സ്വർഗ്ഗാരോഹണം: രണ്ട് വാഗ്ദാനങ്ങളുടെ ആഘോഷം

താന്‍ ദൈവപുത്രനാണ് എന്നതിന്റെ പല തെളിവുകളിലൊന്നായിരുന്നു ഈശോയുടെ സ്വർഗ്ഗാരോഹണം. അതാകട്ടെ അവിടുത്തെ രണ്ട് വാഗ്ദാനങ്ങളുടെ ആഘോഷവും. ഒന്ന്, സഭയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും സഹായമായി തന്റെ പരിശുദ്ധാത്മാവിനെ നൽകുമെന്ന വാഗ്ദാനം. രണ്ട്, ക്രിസ്തുവിൽ നമുക്ക് ചെയ്യാൻ സാധ്യമായ കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലും.

വി. പൗലോസ് ശ്ലീഹാ പറയുന്നു: “ഏതുതരത്തിലുള്ള പ്രത്യാശയിലേയ്ക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും വിശുദ്ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ” (എഫേ. 1: 18-19).

“ഇറങ്ങിയവന്‍ തന്നെയാണ്‌, എല്ലാ വസ്‌തുക്കളെയും പൂരിതമാക്കാന്‍ വേണ്ടി എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കുമുപരി ആരോഹണം ചെയ്‌തവനും (എഫേ. 4: 10). ഇതാണ് വലിയ സത്യവും. ഈ സത്യത്തിന് അനുസൃതമായി ജീവിക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമ. കുടുംബത്തിലും ഇടവകയിലും ദേശത്തുമെല്ലാം സ്വർഗ്ഗാരോഹണം ചെയ്ത ഈശോയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിയണം. അങ്ങനെ ചെയ്യാൻ സാധിക്കണമെങ്കിൽ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യണം.

വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട്: ഒരാളെ പ്രവാചകനോ സാക്ഷിയോ ആക്കുന്നത് പരിശുദ്ധാത്മാവാണെന്ന്. ഈശോ എങ്ങനെ നിങ്ങളെ സ്വാധീനിച്ചെന്നും ഈശോയുമായുള്ള അനുഭവങ്ങൾ എപ്രകാരമെന്നും മറ്റുള്ളവരുടെ മുമ്പിൽ ഭയം കൂടാതെ അവതരിപ്പിക്കാനും അവരെ ഇക്കാര്യം ബോധ്യപ്പെടുത്താനും പരിശുദ്ധാത്മാവ് സഹായിക്കും എന്നും പാപ്പാ പറഞ്ഞിരുന്നു.