മതാന്തര സംവാദത്തിനായുള്ള കൗണ്‍സിലിന് ശ്രീലങ്കന്‍ സെക്രട്ടറി

മോണ്‍സീ‍ഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നേയെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. ജൂലൈ 3-ാം തീയതി ബുധനാഴ്ചയാണ് പാപ്പായുടെ നിയമനം വത്തിക്കാന്‍ പുറത്തുവിട്ടത്. 53 വയസ്സുകാരന്‍ മോണ്‍സീഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നേ, വത്തിക്കാന്‍റെ അതേ ഓഫീസില്‍ ഉപകാര്യദര്‍ശിയായി ജോലിചെയ്യവെയാണ് ഫ്രാന്‍സിസ് പാപ്പാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു ബുദ്ധമതക്കാരിയുടെയും ശ്രീലങ്കന്‍ സ്വദേശിയായ പിതാവിന്‍റെയും പുത്രനായി 1966-ല്‍ ജനിച്ച മോണ്‍. ഇന്ദുനീല്‍ ജനകരത്നേ, ക്യാന്‍ഡിക്ക് ബദൂള്ള രൂപതാംഗമാണ്. 2000-മാണ്ടില്‍ പൗരോഹിത്യം സ്വീകരിച്ചതില്‍ പിന്നെ റോമില്‍ വന്ന് ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ മിസ്സിയോളജിയില്‍ ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. തുടർന്ന് അവിടെത്തന്നെ മിസ്സിയോളജിയുടെ അധ്യാപകനായി ജോലിചെയ്യവെ, 2012-ല്‍ മുന്‍ പാപ്പാ ബെനഡിക്ട് 16-ാമനാണ് ഡോക്ടര്‍ ഇന്ദുനീലിനെ മതാന്തര സംവാദങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപകാര്യദര്‍ശിയായി നിയോഗിച്ചത്.

ഇതര മതങ്ങളുമായി സംവാദം വളര്‍ത്തുന്നതിന് 1964-ലെ പെന്തക്കുസ്താ നാളില്‍ വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ചതാണ് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍.