാക്കി മതനിരപേക്ഷമായി 19 -ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രവര്‍ത്തിച്ച ഒരു സന്നദ്ധസംഘടനയാണ് അമേരിക്കന്‍ സൊസൈറ്റി ഓഫ് സാനിറ്ററി ആന്‍ഡ് മോറല്‍ പ്രൊഫിലാക്സിസ്. പാഠ്യപദ്ധതികളിലൂടെയും ബോധവത്ക്കരണശ്രമങ്ങളിലൂടെയും രോഗഹേതുകരമായേക്കാവുന്ന ലൈംഗികബന്ധങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരണ നല്കുന്ന പദ്ധതികളാണ് ഈ പ്രസ്ഥാനം വിഭാവനം ചെയ്തു നടപ്പാക്കിയത്.
1913 -ല്‍ റോക്കി ഫെല്ലര്‍ ജൂനിയറിന്റെ (Rocke Feller Jr.) സഹായത്തോടെ ആരംഭിച്ച സേവനപ്രസ്ഥാനമാണ് ബ്യൂറോ ഓഫ് സോഷ്യല്‍ ഹൈജീന്‍ (Bureau of Social Hygiene). 1930 -കളുടെ അവസാനം വരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നിയമനിര്‍മ്മാണങ്ങളിലൂടെയും ശിക്ഷാനടപടികളിലൂടെയും വ്യഭിചാരം നിയന്ത്രിക്കാന്‍ ശ്രമിച്ചു. 1970 ആയപ്പോഴേക്കും മനോഭാവങ്ങളുടെ ഗതി മാറിവീശാന്‍ തുടങ്ങി. 1971 -ല്‍ അമേരിക്കയിലെ നെവാഡയില്‍ (ചല്മറമ) വേശ്യാലയങ്ങള്‍ക്ക് നിയമാനുസൃതം വ്യവസ്ഥകളോടെയും അനുമതി നല്കാന് നടപടയായി.
1973 -ല്‍ ആരംഭിച്ച ഒരു കൂട്ടായ്മയാണ് COYOTE (Call Off Your Old Tired Ethics). വേശ്യകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു രൂപം കൊണ്ട ആദ്യത്തെ സംരംഭമാണ് COYOTE. സാന്‍ഫ്രാന്‍സിസ്കോയിലായിരുന്നു തുടക്കം. ഈ സംരംഭത്തിന്റെ ചുവടു പിടിച്ച് FLOP (Friends and Lovers of Prostitutes), HIRE (Hooking Is Real Employment), PUMA (Prostitutes Union of Massachusetts Association) എന്നിങ്ങനെ പല പേരുകളിലും പല ഉദ്ദേശലക്ഷ്യങ്ങളോടെയും രാജ്യത്തിന്റെ തലങ്ങും വിലങ്ങും സംഘടനകളും കൂട്ടായ്മകളും നിലവില്‍ വന്നു. നമ്മുടെ സംസ്ഥാനത്തും ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ചില ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ഇത്തരമൊരു കൂട്ടായ്മ നിലവിലുണ്ടായിരുന്നു.
വേശ്യകള്‍ക്കും അവരുടെ സേവന-വേതന വ്യവസ്ഥകളിലും കര്‍ത്തവ്യ നിര്‍വ്വഹണത്തിലും അധിഷ്ഠിതമായ അവകാശങ്ങളുണ്ടെന്ന അവബോധത്തില്‍ നിന്നാണ് ഇത്തരം കൂട്ടായ്മകള്‍ ഉടലെടുക്കുന്നത്. ഈ കൂട്ടായ്മകളുടെ സാര്‍വ്വദേശീയ കോണ്‍ഗ്രസ് (World Whore Congress) 1985 -ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചു നടന്നു. വേശ്യകളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കൂടിയ ആദ്യത്തെ കോണ്‍ഗ്രസ്സായിരുന്നു അത്.
