ജപമാല പതിവായി ചൊല്ലാന്‍ തുടങ്ങുമ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍

ജപമാല അത്ഭുതകരമായ ഒരു പ്രാര്‍ത്ഥനയാണ്. പരിശുദ്ധ അമ്മയുടെ ഈശോയിലേയ്ക്കുള്ള ഒരു തീര്‍ത്ഥയാത്രയാണത്. അനുദിനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങളാണ് ലഭിക്കുക. എല്ലാവിധ അപകടങ്ങളില്‍ നിന്നും ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്നവരെ മാതാവ് സംരക്ഷിക്കും.

ഇനി ജപമാല ചൊല്ലുന്നത് ഒരു ബുദ്ധിമുട്ടോ പ്രയാസമോ ഉള്ള കാര്യമായി കരുതുന്നവരാണോ നിങ്ങള്‍. എങ്കില്‍ ജപമാല പതിവായി ചൊല്ലുന്ന ഒരാളുടെ ജീവിതത്തില്‍ വരുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് വായിക്കാം.

1. സ്വാര്‍ത്ഥത അകലും

ജപമാല പതിവായി ചൊല്ലുന്നവരില്‍ നിന്നും സ്വാര്‍ത്ഥത, ഞാന്‍ എന്ന വിചാരം മുതലായവ അകന്നുപോകും. മറ്റുള്ളവരെക്കൂടെ പരിഗണിക്കുന്ന തരത്തില്‍ ലാളിത്യമാര്‍ന്ന ഒരു ഹൃദയത്തിന് ഉടമകളായി മാറും അവര്‍. അത് ഒരാള്‍ എത്ര കഠിനമായ ഹൃദയമുള്ള വ്യക്തിയായിരുന്നാലും ഓരോ ദിവസം കഴിയുന്തോറും  ജപമാലയിലൂടെ നിസ്വാര്‍ത്ഥരായി മാറും.

2. അടുക്കും ചിട്ടയും നിറയും

ജപമാല പതിവായി ചൊല്ലുന്നവരില്‍ ഒരു പ്രത്യേക അടുക്കും ചിട്ടയും രൂപപ്പെടുന്നു. അലങ്കോലമായും വലിച്ചുവാരിയിടുന്ന ശീലവും പതിയെ മാറുന്നു. ശരിയായ ജീവിതശൈലിയിലേക്ക് ഇവര്‍ കടന്നുവരുന്നു. അത് അവരുടെ ഉള്ളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. ജപമാല പ്രാര്‍ത്ഥനയിലൂടെ ഒരാളുടെ ഉള്ളിലെ പാപത്തിന്റെ കെട്ടുകള്‍ പൊട്ടുകയും പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.

3. ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നു

ജപമാല പതിവായി ചൊല്ലി മാതാവിന്റെ മാദ്ധ്യസ്ഥത്തിന് തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവരില്‍ മാതാവ് പലതരത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. അതുവരെ തെറ്റാണെന്ന് തോന്നിയിരുന്ന പല കാര്യങ്ങളെയും സ്വീകരിക്കുവാനും ശരിയാണ് എന്നുകരുതി തുടര്‍ന്നിരുന്ന പാപവഴികളെ ഉപേക്ഷിക്കുവാനുമുള്ള പ്രേരണ മാതാവ് നല്‍കുന്നു. ഒപ്പം നല്ല ഒരു ആത്മീയജീവിതം നയിക്കുവാനുള്ള സാദ്ധ്യതകള്‍ തുറന്നു നല്‍കുകയും ചെയ്യുന്നു.

4. കൂടുതല്‍ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം നല്‍കുവാന്‍ സാധിക്കുന്നു

ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭയം നമ്മെ വിട്ടുപോകുന്നു. നാം കൂടുതല്‍ ധൈര്യവാന്മാരാവുകയും നമ്മുടെ വിശ്വാസത്തിന് യോജിക്കാത്ത കാര്യങ്ങളോട് നോ പറയുവാന്‍ നമ്മെ ശക്തരാക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവരാകയാല്‍ നമുക്ക് ആത്മീയമായ പ്രലോഭനങ്ങളും ഭൗതികമായ ശത്രുക്കളും ഉണ്ടാകാം. പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ അതിനെ നേരിടുവാനും നമ്മുടെ ആത്മാവിനെ ബാധിക്കുന്ന തിന്മകളെ എതിര്‍ത്തു തോല്‍പ്പിക്കുവാനും ജപമാല ശക്തിപ്പെടുത്തുന്നു.

5. ദിവസം മുഴുവനും ശാന്തമാക്കുന്നു

പലവിധത്തിലുള്ള ആകുലതകളുടെയും വേദനകളുടെയും നടുവിലാണ് നാം. എങ്കിലും അനുദിനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരാണെങ്കില്‍ ഏതൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അവിടെയൊക്കെ ദൈവത്തില്‍ ഉറച്ചുനില്‍ക്കുവാനും ആ ദിവസങ്ങളെ ശാന്തമായ മനസോടെ നേരിടുവാനും കഴിയും. ദൈവത്തില്‍ ആശ്രയം കണ്ടെത്തുവാന്‍, ആ ദൈവം എല്ലാ പ്രതിസന്ധികളിലും നമുക്കൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തിലേയ്ക്ക് നയിക്കുവാനും ജപമാല പ്രാര്‍ത്ഥനയ്ക്ക് കഴിയും.

6. മുന്നറിയിപ്പ് ലഭിക്കും

ജപമാല പ്രാര്‍ത്ഥന അനുദിനം ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്ക് ഒരു പാപത്തിലേയ്ക്ക് വീഴുന്നതിനു മുമ്പ് അതില്‍നിന്ന് പിന്തിരിയുവാനുള്ള മുന്നറിയിപ്പ് മാതാവ് നല്‍കും. തെറ്റായ സാഹചര്യത്തില്‍ നിന്നും കൂട്ടുകെട്ടുകളില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ ഈ മുന്നറിയിപ്പ് അവരെ സഹായിക്കും.

7. സുഖമായി ഉറങ്ങുവാന്‍ കഴിയും

പലപ്പോഴും ആളുകളുടെ ഒരു പ്രധാന പ്രശ്‌നമാണ് ഉറങ്ങാന്‍ കഴിയുന്നില്ല എന്നത്. ജപമാല പ്രാര്‍ത്ഥിച്ചു കിടക്കുന്ന ഒരാളില്‍ നിന്നും അനാവശ്യമായ ആകുലതകളും ഭയങ്ങളും മാതാവ് എടുത്തുമാറ്റുന്നു. പകരം നാളെയെ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊണ്ട് കിടന്നുറങ്ങുവാന്‍ ഈ പ്രാര്‍ത്ഥന സഹായിക്കുന്നു.