സീറോ മലങ്കര മെയ് 11 ലൂക്കാ 12: 54-59 കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയുവിൻ

പാലസ്തീനായിൽ കണ്ടുവരുന്ന ചില പ്രകൃതിലക്ഷണങ്ങൾ കൃത്യമായി വിവേചിച്ചറിയുകയും അതിന്റെ പരിണിതഫലം എന്തെന്ന് തെറ്റു കൂടാതെ പ്രവചിക്കാനും കഴിയുന്നവരാണ് തന്നെ ഇപ്പോൾ കേൾക്കുന്ന ജനം എന്ന് യേശു പറയുന്നു. ജലാംശമുള്ള വടക്കൻ കാറ്റ് മെഡിറ്ററേനിയൻ ഭാഗത്തുനിന്നും മഴ കൊണ്ടുവരുന്നു (1 രാജാ. 18:44-45). അതുപോലെ, നെഗേവ് മരുഭൂമിയിൽ നിന്നും വരുന്ന കിഴക്കൻകാറ്റ് ചൂടുള്ള കാലാവസ്ഥയും. ഇതൊക്ക അവർക്ക് കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുവെങ്കിലും അതിനേക്കാൾ വലിയ അടയാളങ്ങൾ അവരുടെ മുമ്പിൽ ദൈവം കാട്ടിക്കൊടുത്തിട്ടും അതിനു പിന്നിലുള്ള ദൈവീകശക്തിയെ അവർ തിരിച്ചറിയുന്നില്ല.

ഇവിടെ ഒന്ന് അറിയുകയും മറ്റൊന്ന് അവർ അറിയില്ലെന്നു നടിക്കുകയും ചെയ്യുകയാണെന്ന് യേശു ചിന്തിക്കുന്നതുകൊണ്ടാണ് അവരെ “കപടനാട്യക്കാർ” എന്ന് അഭിസംബോധന ചെയ്യുന്നത്. ഈ വാക്കിന്റെ അർഥം നേരത്തെ നമ്മൾ വിചിന്തനവിധേയമാക്കിയതാണ്. ഗ്രീക്ക് നാടകങ്ങളിൽ അരങ്ങിൽ വന്ന് യഥാർഥ  വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റൊരാളാണെന്ന രീതിയിൽ അഭിനയിച്ചിരുന്നവരെയാണ് കപടനാട്യക്കാർ എന്നു വിളിച്ചിരുന്നത്. ഇവിടെ “കപടനാട്യക്കാരായ” ഫരിസേയന്മാരാൽ തെറ്റായി നയിക്കപ്പെടുന്നതിനാലാണ് ജനങ്ങളെയും അക്കൂട്ടത്തിൽ യേശു ഉൾപ്പെടുത്തുന്നത്. ദൈവത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് വികലമായ ധാരണ പകർന്നു നല്കപ്പെട്ടിരിക്കുന്നതിനാൽ കണ്മുമ്പിൽ ദൈവം കാട്ടിക്കൊടുത്തിരിക്കുന്ന അടയാളങ്ങൾ കാണാൻ കഴിവില്ലാത്തവരാണിവർ. യേശു നേരത്തെ ഫരിസേയരുടെ “കപടനാട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ” (12:1) എന്ന് ശിഷ്യന്മാർക്കുപോലും മുന്നറിയിപ്പ് നൽകിയിരുന്നു.

യേശുവിലൂടെ അവർക്ക് പ്രാപ്യമായിരിക്കുന്ന രക്ഷ അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ട് തിരിച്ചറിയുക. അവസാനം ദൈവീകന്യായാസനത്തിങ്കൽ നിൽക്കുമ്പോൾ അവിടുത്തെ വിധി അന്തിമമായിരിക്കും. പാപമാകുന്ന കടം ഇളച്ചുകിട്ടുന്ന രക്ഷയുടെ പ്രത്യക ജൂബിലിവർഷം യേശുവിന്റെ വരവോടെ ആരംഭിച്ചതാണ് (ലൂക്കാ 4:18-19). മാനസാന്തരം എന്ന ഒരേയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എല്ലാം ഇളച്ചുകിട്ടിയിരിക്കുന്നത്. യേശു അത് വിവരിക്കുന്നതിന് റോമൻ കൊടുക്കൽ-വാങ്ങൽ വ്യവസ്ഥയിൽ നിന്ന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു. റോമൻ ന്യായാസനത്തിൻ മുമ്പിൽ വിധി പ്രഖാപിച്ചുകഴിഞ്ഞാൽ അത് അംഗീകരിക്കുകയേ വഴിയുള്ളൂ. എന്നാൽ, പോകുന്ന വഴിക്കു തന്നെ ആരോട് കടപ്പെട്ടിരിക്കുന്നുവോ അവനുമായി സംസാരിച്ച് ഇളവുകൾ നേടിയെടുക്കാൻ പരിശ്രമിക്കുന്നതാണ് ബുദ്ധി. യേശുവിലൂടെ നമുക്ക് കൈവന്ന പാപമോചനവും രക്ഷയും സ്വായത്തമാക്കി ദൈവതിരുമുമ്പാകെ നിൽക്കുവാനുള്ള ഭാഗ്യത്തിനായി നമുക്ക് പ്രാർഥിക്കാം. ഇപ്പോൾ തന്നെ മാനസാന്തരപ്പെട്ട് നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യജീവൻ നഷ്ടപ്പെടുത്താതിരിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.