91-ാം സങ്കീര്‍ത്തനം ചൊല്ലി, ക്യാന്‍സര്‍ പിടിയയച്ചു: പ്രശസ്ത ഗായികയുടെ സാക്ഷ്യം

    ചില രോഗങ്ങള്‍, അത് മനുഷ്യന്റെ ശരീരത്തെ മാത്രമല്ല മനസ്സിന്റെ ധൈര്യത്തെ കൂടി ഇല്ലാതാക്കും. ക്യാന്‍സര്‍ പോലെയുള്ള വലിയ രോഗങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍, ക്യാന്‍സറിന്റെ അവസ്ഥകളെയും വേദനകളെയും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് അതിജീവിക്കുകയും അത്ഭുതകരമായ മാറ്റത്തിലേയ്ക്ക് എത്തുകയും ചെയ്ത വ്യക്തിയാണ് ഡാര്‍ലിന്‍ ഷേച്ച്. ഇവരുടെ വിശ്വാസജീവിതം നമുക്കും ഒരു മാതൃകയാക്കാം.

    സംഗീതത്തിലൂടെ ദൈവത്തിനായി…

    സംഗീതം. ജീവിതം മുഴുവന്‍ അതായിരുന്നു ഡാര്‍ലിന്. ചെറുപ്രായത്തില്‍ തന്നെ സംഗീതപരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചുമിടുക്കി. ആ ബാലികയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും സംഗീതലോകത്തില്‍ പ്രശസ്തിയുടെ ഓരോ പടവുകള്‍ കയറുകയായിരുന്നു. അങ്ങനെ ലോകത്തിലെ അറിയപ്പെടുന്ന ഗായികയായി അവള്‍ മാറി. പ്രശസ്തിയുടെ ചിറകിലേറി പറക്കുമ്പോഴും ആ സംഗീതജീവിതം ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി മാത്രമാണ് അവള്‍ ഉപയോഗിച്ചിരുന്നത്.

    ഗായികയില്‍ നിന്ന് സംഗീതരചനയിലേയ്ക്ക് തിരിഞ്ഞ ഡാര്‍ലിന്‍, നിരവധി ആരാധനാഗീതങ്ങളും ആല്‍ബങ്ങളുമാണ് ലോകത്തിനു സമ്മാനിച്ചത്. അങ്ങനെ സംഗീതത്തിന്റെ ചിറകിലേറി പറക്കുമ്പോഴാണ് ജീവിതത്തില്‍ ഇരുള്‍പടര്‍ത്തി ആ രോഗം കയറിവരുന്നത്.

    മരുന്നും വചനവും

    പരിശോധനകള്‍ക്കൊടുവില്‍ രോഗം സ്ഥിരീകരിച്ചു – സ്തനാര്‍ബുദം. അവസാനഘട്ടമാണ്. ഇനിയൊന്നും ചെയ്യാനില്ല. എങ്കിലും പരിശ്രമിക്കാം. ആശുപത്രിക്കാര്‍ അത്രമാത്രമാണ് പറഞ്ഞത്. ആദ്യം ഒന്ന് പകച്ചുവെങ്കിലും തളര്‍ന്നു പോകുവാന്‍ സമയം കൊടുത്തില്ല. ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ചുകൊണ്ട് ഡാര്‍ലിന്‍ മുന്നോട്ടുനീങ്ങി. മരിച്ചുപോകും എന്നുവരെ കരുതിയ നിമിഷങ്ങള്‍. അപ്പോഴും പ്രതീക്ഷ ദൈവത്തിലും അവിടുത്തെ വചനത്തിലും മാത്രമായിരുന്നു. അങ്ങനെ ചികിത്സയുമായി മുന്നോട്ടുപോകുവാന്‍ തുടങ്ങുമ്പോഴാണ് ഒരു ശീലം കൂടി ഡാര്‍ലിന്‍ തുടങ്ങുന്നത്.

    മരുന്നിനൊപ്പം വേറെ ഒരു മരുന്നുപോലെ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ആവര്‍ത്തിച്ചു ചൊല്ലി പ്രാര്‍ത്ഥിച്ചു തുടങ്ങി. വേദനയുടെ കാഠിന്യത്തിലും തളര്‍ച്ചയിലും ഒരിക്കല്‍പ്പോലും ആ സങ്കീര്‍ത്തനഭാഗം ചൊല്ലാതിരുന്നില്ല. എല്ലാ ദിവസവും ആവര്‍ത്തിച്ചു ചൊല്ലി. ‘ഞാന്‍ ദിവസവും മരുന്നും വചനവും കഴിച്ചു’ എന്നാണ് ഡാര്‍ലിന്‍ തന്റെ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞത്. ഓരോ ദിവസവും വചനം ചൊല്ലുന്നതിലൂടെ മൂര്‍ഛിച്ചു നിന്നിരുന്ന രോഗം പതിയെ തലതാഴ്ത്തി തുടങ്ങി. രോഗശാന്തിയിലേയ്ക്കു പതിയെ നടന്നുതുടങ്ങി. രോഗശാന്തി എന്ന പദം ആദ്യം വൈദ്യശാസ്ത്രം ഉപയോഗിച്ചിരുന്നില്ല. പകരം ഭേദപ്പെട്ടു എന്ന് അവര്‍ പറയുമ്പോഴും ഇനി രക്ഷയില്ല എന്ന് അവര്‍ വിധിച്ച താന്‍, ഇന്ന് ജീവിച്ചിരിക്കുന്നത് വചനത്തിലൂടെ ദൈവം ചൊരിഞ്ഞ അത്ഭുതരോഗശാന്തിയിലൂടെ ആണെന്ന് ഡാര്‍ലിന്‍ ഉറച്ചു വിശ്വസിച്ചു.

    2014 ൽ ക്യാൻസർ രോഗത്തിന്റെ ആക്രമണത്തിൽ നിന്ന് ഇവർ രക്ഷപെട്ടതായും അത്ഭുതകരമായ രോഗശാന്തിയാണ് ഇവരിൽ സംഭവിച്ചതെന്നും വൈദ്യശാസ്ത്രം സ്ഥിതീകരണം നൽകി.