ആമസോൺ സിനഡിനെ വി. ഫ്രാൻസിസ് അസ്സീസിക്ക് സമർപ്പിച്ച് പാപ്പാ

വരാനിരിക്കുന്ന ആമസോൺ സിനഡിനെ വി. ഫ്രാൻസിസ് അസ്സീസിയുടെ മാദ്ധ്യസ്ഥ്യത്തിനു സമർപ്പിച്ചു. വെള്ളിയാഴ്ച വത്തിക്കാൻ ഗാർഡനിൽ വളരെ പ്രതീകാത്മകമായി വൃക്ഷത്തൈ നടീൽ ചടങ്ങിനിടെയാണ് ഫ്രാൻസിസ് പാപ്പാ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ സംരക്ഷണത്തിലേയ്ക്ക്, വരാനിരിക്കുന്ന സിനഡിന്റെ സമർപ്പിച്ചത്.

‘സീസൺ ഓഫ് ക്രിയേഷൻ’ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതികളുടെ അവസാനമായാണ് വത്തിക്കാനിൽ വൃക്ഷത്തൈ നടീൽ ചടങ്ങു നടത്തിയത്. ഒക്ടോബർ നാലാം തീയതി വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിവസത്തോട് അനുബന്ധിച്ചാണ് ‘സീസൺ ഓഫ് ക്രിയേഷൻ’ അവസാനിച്ചത്. അതിനാൽ തന്നെ, അന്നേ ദിവസം വരാനിരിക്കുന്ന സിനഡിനെ വിശുദ്ധന്റെ സംരക്ഷണയിലേയ്ക്ക് പാപ്പാ ഭരമേല്പിക്കുകയായിരുന്നു.

പ്രതീകാത്മകമായ ഒരു ചടങ്ങായിരുന്നു വൃക്ഷത്തൈ നടീൽ. അസ്സീസിയിൽ നിന്ന് എത്തിച്ച ഓക്ക് വൃക്ഷത്തിന്റെ തൈ, ആമസോണിൽ നിന്നെത്തിച്ച മണ്ണ് ചേർത്താണ് നട്ടുവച്ചത്. പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായ സ്ഥലങ്ങളെയും പല സംസ്കാരങ്ങളെയും ജന്മനാട് വിട്ടലയുന്ന അഭയാർത്ഥികളെയും ഒക്കെ സൂചിപ്പിച്ചുകൊണ്ടാണ് ഓക്ക് മരവും ആമസോണിൽ നിന്നുള്ള മണ്ണും ഈ ചടങ്ങിൽ ഉപയോഗിച്ചത്.

ഒപ്പംതന്നെ, ഈ വർഷം ജോൺപോൾ രണ്ടാമൻ പാപ്പാ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി വി. ഫ്രാൻസിസ് അസ്സീസിയെ പ്രഖ്യാപിച്ചതിന്റെ നാല്പതാം വാർഷിക വർഷവുമാണ്. ഈ സന്ദർഭത്തിൽ തന്നെയാണ് പ്രകൃതിസംരക്ഷണത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചർച്ച ചെയ്യാൻ സിനഡ് കൂടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.