തെക്കേ അമേരിക്കയിലെ വൈദികരുടെ കുറവ്; വിവാഹിതരെയും പുരോഹിതരാക്കാന്‍ കത്തോലിക്കാ സഭ

വിവാഹിതരായ പുരുഷന്മാരെയും പുരോഹിതരാക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് വിശാലമായ ആമസോണ്‍ മേഖലയിലെ കത്തോലിക്കാസഭാ നേതാക്കള്‍. ആമസോണ്‍ സഭയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോപ്പ് ഫ്രാന്‍സിസ് ഒക്ടോബറില്‍ വിളിച്ചുകൂട്ടുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യും.

ആമസോണ്‍ മേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍, കത്തോലിക്കാ സഭ പുരോഹിതരുടെ ക്ഷാമം നേരിടുകയാണ്. അതോടൊപ്പം തന്നെയാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും. അവരുടെ മിനിസ്റ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് വിവാഹിതരാണ്. പുരോഹിതരുടെ വിവാഹപ്രശ്‌നത്തില്‍ ‘വാതിലുകള്‍ തുറന്നുകിടക്കുകയാണ്’ എന്ന നയമാണ് പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ചിട്ടുള്ളത്.

പുരോഹിതര്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ജനങ്ങളെ സന്ദര്‍ശിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയുന്നുള്ളൂ. അത്രയ്ക്കും കടുത്തതാണ് ആമസോണ്‍ മേഖലയില്‍ പുരോഹിതക്ഷാമം. ലോകമൊട്ടാകെ തന്നെ കത്തോലിക്കാസഭയ്ക്ക് പുരോഹിതരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 6 മുതല്‍ 24 വരെ ബ്രസീല്‍, ബൊളീവിയ, പെറു, ഇക്വഡോര്‍, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം എന്നിവിടങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാക്കിയ രേഖയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സിനഡിലെ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിലും അംഗീകാരം ലഭിച്ചാല്‍ മാത്രമേ മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടൂ.

വിവാഹജീവിതത്തിലേയ്ക്ക് കടന്ന പ്രായമായ, മാതൃകാപരമായ ജീവിതം നയിക്കുന്ന, പ്രായപൂര്‍ത്തിയായ മക്കളുള്ളവരെയാണ് വൈദികവൃത്തിയിലേയ്ക്ക് പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.