ചാവറ പിതാവ് കുടുംബ ഭദ്രതയിലൂടെ ലോക ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ചുവെന്ന് മാര്‍ പെരുന്തോട്ടം

മാന്നാനം: കുടുംബജീവിത നവീകരണത്തിനും ചൈതന്യവത്ക്കരണത്തിനും വിശുദ്ധ ചാവറപിതാവ് പ്രാധാന്യം നല്‍കിയെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചാവറ പിതാവ് കുടുംബ ഭദ്രതയിലൂടെ ലോക ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ച പുണ്യാത്മാവാണെന്നും കുടുംബങ്ങള്‍ തിരുക്കുടുംബ ഭക്തിയില്‍ അനുദിനം വളരാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാന്നാനം കെസിസിഎ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് ഇന്നലെ ചാവറ പ്രഘോഷണ റാലി നടന്നു. റാലി മാന്നാനം ആശ്രമം പ്രിയോര്‍ ഫാ.സ്‌കറിയ എതിരേറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഉച്ചകഴിഞ്ഞു ചാവറ കുടുംബ സംഗമം നടന്നു.

ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാ.ജെയിംസ് മുല്ലശേരി, ഫാ, മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ലുക്കാ ചാവറ, ഫാ.ജോണ്‍ ജെ ചാവറ, സിഎംഐ മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുനാളിന്റെ ഏഴാം ദിവസമായ ഇന്നു രാവിലെ 6.15ന് ചങ്ങനാശേരി അതിരൂപത ചാന്‍സലര്‍ ഫാ.ടോം പുത്തന്‍കളത്തില്‍, 11ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും വൈകുന്നേരം 4.30ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടനും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.