ഈസ്റ്റർ തിങ്കളാഴ്ച ‘ഏഞ്ചൽ മണ്ടേ’ ആയി ആചരിക്കാൻ കത്തോലിക്കാ സഭ

ഈസ്റ്ററിന്റെ ദിവസത്തിന്റെ അടുത്ത തിങ്കളാഴ്ച ‘ഏഞ്ചൽ മണ്ടേ’ (Angel Monday) ആയി ഇനി മുതൽ ആചരിക്കുന്നു. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും പല രാജ്യങ്ങളിൽ ‘ലിറ്റിൽ ഈസ്റ്റർ’ എന്നും ഈ ദിവസം അറിയപ്പെടുന്നു. 1994 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് വത്തിക്കാൻ റേഡിയോയിലൂടെ ആദ്യമായി ‘ഏഞ്ചൽ മണ്ടേ’ എന്ന ആശയത്തിന് വിശദീകരണം നൽകിയത്.

ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് കല്ലറയുടെ മുൻപിൽ നിന്ന് ദൂതനാണ് വെളിപ്പെടുത്തിയത്. ഒരു സാധാരണ വ്യക്തിക്ക് ഇത് വെളിപ്പെടുത്തുവാൻ ബുദ്ധിമുട്ടാണ്. ക്രിസ്തുവിന്റെ ജനനത്തിലും രക്ഷാകര പദ്ധതിയിലും ദൈവം സന്ദേശ വാഹകരാക്കിയത് ദൂതൻമാരെയാണ്. അതിനാൽ തന്നെ ഉത്ഥാന തിരുനാൾ മുതൽ പെന്തക്കോസ്ത ദിവസം വരെ ദൂതൻ മറിയത്തെ അഭിസംബോധന ചെയ്ത അതെ വാക്യങ്ങളാണ് നാം ‘സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും’ എന്ന പ്രാർത്ഥനയിലൂടെ ചൊല്ലുന്നത്. ഇതൊക്കെയാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ പങ്കുവെച്ച ‘ഏഞ്ചൽ മണ്ടേ’ യുടെ ആചരണത്തിനു പിന്നിലുള്ള ദൈവ ശാസ്ത്രം.

“സ്വർഗ്ഗത്തിലെ ദൂതൻമാർ ഇപ്പോഴും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നു” (മത്തായി 18:10) എന്ന് പറഞ്ഞതിലൂടെ ക്രിസ്തു തന്നെ ദൂതൻമാർക്ക് സാക്ഷ്യം നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ യേശുവിന്റെ ജീവിതത്തോടും സാക്ഷ്യങ്ങളോടും ചേർന്ന് നിൽക്കുന്ന മാലാഖമാരുടെ ദിവസമായി ഈസ്റ്ററിന്റെ അടുത്ത ദിവസം തന്നെ തിരഞ്ഞെടുത്തത് വളരെ അഭികാമ്യമാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.