പത്രോസ് ശ്ലീഹാ കുർബാന അർപ്പിച്ച തുർക്കിയിലെ ദേവാലയം 

  ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ട സ്ഥലമാണ് അന്ത്യോക്യാ എന്ന് അപ്പസ്തോല പ്രവർത്തനത്തിൽ വെളിപ്പെടുത്തുന്നു. അന്ത്യോക്യയിലെ സഭ സ്ഥാപിച്ചത് പത്രോസ് ശ്ലീഹായാണെന്നും വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ക്രൈസ്തവസമൂഹത്തിറെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ തന്നെയാണ് പത്രോസ് ശ്ലീഹാ വിശുദ്ധ കുർബാന അർപ്പിച്ച ദേവാലയം സ്ഥിതി ചെയ്യുന്നത്.

  പത്രോസിന്റെ ഗ്രോട്ടോ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ ദേവാലയം, പണ്ട് ഒരു ഗുഹയായിരുന്നു. ഈ ഗുഹയിലാണ് പത്രോസ് അന്ത്യോക്യയിലെ വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. ഈ ഗുഹാദേവാലയം ആയിരുന്നു ആദിമസഭയിലെ ആദ്യ ആരാധനാലയം എന്ന സൂചനയിലേയ്ക്കാണ് ഇത് വെളിച്ചം വീശുന്നത്.

  സ്റ്റാരിയസ് പർവ്വതത്തിന്റെ ചരിവുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഈ ഗുഹയ്ക്ക് പതിമൂന്ന് മീറ്റർ ആഴവും തറയിൽ നിന്ന് സീലിംഗ് വരെ ഏഴു മീറ്റർ ഉയരവുമുണ്ട്. പർവ്വതത്തിൽ തുറന്നു നിർമ്മിച്ച ഗുഹയുടെ അവശിഷ്ടങ്ങളാണ് ഇന്ന് നമുക്ക് അവിടെ കാണാൻ സാധിക്കുക. ഇവ ഏതാണ്ട് നാലോ അഞ്ചോ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നാണ് ചരിത്രകാരന്മാർ വെളിപ്പെടുത്തുന്നത്.

  ഇതുകൂടാതെ, മൊസൈക് തറയും പഴയകാല ചുവർചിത്രങ്ങളും അൾത്താരയുടെ വലതു ഭാഗത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകൾക്കു മുമ്പ് ഈ ഗുഹയ്ക്കു അടുത്തായി ഒരു അത്ഭുത നീരുറവ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ നീരുറവയിൽ നിന്നാണ് അന്ന് ജ്ഞാനസ്നാനം നൽകുന്നതിനാവശ്യമായ ജലം ശേഖരിച്ചിരുന്നത്. എന്നാൽ, അടുത്തടുത്തായി ഉണ്ടായ ഭൂകമ്പത്തിൽ ഈ നീരുറവ ഇല്ലാതായി.

  പലതരത്തിൽ നശിപ്പിക്കപ്പെട്ട ഈ ദേവാലയം 1863-ൽ കപ്പൂച്ചിൻ സന്യാസികൾ ഏറ്റെടുക്കയും പോൾ ആറാമൻ പാപ്പായുടെ നിർദ്ദേശപ്രകാരം നവീകരിക്കുകയും ചെയ്തു. ഇന്ന് ഈ ദേവാലയം ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെട്ടു വരുന്നു.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.