എയ്ഡ്സ് എന്ന മഹാമാരിയുടെ പടപ്പുറപ്പാട്
1981 ജൂണ്‍ മാസം ആദ്യവാരത്തിലാണ് ആദ്യമായി എയ്ഡ്സ് എന്ന രോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. മധ്യ ആഫ്രിക്കയിലെ കോംഗോ റിപ്പബ്ലിക്കില്‍ നിന്നായിരുന്നു ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പെട്ട കുരങ്ങുകളില്‍ രോഗബാധക്കു കാരണമായ SIV (Simian Immuno deficiencyVirus) എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയത്. ആ രോഗം പിന്നീട് നായാടികളായ ഗോത്രവര്‍ഗ്ഗക്കാരിലേക്ക് വേട്ടയാടിക്കിട്ടിയ മൃഗങ്ങളുടെ രക്തം പുരണ്ട പരിക്കുകളിലൂടെ സംക്രമിക്കുകയും രക്തത്തിലൂടെയും ലൈംഗിക ബന്ധങ്ങളിലൂടെയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നു പിടിക്കാനിടയാവുകയും ചെയ്തു. അപ്പോള്‍ രോഗഹേതുകമായ വൈറസിന്റെ പേര് HIV (Human Immuno deficiencyVirus) എന്നായി. രോഗാവസ്ഥയുടെ പേര് AIDS (Acquired Immuno deficiencySyndrome) എന്ന് സ്ഥിരീകരിക്കപ്പെട്ടു.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള രോഗസംക്രമണം, രോഗബാധയുള്ള വ്യക്തിയുടെ രക്തത്തിലൂടെയോ, രക്തത്തിന്റെ ഘടകങ്ങള്‍ സ്വീകരിക്കുന്നതിലൂടെയോ, സിറിഞ്ച്, സൂചികള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ മുതലായവ അണുവിമുക്തമാക്കുന്നതില്‍ സംഭവിക്കുന്ന പോരായ്മകളിലൂടെയോ അണുബാധ പകര്‍ന്നു കിട്ടാം. ഏറെ പ്രാധാന്യമുള്ള രോഗസംക്രമണ സാധ്യത, അണുബാധയുള്ള വ്യക്തിയുമായുള്ള ലൈംഗിക ബന്ധങ്ങളിലൂടെയാണ്.
റിപ്പബ്ലിക് ഓഫ് കോംഗോ എന്ന സ്വതന്ത്രരാജ്യത്തിലെ ഒരു ചെറുപട്ടണമായ ‘കിന്‍ഷാസ’യുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം ഈ പട്ടണം പല സ്ഥലങ്ങളിലേക്കും നയിക്കുന്ന വാണിജ്യപാതകളുടെ സംഗമസ്ഥാനമാണെന്നതാണ്. ജലപാതകളിലൂടെയുള്ള ‘ചരക്ക്’ നീക്കങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഈ പട്ടണത്തെ ഒരു തന്ത്രപ്രധാനമായ വാണിജ്യകേന്ദ്രമാക്കി. സമാനമായ മറ്റേതൊരു വാണിജ്യകേന്ദ്രത്തെയും പോലെ കിന്ഷാസായും വേശ്യാലയങ്ങള്‍ക്കും ഗണികകള്‍ക്കും കുപ്രസിദ്ധമായ കേന്ദ്രമായിത്തീര്‍ന്നു. വേണമെങ്കില്‍ കിന്ഷാസയെ മധ്യ ആഫ്രിക്കയിലെ കോറിന്ത് (Corinth) എന്നു വിളിക്കാം.
അറിയപ്പെടുന്ന മറ്റു പകര്‍ച്ചവ്യാധികള്‍ പോലെ എയ്ഡ്സും വാണിജ്യപന്ഥാവുകളിലൂടെ മധ്യ ആഫ്രിക്കയില്‍ നിന്ന് ബ്രസ്സാവില് (Brazzarille) തുടങ്ങിയ കുറേക്കൂടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കും താമസംവിനാ മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. എയ്ഡ്സ് ബാധിതപ്രദേശങ്ങളെ കളിയാക്കി വിളിച്ചിരുന്ന പേരാണ് 4H. Club; ഈ ക്ലബ്ബിലെ ‘അംഗങ്ങള്‍’ H എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാരായിരുന്നതു കൊണ്ടാണ് ഇപ്രകാരമൊരു വിളിപ്പേര് വന്നത് – Homosexuals, Hemophiliaes, Heroin addicts and Haitians. ജോലിസംബന്ധമായി കോംഗോയില്‍ കഴിഞ്ഞുകൂടിയിരുന്ന ‘ഹെയ്ത്തി’ രാജ്യക്കാരുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്കാണ് ഇങ്ങനെയൊരു ‘ചാപ്പകുത്തലിനു’ (Stigmatization) കാരണം.
1981 -ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയായിലും കണ്ടെത്തിയ രോഗികളെല്ലാം തന്നെ സ്വവര്‍ഗ്ഗരതിക്കാരോ, ഹീമോഫീലിയ രോഗത്തിന് കൂടെക്കൂടെ കുത്തിവയ്പ്പുകളും രക്തദാതാക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന രക്തഘടകങ്ങള്‍ കുത്തിവയ്ക്കുന്നവരോ, മയക്കുമരുന്നുകള്‍ കുത്തിവയ്ക്കുന്നതിന് സിറിഞ്ചുകളും സൂചികളും പങ്കുവച്ച് ഉപയോഗിക്കുന്ന ഡ്രഗ് അഡിക്റ്റുകളോ ആയിരുന്നു. 1981 ഡിസംബര്‍ മാസം ഒന്നാം തീയതിയാണ് അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ എയ്ഡ്സ് രോഗിയെ നിര്‍ണ്ണയിച്ചത്. എയ്ഡ്സ് രോഗത്തിന്റെ പടയോട്ടത്തില്‍ 1981 മുതല്‍ നാളിതുവരെ 55.9-100 മില്യണ്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളും 36.3 മില്യണ്‍ മരണങ്ങളുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയെ സാവധാനത്തില്‍ ഹനിക്കുന്ന ഈ മാരകരോഗം പകരുന്നത് രോഗാണുവാഹകരായ വ്യക്തിയുമായോ, വ്യക്തികളുമായോ നടത്തുന്ന ലൈംഗികബന്ധത്തിലൂടെയാണ് – യോനീസ്രവത്തിലൂടെയും വദനസുരതത്തിലൂടെയും ഗുദഭോഗത്തിലൂടെയുമാണ് രോഗം പകരുന്ന സര്‍വ്വസാധാരണ വഴികള്‍. ലൈംഗികപങ്കാളികളുടെ എണ്ണം കൂടുന്തോറും രോഗം പകര്‍ന്നുകിട്ടാനുള്ള സാധ്യതയും കൂടും എന്നത് സാമാന്യതത്വമാണല്ലോ. ‘ഉറകള്‍’ ഉപയോഗിക്കുന്നതും വായ്ക്കുള്ളിലും യോനിക്കകത്തും ഉപയോഗപ്പെടുത്താവുന്ന രോഗപ്രതിരോധ സംവിധാനങ്ങളും ഒരു പരിധി വരെ രോഗസംക്രമണം തടയുന്നതിന് സഹായിച്ചേക്കാം. എന്നാല്‍ അവയൊന്നും കുറ്റമറ്റ പ്രതിരോധമാര്ഗ്ഗങ്ങളല്ല.
നൂറു ശതമാനം സുരക്ഷ ഉറപ്പു തരുന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളൂ – ദാമ്പത്യവിശ്വസ്തത – ആണായാലും പെണ്ണായാലും (Marital Fidelity).
ഡോ. ജോയ് ഫ്രാൻസിസ്
(തുടരും …)




